മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി 63 ലക്ഷം രൂപ തട്ടി; യുവാവ് പിടിയിൽ

തെളിവിനായി മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടെന്ന വ്യാജ രേഖകൾ കിഷോറിനെ കാണിച്ചു. കൂടാതെ നടപടികൾ വേ​ഗത്തിലാക്കാൻ പൊതുമരാമത്തു മന്ത്രിക്ക് പേയ്‌ ടിഎം വഴി 98,000 രൂപ അയച്ചു കൊടുത്തതിന്റെ സ്ക്രീൻഷോട്ടും ആനന്ദ് കിഷോറിന് കൈമാറിയിരുന്നു.

author-image
Anagha Rajeev
New Update
fraud
Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട്: മുഖ്യമന്ത്രിയുടെയും പൊതുമരാമത്തു മന്ത്രിയുടെയും പേരിൽ വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കുലുക്കല്ലൂർ സ്വദേശി ആനന്ദിനെ (39) ആണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്ന് വ്യാജ രേഖകൾ ഉണ്ടാക്കാൻ ഉപയോ​ഗിച്ച ഉപകരണങ്ങളും  പൊലീസ് കണ്ടെടുത്തു. മുതുതല സ്വദേശിയായ കിഷോറിൽ നിന്ന് കച്ചവട ആവശ്യത്തിനെന്ന് പറഞ്ഞ് പല തവണയായി ഇയാൾ 63 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ ചോ​ദിച്ചപ്പോൾ സർക്കാരിൽ നിന്ന് തനിക്ക് 64 കോടി രൂപ കിട്ടാനുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ചു.

തെളിവിനായി മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടെന്ന വ്യാജ രേഖകൾ കിഷോറിനെ കാണിച്ചു. കൂടാതെ നടപടികൾ വേ​ഗത്തിലാക്കാൻ പൊതുമരാമത്തു മന്ത്രിക്ക് പേയ്‌ ടിഎം വഴി 98,000 രൂപ അയച്ചു കൊടുത്തതിന്റെ സ്ക്രീൻഷോട്ടും ആനന്ദ് കിഷോറിന് കൈമാറിയിരുന്നു.

സംശയം തോന്നിയ കിഷോർ പട്ടാമ്പി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പാലക്കാട്‌ ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് പ്രത്യേകം അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. സൈബർ വിദഗ്ധരുടെ സഹായത്തോടെ വിശദമായി നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി മൊബൈൽ ഫോണിൽ ആപ്പ് ഉപയോ​ഗിച്ചാണ് വ്യാജ രേഖകൾ ഉണ്ടാക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതി സമാന രീതിയിൽ നിരവധി ആളുകളെ വഞ്ചിച്ച് തട്ടിപ്പ് നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു.

pinarayi vijayan financial fraud