തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നു പിടിക്കുന്ന പകർച്ചവ്യാധികൾ കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളിൽ 438 പേരുടെ ജീവനെടത്തതായി ആരോഗ്യവകുപ്പ്. അതായത് ഓരോ മാസവും ശരാശരി 48 പേർ വീതം പകർച്ചവ്യാധി മൂലം മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എലിപ്പനി, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, മസ്തിഷ്ക ജ്വരം തുടങ്ങി മറ്റു നാടുകളിൽനിന്നു എത്തുന്ന എംപോക്സ് പോലെയുള്ള രോഗങ്ങളും സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തിരുന്നു.
2024 ജനുവരി മുതൽ സെപ്റ്റംബർ വരെ എലിപ്പനി ബാധിച്ചാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് - 153 പേർ. ഡെങ്കിപ്പനി ബാധിച്ച് 60 പേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 58 പേരും എച്ച്1 എൻ1 ബാധിച്ച് 57 പേരും മരിച്ചു. മസ്തിഷ്ക ജ്വരം ബാധിച്ച 76 പേരിൽ 19 പേരാണ് മരിച്ചത്. പേവിഷ ബാധ 18 ജീവനെടുത്തു. പനി ബാധിച്ച് മരിച്ചത് 14 പേരാണ്. ചിക്കൻപോക്സ് 16 പേരുടെ ജീവൻ അപഹരിച്ചു. ഈ കാലയളവിൽ 17119 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. 2467 പേർ എലിപ്പനി ബാധിച്ചും 5286 പേർ ഹെപ്പറ്റൈറ്റിസ് എ ബാധിച്ചും ചികിത്സ തേടി. 20647 പേർക്കു ചിക്കൻപോക്സ് പിടിപെട്ടു. 20 ലക്ഷത്തിലേറെ പേർ പനി ബാധിതരായിരുന്നു.
കാലാവസ്ഥാ വ്യതിയാനം, മനുഷ്യരുടെയും ജന്തുക്കളുടെയും ആവാസവ്യവസ്ഥയിലെ മാറ്റം, അതിഥി തൊഴിലാളികളുടെ വർധനവ്, പരിസര മലിനീകരണം തുടങ്ങി വിവിധ കാരണങ്ങൾ ഇതിനു പിന്നിലുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.