കാറിടിപ്പിച്ച് കൊന്ന സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍

ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയ 15 കാരനെ കാറിടിപ്പിച്ച് കൊന്ന കേസില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍.

author-image
Prana
New Update
human rights

ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയ 15 കാരനെ കാറിടിപ്പിച്ച് കൊന്ന കേസില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. റൂറല്‍ ഡി.വൈ.എസ്.പി യുടെ റാങ്കില്‍ കുറയാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ കേസന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദേശിച്ചു.
ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയതിന്റെ വിരോധത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കാട്ടാക്കട ഡി.വൈ.എസ്.പി കമ്മിഷനെ അറിയിച്ചു. പൂവച്ചലില്‍ അരമണിക്കൂറോളം കാത്തുനിന്ന ശേഷം പ്രതി 2023 ഓഗസ്റ്റ് 30ന് വൈകിട്ട് 5.24 ന് ക്ഷേത്ര മൈതാനത്തിന് മുന്നില്‍ സൈക്കിളില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ മനഃപൂര്‍വ്വം കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 11ന് പ്രതി പ്രിയരഞ്ജനെ കളിയിക്കാവിളയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. കേസന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി ചാര്‍ജ്ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കാമെന്ന് ഡി.വൈ.എസ്. പി കമ്മിഷനോട് നിര്‍ദേശിച്ചത്. റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ.ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

car murder Human Rights commission