കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരിൽ തീപ്പൊളളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴുവയസുകാരി മരിച്ചു.അനാമികയാണ് മരിച്ചത്.മാർച്ച് 5 നാണ് കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഏഴും രണ്ടും വയസുള്ള മക്കളെ തീ കൊളുത്തിയ ശേഷം അമ്മ അർച്ചന ജീവനൊടുക്കിയത്.ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് മക്കളായ അനാമിക (7) ആരവ് (2) എന്നിവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.അതെസമയം ആരവ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് അടുത്ത് താമസിക്കുന്നവർ എത്തിയപ്പോൾ പുക ഉയരുന്നതാണ് കണ്ടത്. വീടിന്റെ ജനൽ ചില്ലുകളും കതകും പൊളിച്ചു നോക്കിയപ്പോഴാണ് പൊള്ളലേറ്റ അമ്മയേയും മക്കളേയും കണ്ടത്.തുടർന്ന് മൂവരേയും കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും അർച്ചന മരിച്ചിരുന്നു.കുട്ടികളെ പിന്നീട് പ്രാഥമിക ചികിത്സയ്ക്കു ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അർച്ചനയുടെ ഭർത്താവ് മനു പെയിന്റിങ് തൊഴിലാളിയാണ്. പെയിൻ്റിംഗിന് ഉപയോഗിക്കുന്ന തിന്നർ ഒഴിച്ചാണ് മക്കളെ തീകൊളുത്തി അർച്ചന ജീവനൊടുക്കിയത്. പത്തനംതിട്ട സ്വദേശിയായ അർച്ചന സുഡാനിൽ നഴ്സിംഗ് ജോലി ചെയ്തിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)