കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ആകാശ ചിത്രം ഡ്രോൺ ഉപയോഗിച്ച് പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രമുഖ വ്ളോഗർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് ഏടച്ചേരി സ്വദേശി അർജുൻ സാബ്.എസ്(24) എന്നയാൾക്കെതിരെ ബുധനാഴ്ചയാണ് പൊലീസ് കേസ് രജിസറ്റർ ചെയ്തത്. നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ഡ്രോൺ പറത്താൻ അനുമതിയില്ലാത്ത നോൺ ഫ്ളൈ മേഖലയാണ്. വിവാഹത്തിന്റെ പ്രീവെഡ്ഡിംഗ് ഷൂട്ടിനായും മറ്റും കൊച്ചി നഗരം ആളുകളുടെ ഇഷ്ട കേന്ദ്രമായതിനാൽ ഇത്തരത്തിൽ നിരോധിത മേഖലകളിൽ ഡ്രോൺ പറത്തി വീഡിയോയും മറ്റും ചിത്രീകരിക്കുന്ന പ്രവണത സമീപ വർഷങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്.ഇൻസ്റ്റഗ്രാം വീഡിയോ കണ്ടൻ്റ് ക്രിയേറ്ററും ഡ്രോൺ പൈലറ്റുമായ അർജുൻ പകർത്തിയ കൊച്ചി വിമാനത്താവളത്തിന്റെ ആകാശചിത്രങ്ങളും വീഡിയോയും തന്റെ ഇൻസ്റ്റാഗ്രാം പേജായ മല്ലു ഡോറയിലൂടെയാണ് പോസ്റ്റ് ചെയ്തത്.
കൊച്ചി വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങളുടെ ഇൻസ്റ്റാഗ്രാം വീഡിയോയെപ്പറ്റിയുള്ള വിവരം അടുത്ത സമയത്താണ് ലഭിച്ചത്. വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങളും വിമാനങ്ങളെയും വീഡിയേയിൽ കാണാം. ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കാനുള്ള അനുമതി ആർക്കെങ്കിലും നൽകിയിട്ടുണ്ടായിരുന്നോ എന്ന് എയർപ്പോർട്ട് അധികൃതരോട് അന്വേഷിച്ചപ്പോൾ അത്തരത്തിൽ അനുമതിയൊന്നും ആർക്കും നൽകിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ അധികൃർ വ്യക്തമാക്കി.തുടർന്ന് വീഡിയോ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം അക്കൌണ്ട് ഉടമയെ കണ്ടെത്തുകയും അർജുനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുകയുമായിരുന്നു. ആഗസ്റ്റ് 26 ന് ഉച്ച കഴിഞ്ഞാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് ചോദ്യം ചെയ്യലിൽ അർജുൻ സമ്മതിച്ചു. ദൃശ്യം പകർത്താനുപയോഗിച്ച ഡ്രോണും ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. കേസ് രജിസ്റ്റർചെയ്ത് അർജുനെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു .