മലപ്പുറം: മലപ്പുറത്ത് സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി.റാഗിംങിനിടെയാണ് മർദനം. സംഭവത്തിൽ വിദ്യാർത്ഥി പരാതി നൽകിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആരോപണം.
ഈ മാസം 18നാണ് വിദ്യാർത്ഥിക്ക് മർദനമേറ്റത്.കിഴിശ്ശേരി മുണ്ടംപറമ്പിലെ റീജനൽ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി കെ മുഹമ്മദ് നിഹാൽ (20) എന്ന വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഇതേ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് നിഹാലിനെ ക്രൂരമായി മർദിച്ചത്.
വൈകീട്ട് കോളേജ് വിട്ട് വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന നിഹാലിനെ സീനിയർ വിദ്യാർത്ഥികൾ മുണ്ടംപ്പറമ്പ് അങ്ങാടിയിൽ വെച്ച് തടഞ്ഞ് വെക്കുകയായിരുന്നു.പിന്നാലെ ചാവി കൊണ്ട് മുഖത്തും തലക്കും കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു.
മർദ്ദനത്തിൽ വിദ്യാർഥിയുടെ തലപൊട്ടി നാല് തുന്നലുണ്ട്. സംഭവത്തെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള റിപ്പോർട്ട് കിട്ടിയതിനു ശേഷം മാത്രമെ തുടർ നടപടികൾ സ്വീകരിക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്.