കുഞ്ഞിന് പാൽ നൽകിയില്ലെന്ന് ആരോപിച്ച് 19കാരിക്ക് ഭർതൃവീട്ടിൽ ക്രൂരമർദ്ദനം. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് പ്രസവം കഴിഞ്ഞ് 27-ാം ദിവസം ക്രൂരമർദ്ദനത്തിന് ഇരയായത്. ഭർത്താവും ഭർത്താവിന്റെ സഹോദരനും അമ്മായിയച്ഛനും അമ്മായിയമ്മയും ചേർന്ന് യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ പരാതി നൽകിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലെന്നും പരാതിയിലുണ്ട്. മർദ്ദനത്തിൽ യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. കുഞ്ഞിന് പാലുകൊടുത്തിട്ട് കിടന്നതായിരുന്നു താനെന്നും അപ്പോഴേക്കും ഭർത്താവിൻറെ വീട്ടുകാർ വന്ന് വീണ്ടും കുട്ടിക്ക് പാലുകൊടുക്കാൻ പറഞ്ഞുവെന്നും യുവതി പറഞ്ഞു. പാലുകൊടുത്തിട്ട് രണ്ടുമണിക്കൂർ പോലും ആയില്ലെന്ന് താൻ പറഞ്ഞു.
അപ്പോഴേക്കും ഭർത്താവ് കഴുത്തിന് പിടിച്ചു. പിന്നെ ഭർത്താവിൻറെ അച്ഛനും മർദ്ദിച്ചെന്നും യുവതി പറഞ്ഞു. എന്നാൽ ആരോപണങ്ങൾ ഭർത്താവ് മഹേഷ് നിഷേധിച്ചു. താനൊരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലെന്നും മഹേഷ് പറഞ്ഞു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.