മലപ്പുറം നിലമ്പൂര്‍ പോത്തുക്കല്ലില്‍നിന്നു രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സംഘം സൂചിപ്പാറയ്ക്കടുത്ത് കാന്തന്‍പാറ വെള്ളച്ചാട്ടത്തിനു സമീപമുള്ള വനത്തില്‍ കുടുങ്ങി. പതിനെട്ടംഗ സംഘമാണ് കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെത്തിയ ഒരു മൃതദേഹവും ഇവരുടെ പക്കലുണ്ട്. വനത്തില്‍ കുടുങ്ങിയവര്‍ സുരക്ഷിതരാണെന്ന് എസ് പിയെ ഫോണില്‍ വിളിച്ച് അറിയിച്ചു. കാന്തന്‍പാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റിലേക്ക് മാറിയെന്നും ആഹാരവും വെള്ളവും വെളിച്ചവുമുണ്ടെന്ന് രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. മൃതദേഹം പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് മരത്തില്‍ കെട്ടിവെച്ചിരിക്കുകയാണ്. മൃതദേഹം നാളെ എയര്‍ ലിഫ്റ്റ് ചെയ്യും.
രാവിലെ എട്ടുമണിക്ക് പുറപ്പെട്ട സംഘത്തിലെ നാല് പേര്‍ നീണ്ട തിരച്ചിലിനിടയില്‍ അവശരായി. പതിനഞ്ചു കിലോമീറ്ററുകളോളമാണ് ഇവര്‍ വനത്തിലൂടെ സഞ്ചരിച്ചത്. നേരം ഇരുട്ടിയത് കൊണ്ട് തന്നെ ഇന്ന് ഇവരെ എയര്‍ ലിഫ്റ്റിങ് ചെയ്യാന്‍ സാധ്യമല്ലെന്നും ഈ രാത്രി ചിലപ്പോള്‍ അവര്‍ അവിടെ തന്നെ തുടരേണ്ടി വരുമെന്നും വനപാലകര്‍ പറഞ്ഞിരുന്നു. ആവശ്യമായ ഭക്ഷണമെത്തിച്ച് സൈന്യത്തിന്റെ സഹായത്തോടെ നാളെ ഇവരെ തിരിച്ചെത്തിക്കാനാണ് തീരുമാനം.
നിലമ്പൂരില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മൂന്ന് രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് ഇന്നലെയും കുടുങ്ങിയിരുന്നു.