വിവാഹ വീട്ടില്‍ നിന്ന് മോഷണംപോയ വധുവിന്റെ ആഭരണങ്ങള്‍ വീട്ടുപരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരിലാണ് സംഭവം. മാറനല്ലൂര്‍ പൂന്നാവൂര്‍ സ്വദേശി ഗിലിന്റെ വിവാഹത്തിന് ഭാര്യ ഹന്ന അണിഞ്ഞിരുന്ന വളയും മാലയും ഉള്‍പ്പെടെയുളള ആഭരണങ്ങളാണ് മോഷണം പോയത്. കാണാതെപാേയ മുഴുവന്‍ ആഭരണങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇരുപത്തഞ്ച് പവനോളം ആഭരണങ്ങളാണ് കാണാതെ പോയതെന്നാണ് റിപ്പോര്‍ട്ട്.
ഉത്രാട ദിനത്തിലായിരുന്നു വിവാഹം. വിവാഹശേഷം വീട്ടിലെത്തിയ വധു, താന്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ കിടപ്പുമുറിയില്‍ അഴിച്ചുവച്ചു. അല്പം കഴിഞ്ഞ് വീടിന് തൊട്ടടുത്തുള്ള ഹാളില്‍ വിരുന്ന് സല്‍ക്കാരത്തിനായി പോയി. തിരിച്ചുവന്നപ്പോഴാണ് മാലയുള്‍പ്പടെയുള്ള ആഭരണങ്ങള്‍ കാണാനില്ലെന്ന് വ്യക്തമായത്.
സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്നുകാട്ടി വീട്ടുകാര്‍ പിറ്റേന്ന് പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനിടെയാണ് ഇന്നുരാവില വീടിനുസമീപത്തായി ആഭരണങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിനുള്ളില്‍ ആക്കിയ നിലയിലായിരുന്ന ആഭരണങ്ങളില്‍ ചിലത്. മാറനല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടപ്പെട്ട ആഭരണങ്ങള്‍ തിരികെ കിട്ടിയെങ്കിലും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കൈക്കലാക്കണമെങ്കില്‍ വീടുമായി നല്ല അടുപ്പമുള്ളവര്‍ക്കേ കഴിയൂ എന്നാണ് പൊലീസ് നിഗമനം. എന്നാല്‍ മോഷണം നടത്തിയ ആളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ലെന്നും അന്വേഷണശേഷമേ എന്തെങ്കിലും പറയാനാവൂ എന്നുമാണ് പൊലീസ് പറയുന്നത്.