ദുരിതാശ്വാസനിധിയിൽ ലഭിച്ചത് 53.98 കോടി

2018 ആഗസ്ത് മുതൽ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് / ഡ്രാഫ്റ്റ് / നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.

author-image
Prana
New Update
പ്രതീകാത്മക ചിത്രം
Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ ജൂലൈ 30 മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ജൂലൈ 30  മുതൽ ആഗസ്റ്റ് 5 വൈകുന്നേരം 5  മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് അൻപത്തിമൂന്ന് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി അൻപത്തിരണ്ടായിരത്തി തൊള്ളായിരത്തി നാൽപത്തി രണ്ട് രൂപയാണ് (53,98,52,942 ). പോർട്ടൽ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സിഎംഡിആർഎഫ് വെബ്സൈറ്റിൽ നൽകിയിട്ടുള്ളത്. അതിൽ 2018 ആഗസ്ത് മുതൽ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് / ഡ്രാഫ്റ്റ് / നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.

സമാനതകളില്ലാത്ത ഈ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരും അധ്യാപകരും  സംഭാവന നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച സർക്കാർ അഭ്യർത്ഥന പൊതുവേ സ്വീകരിക്കപ്പെട്ടു. സർക്കാർ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്‌കൂൾ കോളേജുകളിലും  ജോലി ചെയ്യുന്നവരും  ഇതിൽ പങ്കാളികളാവുകയാണ്. കുറഞ്ഞത് അഞ്ച് ദിവസത്തെ വേതനമെങ്കിലും സംഭാവനയായി നൽകും എന്നാണ് പൊതുവിൽ ധാരണ. അതിൽ കൂടുതൽ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ നൽകാം. അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായി അടുത്തമാസത്തെ ശമ്പളത്തിൽ നൽകാൻ കഴിയുന്നവർക്ക് അങ്ങനെയാകാം.  തവണകളായി സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തമാസം ഒരു ദിവസത്തെയും തുടർന്നുള്ള രണ്ടു മാസങ്ങളിൽ രണ്ടു ദിവസത്തെ വീതവും ശമ്പളം നൽകി  പങ്കാളികളാകാം.സന്നദ്ധത കാണിച്ച് സ്ഥാപനമേധാവികൾക്കാണ് സമ്മതപത്രം നൽകേണ്ടത്. സ്പാർക്ക് മുഖേന തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

flood relief