തൃക്കാക്കര: വാഹനങ്ങളിലെ ചട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ 1,275 കേസുകളിൽ നിന്നും 53,45,500 രൂപ പിഴ ഈടാക്കി.ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ ഒരുമാസക്കാലമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ കുടുങ്ങിയത് വാഹനങ്ങളിൽ അനധികൃതമായി കാതടപ്പിക്കുന്ന ശബ്ദമുള്ള സൈലൻസർ,ലൈറ്റുകൾ എന്നിവ ഘടിപ്പിച്ച സംഭവത്തിൽ 493 കേസുകളിൽ നിന്നായി 26,45,000 പിഴ ഈടാക്കി. നമ്പർ പ്ളേറ്റില്ലാതെ വാഹനം ഓടിക്കുക, സുരക്ഷാ നമ്പർ പ്ളേറ്റിൽ കൃതൃമം,വാഹനങ്ങളിൽ ഷോറൂമിൽ നിന്ന് ഇറങ്ങുമ്പോൾ കമ്പനി നിർമിത ഹെഡ്‌ലൈറ്റ് മാറ്റി അനധികൃതമായി അതി തീവ്ര പ്രകാശം വമിക്കുന്ന എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 458 കേസുകളിൽ നിന്നായി 18,04500 രൂപ പിഴ ഈടാക്കി, വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം ചെയ്ത സംഭവത്തിൽ 299 കേസുകളിൽ നിന്നായി 8,54000 രൂപ പിഴ ഈടാക്കി.എയർ ഹോൺ ഉപയോഗിച്ചതിന് 25 കേസുകളിൽ നിന്നായി 42,000 രൂപ പിഴ ഈടാക്കി. എൻഫോഴ്സ്‌മെന്റ് ആർ.ടി ഓ കെ.മനോജിന്റെ നിർദേശത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എട്ട് വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. അഞ്ചുപേരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു.നാലുവാഹനങ്ങളുടെ രജിസ്റ്ററേഷൻ സസ്‌പെന്റ് ചെയ്യാൻ ശുപാർശ ചെയ്തു.വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി ഓ പറഞ്ഞു.