നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് അബിൻ വർക്കിയാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേരത്തെയും പരാതി നൽകിയിരുന്നു.
ബംഗാളി നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം. സിനിമയുടെ ഓഡിഷനിൽ ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ വാദമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലും കാസ്റ്റിംഗ് കൗച്ച് പരാമർശമുണ്ടെന്നും ഈ പ്രശ്നം പരിശോധിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും പരാതിയിൽ പറയുന്നു.