കൊല്ലത്ത് പത്ത് വയസുകാരന് അമീബിക് മസ്തിഷ്‌കജ്വരം

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

author-image
Prana
New Update
amoebic meningoencephalitis again in thiruvananthapuram

കൊല്ലം ജില്ലയില്‍ നിന്നുള്ള പത്തുവയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിരീക്ഷണം വേണ്ടതിനാലാണ് കുട്ടി ആശുപത്രിയില്‍ തുടരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒക്ടോബര്‍ പത്തിനാണ് കുട്ടിയ്ക്ക് പനി ആരംഭിച്ചത്. അതിനുശേഷം രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. കൊട്ടാരക്കരയിലെ ഒരു ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് പനി അധികമായതോടെ എസ്.എ.ടി.ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനകളിലാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധമുള്ള ആളുകളില്‍ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠനഫലങ്ങളും വളരെ കുറവാണ്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.
നട്ടെല്ലില്‍നിന്നു സ്രവം കുത്തിയെടുത്ത് പി.സി.ആര്‍. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാന്‍ സാധിക്കുന്നത്. അതിനാല്‍ രോഗലക്ഷണങ്ങള്‍ തുടങ്ങി എത്രയും വേഗം മരുന്നുകള്‍ നല്‍കേണ്ടതാണ്. അതിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കും.

 

kollam amoebic encephalitis sat hospital