ഉന്നത വിദ്യാഭ്യാസം നേടി പ്രശസ്തമായ സ്ഥാപനങ്ങളിൽ മക്കൾ തൊഴിൽ നേടണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടാകുമോ? എന്നാൽ അത്തരത്തിൽ ആഗോള തലത്തിൽ നാലാം സ്ഥാനത്തുള്ള സ്ഥാപനത്തിൽ ജോലി നേടിയതിന് പിന്നാലെ മകളെ നഷ്ടപ്പെട്ട അമ്മയുടെ വികാര നിർഭരമായ കത്താണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.
ഏർണസ്റ്റ് ആന്റ് യംഗ് എന്ന ഇവൈയിൽ ജോലി നേടിയതിന് പിന്നാലെ കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് മരണത്തിലേക്ക് കാൽ വഴുതി വീണ കൊച്ചി സ്വദേശിനിയായ അന്ന സെബാസ്റ്റ്യൻ്റെ മാതാവിന്റെ കത്താണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.
കമ്പനി ചെയർമാൻ രാജീവ് മെമാനിക്ക് അന്ന സെബാസ്റ്റ്യന്റെ മാതാവ് അനിത അഗസ്റ്റിൻ മകൾ അനുഭവിച്ചിരുന്ന മാനസിക സമ്മർദ്ദത്തെ കുറിച്ച് തുറന്നെഴുതിയ കത്താണ് ചർച്ചയാകുന്നത്. മാനസികമായി തകർന്നിരിക്കുന്ന തങ്ങൾ ഈ കത്തെഴുതുന്നത് മറ്റൊരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണെന്ന് അനിത കത്തിന്റെ തുടക്കത്തിൽ പറയുന്നു.
കത്തിന്റെ പൂർണരൂപം;
അന്ന സെബാസ്റ്റ്യൻ പേരയിൽ എന്ന എന്റെ വിലപ്പെട്ട കുഞ്ഞിനെ നഷ്ടപ്പെട്ട വേദനിക്കുന്ന അമ്മ എന്ന നിലയിലാണ് ഞാൻ ഈ കത്ത് എഴുതുന്നത്. ഈ വാക്കുകൾ എഴുതുമ്പോൾ എന്റെ ഹൃദയഭാരം വളരെ വലുതാണ്, എന്റെ ആത്മാവ് തന്നെ തകർന്നുതരിപ്പണമായിരിക്കുന്നു. പക്ഷേ ഈ വാക്കുകൾ എഴുതേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ഈ വേദന മറ്റൊരു കുടുംബത്തിനും ഇനി ഉണ്ടാവരുത്. അതിന് ഞങ്ങളുടെ കഥ പങ്കിടേണ്ടത് ആവശ്യമാണ്
നവംബർ 23-ന് സിഎ പരീക്ഷ പാസായ അന്ന, 2024 മാർച്ച് 19-ന് ഇവൈ പൂനെയിൽ എക്‌സിക്യൂട്ടീവ് ആയി ജോലിക്ക് ചേർന്നു. അവൾ അവളുടെ ജീവിതത്തിന്റെ ഏറ്റവും സന്തോഷം നിറഞ്ഞ കാലത്തായിരുന്നു. സ്വപ്‌നങ്ങൾ നിറഞ്ഞ ഒരു ജീവതവും ഭാവിയിലേക്ക് നോക്കിയുള്ള പ്രതീക്ഷയുടെ ആവേശവും അവളുടെ ദൈനംദിന ജീവത്തിൽ അതുവരെ നിറഞ്ഞു നിന്നുരുന്നു. ഇ വൈ ആയിരുന്നു അവളുടെ ആദ്യ ജോലി ഇടം, ഒപ്പം അത്തരമൊരു അഭിമാനകരമായ കമ്പനിയുടെ ഭാഗമാകുന്നതിന്റെ ത്രില്ലായിരുന്നു അവൾ. എന്നാൽ നാല് മാസങ്ങൾക്ക് ശേഷം, 2024 ജൂലൈ 20ന്, അന്ന മരിച്ചു എന്ന വാർത്തയാണ് ഞങ്ങളെ തേടിയെത്തിയത്.
അന്ന എപ്പോഴും ഒരു പോരാളിയായിരുന്നു, കുട്ടിക്കാലം മുതൽ അവളുടെ അക്കാദമിക് വർഷങ്ങളിലെല്ലാം അവൾ ചെയ്തതിലെല്ലാംഅവൾ മികവ് പുലർത്തി. അവൾ ഒരു സ്‌കൂൾ ടോപ്പറും കോളേജ് ടോപ്പറും ആയിരുന്നു, പാഠ്യേതര വിഷയങ്ങളിലെല്ലാം മികവ് പുലർത്തിയ വിദ്യാർത്ഥിനിയായിരുന്നു. അവളുടെ സിഎ പരീക്ഷകളിൽ ഡിസ്റ്റിങ്ഷനോടെ മികച്ച വിജയം നേടി.
അവളുടെ എല്ലാം നൽകിക്കൊണ്ട് അവൾ ഇവൈയിൽ വിശ്രമമില്ലാതെ ജോലി ചെയ്തു. അവളുടെ മേൽ നിക്ഷിപ്തമായ എല്ലാ ചുമതലകളും പ്രതീക്ഷക്കപ്പുറം നിറവേറ്റാൻ ശ്രമിച്ചു. എന്നിരുന്നാലും, ജോലിഭാരവും, പുതിയ അന്തരീക്ഷവും, നീണ്ട മണിക്കൂറുകളിലെ ജോലിയും ശാരീരികമായും വൈകാരികമായും മാനസികമായും അവളെ ബാധിച്ചു. അവൾ ഉത്കണ്ഠ പ്രശ്‌നങ്ങൾ അനുഭവിക്കാൻ തുടങ്ങി, ഉറക്കമില്ലായ്മ, ജോലിക്ക് ചേർന്ന ഉടനെയുള്ള അമിത സമ്മർദ്ദം എന്നിവ അവളെ തളർത്തി. പക്ഷേ ജോലിയും സ്ഥിരോത്സാഹവും വിജയത്തിന്റെ താക്കോലാണെന്ന് വിശ്വസിച്ച് അത് കഠിനമായി അവൾ സ്വയം മുന്നോട്ട് നീങ്ങാനുള്ള ശ്രമം നടത്തി.
ജൂലായ് 6 ശനിയാഴ്ച, അന്നയുടെ സിഎ കോൺവൊക്കേഷനിൽ പങ്കെടുക്കാൻ ഞാനും ഭർത്താവും പൂനെയിലെത്തി. രാത്രി വൈകി 1 മണിക്ക് പിജിയിൽ എത്തിയപ്പോൾ നെഞ്ചിൽ വല്ലാത്ത മുറുക്കം തോന്നുന്നതായി അവൾ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങൾ അവളെ പൂനെയിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അവളുടെ ഇസിജി നോർമൽ ആയിരുന്നു, ഒപ്പം ഹൃദ്രോഗ വിദഗ്ധൻ ഞങ്ങളുടെ ഭയം അകറ്റി പറഞ്ഞു അവൾക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെന്നും വളരെ വൈകി ഭക്ഷണം കഴിക്കുന്നുവെന്നതും ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നതാണെന്ന്.
അദ്ദേഹം ആന്റാസിഡുകൾ നിർദ്ദേശിച്ചു, ഇത് ഗുരുതരമായ കാര്യമല്ലെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകി. ഞങ്ങൾ കൊച്ചിയിൽ നിന്ന് എത്തിയതാണെങ്കിലും, ഞങ്ങളെ കണ്ടതിന് ശേഷവും ജോലിക്ക് പോകണമെന്ന് അവൾ നിർബന്ധം പിടിച്ചു. ഒരുപാട് ജോലികൾ ചെയ്യാനുണ്ടെന്നും അവൾക്ക് ലീവ് കിട്ടില്ലെന്നും ഡോക്ടറെ കണ്ടതിന് ശേഷം പറഞ്ഞു. ആ രാത്രി, അവൾ
വീണ്ടും വൈകി പിജിയിലേക്ക് മടങ്ങി. അവളുടെ കോൺവൊക്കേഷൻ ദിവസമായ ജൂലൈ 7 ഞായറാഴ്ച, ഞങ്ങളോടൊപ്പം രാവിലെ എത്തി. പക്ഷേ അവൾ അന്നും ഉച്ചവരെ വീട്ടിൽ നിന്ന് ജോലി ചെയ്തു. ഞങ്ങൾ കോൺവൊക്കേഷൻ വേദിയിലെത്തിയത് ഇതേ തുടർന്ന് വൈകി.
എന്റെ മകളുടെ വലിയ സ്വപ്നമായിരുന്നു അവളുടെ മാതാപിതാക്കളെ അവളുടെ കോൺവൊക്കേഷനിലേക്ക് അവൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഉപയോഗിച്ച് കൊണ്ടുപോകുക എന്നത്. അവൾ ഞങ്ങളുടെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തു ഞങ്ങളെ കൊണ്ടുപോയി. ഞങ്ങളുടെ കുട്ടിയുമായി ഞങ്ങൾ അവസാനമായി ചെലവഴിച്ച ആ രണ്ട് ദിവസങ്ങളിൽ പോലും അവൾക്ക് ജോലി സമ്മർദ്ദം കാരണം ഒന്നും ആസ്വദിക്കാൻ കഴിഞ്ഞില്ലെന്ന് നിങ്ങളോട് പറയുമ്പോൾ എന്റെ ഹൃദയം പൊട്ടിപ്പോകുന്നുണ്ട്.
അന്ന ഈ ടീമിൽ ചേർന്നപ്പോൾ നിരവധി ജീവനക്കാർ അമിതമായ ജോലിഭാരം കാരണം രാജിവച്ചതായി അവളോട് പറഞ്ഞിരുന്നു. അവളുടെ ടീം മാനേജർ അവളോട് പറഞ്ഞത് ഇങ്ങനെയാണ്, ‘അന്നാ, നീ ഇവിടെ ഉറച്ചു നിൽക്കണം, ഞങ്ങളുടെ ടീമിനെക്കുറിച്ച് എല്ലാവരുടെയും അഭിപ്രായം മാറ്റണം.’ അവളുടെ ജീവിതം കൊണ്ട് അതിന് വില നൽകേണ്ടി വരുമെന്ന് എന്റെ കുട്ടിക്ക് അന്ന് മനസ്സിലായില്ല.
അവളുടെ മാനേജർ ക്രിക്കറ്റ് മത്സരങ്ങൾക്കനുസരിച്ച് മീറ്റിംഗുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യുകയും ദിവസാവസാനം അവൾക്ക് പുതിയ അസൈൻമെന്റ് നൽകുകയും ചെയ്തത് അവളുടെ സമ്മർദ്ദം വർധിപ്പിച്ചു. ഒരു ഓഫീസ് പാർട്ടിയിൽ, ഒരു മുതിർന്ന മാനേജർ അവളെ പരിഹസിച്ചത് തന്നെ അവളുടെ മാനേജരുടെ കീഴിൽ ജോലി ചെയ്യാൻ വലിയ ബുദ്ധിമുട്ടായിരിക്കും എന്നു പറഞ്ഞായിരുന്നു. നിർഭാഗ്യവശാൽ ആ ക്രൂരയാഥാർത്ഥ്യത്തിൽ നിന്ന് എന്റെ കുട്ടിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.
അമിതമായ ജോലിഭാരത്തെക്കുറിച്ച് അന്ന ഞങ്ങളോട് തുറന്നുപറഞ്ഞു, പ്രത്യേകിച്ച് ഔദ്യോഗിക ജോലിക്ക് അപ്പുറം വാക്കാൽ ഏൽപ്പിച്ച അധിക ജോലികൾ മാനേജർ ചട്ടം കെട്ടുന്നുണ്ടെന്നതടക്കം പറഞ്ഞിരുന്നു. അത്തരം ജോലികൾ ഏറ്റെടുക്കരുതെന്ന് ഞാൻ അവളോട് പറയും, പക്ഷേ മാനേജർമാർ നിഷ്‌കരുണം ആയിരുന്നു പെരുമാറിയിരുന്നത്. വാരാന്ത്യങ്ങളിൽ പോലും അവൾ രാത്രി വൈകി ജോലി ചെയ്തു. ശ്വാസം പോലും വിടാനാകാതെ അധിക സമ്മർദ്ദത്തിൽ പിടഞ്ഞു. അവളുടെ അസിസ്റ്റന്റ് മാനേജർ ഒരിക്കൽ രാത്രിയിൽ ജോലിയുമായി അവളെ വിളിച്ചു പറഞ്ഞത് അടുത്ത രാവിലെ ഇത് പൂർത്തിയാക്കി നൽകണമെന്നാണ്.
അവൾക്ക് വിശ്രമിക്കാനോ ഒന്ന് ഉറങ്ങാനോ പോലും സമയം നൽകാതെ അസൈൻമെന്റുകൾ നൽകി വീർപ്പുമുട്ടിച്ചു. അവൾ എപ്പോഴോ അവളുടെ ആശങ്കകൾ പ്രകടിപ്പിച്ചപ്പോൾ, നിഷേധാത്മകമായ പ്രതികരണമാണ് നേരിട്ടത്. ‘നിങ്ങൾക്ക് രാത്രിയിൽ ജോലി ചെയ്യാം, അതാണ് നമ്മൾ എല്ലാവരും ചെയ്യുന്നത്’
തീർത്തും ക്ഷീണിതയായി അന്ന തന്റെ മുറിയിലേക്ക് മടങ്ങും. ചിലപ്പോൾ അവളുടെ വസ്ത്രങ്ങൾ പോലും മാറ്റാതെ കട്ടിലിൽ വീണു ഉറങ്ങിപ്പോകും. കൂടുതൽ റിപ്പോർട്ടുകൾ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ കൊണ്ട് ഫോൺ നിറയുമ്പോൾ ഉറക്കവും നഷ്ടപ്പെട്ടു.. അവളുടെ പരമാവധി ഓരോ റിപ്പോർട്ടിനുമായി പ്രയത്നങ്ങൾ നടത്തി, സമയപരിധി പാലിക്കാൻ കഠിനമായി പരിശ്രമിച്ചു. അവൾ ഒരു പോരാളിയായിരുന്നു, ഒരിക്കലും വിട്ടുകളയാനോ തളരാനോ തയ്യാറാവാത്ത പോരാളി. ഞങ്ങൾ അവളോട് ജോലി വിടാൻ പറഞ്ഞു, പക്ഷേ അവൾ പുതിയത് പഠിക്കാനും പുതിയത് നേടാനും ആഗ്രഹിച്ചു എന്നിരുന്നാലും, അമിതമായ സമ്മർദ്ദം അവൾക്ക് താങ്ങാനാവാത്തതാണെന്ന് തെളിയിച്ചു.
അന്ന ഒരിക്കലും തന്റെ മാനേജർമാരെ കുറ്റപ്പെടുത്തുമായിരുന്നില്ല. അവൾ വളരെ ദയയുള്ളവളായിരുന്നു. പക്ഷേ, എനിക്ക് നിശബ്ദയായി തുടരാൻ കഴിയില്ല. നവാഗതർക്ക് ഇത്തരം നട്ടെല്ലൊടിക്കുന്ന ജോലികൾ ചുമത്തുക, ഞായറാഴ്ചകളിൽ പോലും വിടാതെ അവരെ രാവും പകലും ജോലി ചെയ്യിപ്പിക്കുക എന്നതിനൊന്നും ഒരു ന്യായീകരണവുമില്ല. അവൾ സ്വന്തം നാടും വീടും സ്‌നേഹിച്ചവരേയും വിട്ട് എത്തിയതായിരുന്നു. അവൾക്ക് എല്ലാം പുതിയതായിരുന്നു – കമ്പനി, സ്ഥലം, ഭാഷ എല്ലാം. അവൾ അങ്ങനെ ജീവിതംക്രമീകരിക്കാൻ വളരെ കഠിനമായി പരിശ്രമിക്കുകയായിരുന്നു. പുതിയ ജീവനക്കാരോട് നിങ്ങൾ കുറച്ച് പരിഗണന കാണിക്കണം. പകരം,അവൾ പുതിയവളാണെന്ന വസ്തുത മാനേജ്‌മെന്റ് മുതലെടുക്കുകയും അസൈൻ ചെയ്തതും അല്ലാത്തതുമായ ജോലി കൊടുത്ത് അവളെ സമ്മർദ്ദത്തിന് കീഴടക്കുകയും ചെയ്യുകയല്ലായിരുന്നു ചെയ്യേണ്ടത്.
വ്യക്തിഗത മാനേജർമാർക്കോ ടീമുകൾക്കോ അപ്പുറമുള്ള വ്യവസ്ഥാപിത പ്രശ്‌നമാണിത്. വിട്ടുവീഴ്ചയില്ലാത്ത യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ നിറവേറ്റുന്നതിനുള്ള ആവശ്യങ്ങളും സമ്മർദ്ദവും ഒന്നും ഒരു നേട്ടവുമുണ്ടാക്കുകയില്ല. അവയ്ക്ക് നൽകേണ്ടി വന്ന വില വളരെയധികം സാധ്യതകളുള്ള ഒരു യുവതിയുടെ ജീവിതം തന്നെയായിരുന്നു.
അന്ന ഒരു യുവ പ്രൊഫഷണലായിരുന്നു, അവളുടെ കരിയർ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളു. അവളുടെ സ്ഥാനത്തുള്ള പലരെയും പോലെ അവൾക്ക് അതിരുകൾ വരയ്ക്കാനോ യുക്തിരഹിതമായ കാര്യങ്ങൾക്കെതിരെ ശബ്ദമുയർത്താനോ ഉള്ള അനുഭവമോ പരിചയമോ ഉണ്ടായിരുന്നില്ല. എങ്ങനെ വേണ്ടെന്ന് പറയണമെന്ന് അവൾക്കറിയില്ലായിരുന്നു. അവൾ പുതിയതായി എത്തിച്ചേർന്ന പരിതസ്ഥിതിയിൽ സ്വയം തെളിയിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, അവൾ അവളുടെ പരിധിക്കപ്പുറത്തേക്ക് അവളെ ഉത്തേജിപ്പിക്കാൻ ശ്രമിച്ചു. അതോടെ ഇപ്പോൾ അവൾ ഞങ്ങളോടൊപ്പം ഇല്ലാത്ത അവസ്ഥയായി.
അവളുടെ ആരോഗ്യവും ക്ഷേമവും മാത്രമാണ് മറ്റെന്തിനെക്കാളും പ്രധാനമെന്ന് അവളോട് പറയാനും എനിക്ക് അവളെ സംരക്ഷിക്കാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു
പക്ഷെ വളരെ വൈകിപ്പോയിരിക്കുന്നു എന്റെ അന്ന.
രാജീവ്, ഞാൻ ഇപ്പോൾ നിങ്ങൾക്ക് ഇത് എഴുതുന്നതിന് കാരണം ഇവൈയുടെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ ഇവൈയ്ക്ക് അഗാധമായ ഉത്തരവാദിത്തമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നത് കൊണ്ടാണ്.
ജോലിയിലെ റോളുകൾക്ക് പിന്നിലുള്ള മനുഷ്യരെ അവഗണിച്ചുകൊണ്ട് അമിത ജോലിയെ മഹത്വപ്പെടുത്തുന്നതായി തോന്നുന്ന ഒരു തൊഴിൽ സംസ്‌കാരത്തിലേക്ക് അന്നയുടെ അനുഭവം വെളിച്ചം വീശുന്നുണ്ട്. ഇത് എന്റെ മകളുടെ കാര്യത്തിൽ മാത്രമല്ല, പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞു കൊണ്ട് ഇവൈയിൽ ചേരുന്ന ഓരോ യുവ പ്രൊഫഷണലിനെ കുറിച്ചും ഉള്ള ആശങ്കയാണ്. അയഥാർത്ഥമായ പ്രതീക്ഷകളുടെ ഭാരത്തിൽ തകർന്നു വീഴാൻ മാത്രം വിധിക്കപ്പെടുന്ന യുവത്വത്തെ കുറിച്ചാണ്. ഇവൈയുടെ നിങ്ങളുടെ ഒപ്പ് ഉൾക്കൊള്ളുന്ന മനുഷ്യാവകാശ പ്രസ്താവനകൾ ഞാൻ സമയമെടുത്തു വായിച്ചു. അതിൽ പറഞ്ഞിരിക്കുന്ന മൂല്യങ്ങളുമായി എന്റെ മകൾ നേരിട്ട യാഥാർത്ഥ്യവുമായി ചേർന്നുപോകുന്നില്ല നിങ്ങളുടെ
ആ പ്രസ്താവന. ഇവൈയ്ക്ക് അതിന്റെ അവകാശപ്പെടുന്ന മൂല്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്നുണ്ടോ?
അന്നയുടെ മരണം ഇവൈയുടെ ഒരു ഉണർവ് വിളിയായി മാറണം.നിങ്ങളുടെ സ്ഥാപനത്തിനുള്ളിലെ തൊഴിൽ സംസ്‌കാരത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. നിങ്ങളുടെ ജീവനക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നതിന് അർത്ഥവത്തായ നടപടികൾ കൈക്കൊള്ളുക. ഇതിനർത്ഥം ജീവനക്കാർക്ക് അവരുടെ ആശങ്കകൾ സംസാരിക്കാൻ സുരക്ഷിതമായി തോന്നുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നത് കൂടിയാണ്. അവരുടെ ജോലിഭാരം കൈകാര്യം ചെയ്യുന്നതിനും അവരുടെ മാനസികവും ശാരീരികവുമായ ക്ഷേമം ഉൽപ്പാദന ക്ഷമതയ്ക്കുവേണ്ടി ബലിയർപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
അന്നയുടെ സംസ്‌കാരച്ചടങ്ങിൽ ഇവൈയിൽ നിന്ന് ആരും പങ്കെടുത്തില്ല. അവളുടെ അവസാന ശ്വാസം വരെ നിങ്ങളുടെ സ്ഥാപനത്തിന് എല്ലാം നൽകിയ ജീവനക്കാരിയുടെ നിർണായക നിമിഷത്തിൽ ഈ അഭാവം, വളരെ വേദനാജനകമാണ്. അന്ന ഇതിലും
മികച്ചത് അർഹിക്കുന്നുണ്ടായിരുന്നു, അന്ന മാത്രമല്ല ഈ വ്യവസ്ഥകളിൽ ജോലി തുടരുന്ന എല്ലാ ജീവനക്കാരും.
എന്റെ എന്റെ കുഞ്ഞിന്റെ നഷ്ടം മാത്രമല്ല, അവളെ നയിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടിയിരുന്നവർ കാണിക്കുന്ന സഹാനുഭൂതിയുടെ അഭാവവും ഹൃദയത്തെ വേദനിപ്പിക്കുന്നു. അവളുടെ ശവസംസ്‌കാരത്തിന് ശേഷം, ഞാൻ അവളുടെ മാനേജർമാരെ സമീപിച്ചു, പക്ഷേ മറുപടി ലഭിച്ചില്ല. മൂല്യങ്ങളെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്ന ഒരു കമ്പനിക്ക് എങ്ങനെ അവരുടെ ജീവനക്കാരിൽ ഒരാളുടെ അവസാന നിമിഷങ്ങളിൽ അന്ത്യോപചാരം അർപ്പിക്കാൻ പോലുമുള്ള മനസുണ്ടാകാതിരിക്കുന്നു. എന്തൊരു പരാജയമാണത്.
ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആകുന്നതിൽ വർഷങ്ങളോളം അധ്വാനവും, കഷ്ടപ്പാടും, ത്യാഗവും ഉൾപ്പെടുന്നു- വിദ്യാർത്ഥി മാത്രമല്ല മാതാപിതാക്കളും. എന്റെ കുട്ടിയുടെ വർഷങ്ങളായുള്ള കഠിനാധ്വാനം ഇവൈയുടെ നിർദ്ദയമായ മനോഭാവത്തിന്റെ നാല് മാസങ്ങൾ കൊണ്ട് വെറുതെയായി.
ഈ കത്ത് അർഹിക്കുന്ന ഗൗരവത്തോടെ നിങ്ങളിലേക്ക് എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തന്റെ കുഞ്ഞിനെ അന്ത്യവിശ്രമത്തിന് അയക്കുമ്പോഴുള്ള ഒരു അമ്മയുടെ വികാരങ്ങൾ മനസ്സിലാക്കുവാൻ ആർക്കെങ്കിലുംശരിക്കും കഴിയുമോ എന്ന് എനിക്കറിയില്ല. താൻ കൈകളിൽ പിടിച്ചിരിക്കുന്ന കുട്ടി, വളരുന്നതും കളിക്കുന്നതും കരയുന്നതും സ്വപ്നങ്ങൾ പങ്കുവെക്കുന്നതും കണ്ടു ഒടുവിൽ ചലനമറ്റ് കിടക്കുന്നത് കാണുമ്പോഴുള്ള വേദന അതേ വേദന അനുഭവിച്ചിട്ടില്ലാത്തവർക്ക് മനസിലാകുമോയെന്ന് എനിക്കറിയില്ല.
എന്റെ കുട്ടിയുടെ അനുഭവം യഥാർത്ഥ മാറ്റത്തിലേക്ക് നയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മറ്റൊരു കുടുംബത്തിനും ഈ ദുഃഖവും ഞങ്ങൾ കടന്നുപോകുന്ന മാനസിക ആഘാതവും ഇനി ഉണ്ടിവരുതെന്ന് ആശിച്ചാണ് ഈ കത്ത്. എന്റെ അന്ന ഇപ്പോൾ ഞങ്ങളോടൊപ്പമില്ല, പക്ഷേ അവളുടെ കഥയ്ക്ക് ഇപ്പോഴും ഒരു മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.
വ്യത്യാസം.
ആത്മാർത്ഥതയോടെ,
അനിത അഗസ്റ്റിൻ