തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവ ചത്തു; മരണം ന്യുമോണിയ ബാധയെ തുടർന്ന്

പ്രായാധിക്യം കാരണം അവശതയിലായതോടെ മേയ് 18 മുതൽ കടുവയെ പ്രദർശനത്തിൽനിന്ന് മാറ്റി പ്രത്യേകം കൂട്ടിലാണ് പരിചരിച്ചിരുന്നത്.

author-image
Vishnupriya
New Update
tig

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവ ചത്തു. തിങ്കളാഴ്ച രാവിലെ 17 വയസ്സ് പ്രായമുള്ള മനു എന്ന ബംഗാൾ കടുവയാണ് ചത്തത്. കരൾരോ​ഗ ബാധിതനായതിനെ തുടർന്ന് 2023 ഡിസംബർ മുതൽ പ്രത്യേക ചികിത്സയിലായിരുന്നു.

രോ​ഗാവസ്ഥയിലാകുന്നതിനുമുമ്പ് ഈ കടുവ ദിവസം ഏഴ് കിലോ ഇറച്ചി കഴിച്ചിരുന്നു. എന്നാൽ, പിന്നീട് എല്ലിൽനിന്ന് ഇറച്ചി സ്വയം കടിച്ചെടുക്കാൻ കഴിയാതെയായി. പിന്നീട്, ആടിന്റെ എല്ലില്ലാത്ത ഇറച്ചിയും സൂപ്പും പാലുമൊക്കെയായിരുന്ന ഭക്ഷണമായി നൽകിയിരുന്നത്.

പ്രായാധിക്യം കാരണം അവശതയിലായതോടെ മേയ് 18 മുതൽ കടുവയെ പ്രദർശനത്തിൽനിന്ന് മാറ്റി പ്രത്യേകം കൂട്ടിലാണ് പരിചരിച്ചിരുന്നത്. പിന്നീട് ചവണ ഉപയോ​ഗിച്ച് ഭക്ഷണം വായിൽവെച്ച് നൽകുകയായിരുന്നു. കൂട്ടിൽ ഇൻഫ്രാറെഡ് ലൈറ്റ് ഉപയോഗിച്ച് ഊഷ്മാവ് ക്രമീകരിച്ചിരുന്നു.

പ്രായാധിക്യത്താൽ കരളും ശ്വാസകോശങ്ങളും അപകടാവസ്ഥയിലായിരുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നുണ്ടായ ന്യുമോണിയ ആണ് മരണകാരണമെന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ചത്ത കടുവയുടെ മൃതദേഹം നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാർ​ഗനിർദേശങ്ങൾ അനുസരിച്ച് വൈകീട്ട് മൂന്നിന് ദഹിപ്പിച്ചു.

മൃഗശാലയിൽത്തന്നെ ജനിച്ചുവളർന്ന കടുവയാണ് മനു. ഇവിടത്തെ കരിഷ്മ എന്ന കടുവയ്ക്ക് 2007 ജനുവരി 13-നാണ് ഈ  ആൺകടുവ ജനിച്ചത്. കടുവകളുടെ ശരാശരി ആയുസ്സ് 12 വയസ്സാണെങ്കിലും മൃഗശാലകളിൽ 17-19 വയസ്സ് വരെ കടുവകൾ ജീവിക്കാറുണ്ട്.

Tiger thiruvananthapuram zoo