എൻസിപി എംഎൽഎ തോമസ് കെ തോമസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കോഴ വിവാദത്തിൽ അന്വേഷണത്തിന് നാലംഗ കമ്മീഷൻ. എൻസിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയാണ് നാലംഗ കമ്മീഷനെ നിയമിച്ചത്. അന്വേഷണം നടത്തി പത്ത് ദിവസത്തിനുള്ളിൽ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
എൻസിപി സംസ്ഥാന പ്രസിഡന്റുമാരായ അഡ്വ പിഎം സുരേഷ് ബാബു, ലതികാ സുഭാഷ്, അച്ചടക്ക സമിതി ചെയർമാനും ജനറൽ സെക്രട്ടറിയുമായ പ്രൊഫ ജോബ് കാട്ടൂർ, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ കെആർ രാജൻ എന്നിവരാണ് നാലംഗ സമിതിയിലുള്ളത്. തോമസ് കെ തോമസ് എംഎൽഎ എൻസിപി അജിത് പവാർ പക്ഷത്ത് ചേരാൻ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.
പരാതി മുഖ്യമന്ത്രി സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചയിലാണ് മുഖ്യമന്ത്രി പരാതിയുടെ കാര്യം പരാമർശിച്ചത്. ആരോപണം പുറത്തുവന്നതിന് പിന്നാലെ എൻസിപി നേതൃയോഗവും വിഷയം ചർച്ച ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.