തിരിമറിയിലൂടെ 14 ലക്ഷം തട്ടി; ജീവനക്കാരന്‍ അറസ്റ്റില്‍

അടൂര്‍ ജോസി പ്ലാസ്സയിലുള്ള ജോക്കി ഇബിഒ എന്ന സ്ഥാപനത്തിലെ സ്‌റ്റോര്‍ മാനേജരായി ജോലി ചെയ്യുന്ന റാന്നി അത്തിക്കയം കുടമുരുട്ടി മാമ്പ്ര കുഴിയില്‍ ജിന്‍സ് പ്രകാശ് (40) ആണ് മൂവാറ്റുപുഴയില്‍ നിന്ന് അറസ്റ്റിലായത്.

author-image
Prana
New Update
jins prakash

സ്വകാര്യ സ്ഥാപനത്തില്‍ 14 ലക്ഷത്തോളം രൂപ തിരിമറി നടത്തി തട്ടിയെടുത്ത ജീവനക്കാരനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ ജോസി പ്ലാസ്സയിലുള്ള ജോക്കി ഇബിഒ എന്ന സ്ഥാപനത്തിലെ സ്‌റ്റോര്‍ മാനേജരായി ജോലി ചെയ്യുന്ന റാന്നി അത്തിക്കയം കുടമുരുട്ടി മാമ്പ്ര കുഴിയില്‍ ജിന്‍സ് പ്രകാശ് (40) ആണ് മൂവാറ്റുപുഴയില്‍ നിന്ന് അറസ്റ്റിലായത്. മൂവാറ്റുപുഴയിലെ ഒരു ബാറില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍.
2022 ഒക്ടോബര്‍ മുതല്‍ സ്‌റ്റോക്കില്‍ തിരിമറി നടത്തി 7,45,113 രൂപയും സ്ഥാപനയുടമ സ്ഥാപിച്ചിരുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിന്റെ ക്യൂ ആര്‍ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിലെ ക്യൂ ആര്‍ കോഡ് ആക്കിയ ശേഷം കച്ചവടത്തില്‍ നിന്ന് ലഭിച്ച 6,51,130 രൂപയും ഉള്‍പ്പെടെ ആകെ 13,96,243 യാണ് ജീവനക്കാരന്‍ തിരിമറി നടത്തി തട്ടിയെടുത്തത്.
ഈ വര്‍ഷം ആഗസ്റ്റ് 14നാണ് സ്ഥാപന ഉടമ അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍, ഉടമയോ മറ്റോ അറിയാതെ പ്രതി മാറ്റിസ്ഥാപിച്ച ക്യൂ ആര്‍ കോഡിലൂടെ വ്യാപാര ഇടപാടുകള്‍ നടത്തി ഇയാളുടെ ബേങ്ക് അക്കൗണ്ടിലേക്ക് ആറര ലക്ഷത്തിലധികം രൂപയും സ്‌റ്റോക്കില്‍ തിരിമറി നടത്തി തുണിത്തരങ്ങള്‍ വിറ്റഴിച്ച് 7,45,113 രൂപയും തട്ടിയെടുത്തതായി തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അടൂര്‍ ഡി വൈ എസ് പി. ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന് പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്യാം മുരളി നേതൃത്വം നല്‍കി. അന്വേഷണസംഘത്തില്‍ എസ് ഐമാരായ ബാലസുബ്രഹ്മണ്യന്‍, രഘുനാഥന്‍, സുരേഷ് കുമാര്‍ എസ് സി പി ഒ. ശ്യാം എന്നിവരാണ് ഉണ്ടായിരുന്നത്.

 

police fraud Arrest financial fraud