ഇടുക്കി: ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷച്ചട്ടിയെടുത്ത് പ്രതിഷേധിച്ച ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടിക്ക് വീടൊരുക്കി കെപിസിസി. ഈ മാസം 12ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വീടിൻ്റെ താക്കോൽ കൈമാറും. 650 ചതുരശ്രയടി വിസ്തീർമുള്ള വീടാണ് മറിയക്കുട്ടിക്കായി നിർമിച്ചത്. ജനുവരിയിലാണ് വീടിൻ്റെ നിർമാണം ആരംഭിച്ചത്. രണ്ട് ബെഡ്റൂമും അടുക്കളയും ശുചിമുറിയും ഉൾപ്പെടെ വീട്ടിലുണ്ട്.
അന്നം മുട്ടിച്ച സർക്കാരിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ സിപിഎം മറിയക്കുട്ടിയുടെ ജീവിതം വഴിമുട്ടിച്ചപ്പോൾ ചേർത്തുപിടിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചതെന്ന് കെ സുധാകരൻ പറഞ്ഞു. മറിയക്കുട്ടി ചേട്ടത്തി ഒരു പ്രതീകമാണ്. സിപിഎം എന്ന ക്രിമിനൽ പാർട്ടിയാൽ വേട്ടയാടപ്പെടുന്ന സാധാരണക്കാരന്റെ പ്രതീകം. സാമൂഹിക സുരക്ഷാ പെൻഷനുകൾ കോൺഗ്രസ് കൊണ്ടുവന്നത് തന്നെ ഈ നാട്ടിലെ പാവപ്പെട്ടവന്റെ അവകാശമായാണ്. എന്നാൽ പെൻഷൻ അവകാശമല്ല ഔദാര്യമാണെന്നാണ് വിജയന്റെ സർക്കാർ കോടതിയിൽ പ്രഖ്യാപിച്ചതെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
ഇത്തരം പ്രഖ്യാപനങ്ങൾ മാത്രമല്ല, പെൻഷൻ ചോദിച്ച് ഇറങ്ങിയ മറിയക്കുട്ടി ചേട്ടത്തിയെ പോലെയുള്ള പാവങ്ങളെ വ്യാജ പ്രചാരണം നടത്തി അങ്ങേയറ്റം നാണംകെടുത്തുകയും ചെയ്തു സിപിഎം. അവരെ അതിസമ്പന്നയായി ചിത്രീകരിച്ചു. അന്നം മുട്ടിച്ച സർക്കാരിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ സിപിഎം അവരുടെ ജീവിതം വഴിമുട്ടിച്ചപ്പോൾ ചേർത്തുപിടിക്കാൻ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനിച്ചത്. അതിന്റെ ഭാഗമായി നിർമിച്ചു കൊടുക്കുമെന്ന് പറഞ്ഞ വീട് പൂർത്തിയായിരിക്കുന്നു. വെറും വാക്കുകൾ പറയുന്ന പ്രസ്ഥാനമല്ല, പാവപ്പെട്ടവന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന അവരുടെ ഹൃദയ വികാരമാണ് കോൺഗ്രസ് എന്നും കെ സുധാകരൻ പറഞ്ഞു.
വീട് പണിതുനൽകിയതിൽ അതിയായ സന്തോഷമുണ്ടെന്ന് മറിയക്കുട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സുധാകരൻ സാറാണ് താക്കോൽ തരുന്നത്. വിഡി സതീശൻ, രമേശ് ചെന്നിത്തല അടക്കം എല്ലാവരുടെയും സഹായമുണ്ട്. സുധാകരൻ സാറാണ് മെയിനാള്. എല്ലാവിധ സൗകര്യത്തോടെ നല്ല രീതിയിലാണ് വീട് പണിതിരിക്കുന്നതെന്നും മറിയക്കുട്ടി പറഞ്ഞു
അടിത്തറ തുടങ്ങി അടിപൊളിയായിട്ടാണ് പണിതത്. ഒരു വീട് വേണമെന്ന ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. ഗ്രാമസഭയിൽ അപേക്ഷ നൽകി വീട് അനുവദിച്ചെങ്കിലും പിന്നീട് തരില്ലെന്നും കോൺഗ്രസുകാർ പണിത് തരട്ടെയെന്നും പറഞ്ഞു. പെട്ടെന്നാണ് വീട് പണി തീർന്നത്. ആറു മാസത്തെ പെൻഷൻ കിട്ടാനുണ്ടെന്നും മറിയക്കുട്ടി പറഞ്ഞു.