മലയാളികളെ പറ്റിച്ച് ഇതര രാജ്യങ്ങളിലേക്ക് കടത്തുന്ന 4 പേര്‍ കസ്റ്റഡിയില്‍. കമ്പോഡിയയിലേക്കും വിയറ്റ്‌നാമിലേക്കും മലയാളികളെ കടത്തി സൈബര്‍ തട്ടിപ്പ് ശൃംഖലയുടെ ഭാഗമാക്കുന്ന ചൈനീസ് സംഘത്തെ സഹായിക്കുന്ന 4 പേരൈയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്നാണ് ഇവരെ തിരുവനന്തപുരം സിറ്റി പൊലീസ് സൈബര്‍ സംഘം പിടികൂടിയത്.
ഓണ്‍ലൈന്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ടുള്ള കോള്‍ സെന്ററുകളില്‍ കോഴിക്കോട് സ്വദേശികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള ഗെയിം, ടാസ്‌ക് അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍, റമ്മി കളി, നിക്ഷേപ പദ്ധതികള്‍ എന്നിവയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായുള്ള കോള്‍ സെന്ററുകളിലാണ് കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയത്. കംബോഡിയ, വിയറ്റ്നാം, മ്യാന്‍മര്‍ എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള കോള്‍ സെന്ററുകള്‍ ഉള്ളതെന്നും ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ രാജ്പാല്‍ മീണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടിലെ ചില കണ്ണികള്‍ പിടിയിലായത്. ആകര്‍ഷകമായ ശമ്പളവും സൗജന്യ താമസവും വാഗ്ദാനം നല്‍കിയാണ് കംബോഡിയയിലെ ചൈനീസ് തട്ടിപ്പു സംഘങ്ങള്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. വാഗ്ദാനം ചെയ്ത ജോലിയല്ല പലര്‍ക്കും ഇവിടെ ലഭിക്കുന്നത്.