തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തു നിന്ന് കാണാതായ പെൺകുട്ടിയെ കുറിച്ച് നിർണായ വിവരങ്ങൾ പൊലീസിന് ലഭിച്ചു. തമ്പാനൂരിൽ നിന്ന് കന്യാകുമാരിയിലേക്ക് പുറപ്പെട്ട ട്രെയിനിൽ 13 വയുസുകാരിയായ പെൺകുട്ടിയെ കണ്ടതായി യാത്രക്കാരി പൊലീസിനെ അറിയിച്ചിട്ടുണ്ട്. ട്രയിനിൽ ഇരുന്നു കരയുന്ന കുട്ടിയുടെ ചിത്രം യാത്രക്കാരി പകർത്തുകയും പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.
കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശിയുടെ മകളെയാണ് ചൊവ്വാഴ്ച രാവിലെ 10-മണിയോടെ കാണാതായത്. കുട്ടി കന്യാകുമാരിയിലേക്ക് പുറപ്പെട്ടെന്ന വിവരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയെന്നാണ് പൊലീസിന്റെ നിഗമനം.
റെയിൽവേ സ്റ്റേഷന് സമീപത്തായി ഓട്ടോ ഡ്രൈവർമാർ കുട്ടിയെ കണ്ടതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുട്ടി പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കേരള പൊലീസിന്റെ അന്വേഷണ സംഘം പരിശോധന നടത്തുകയാണ്.
ചൊവ്വാഴ്ച അമ്മയോട് പിണങ്ങി കുട്ടി വീട്ടിൽ നിന്നിറങ്ങിയെന്നാണ് രക്ഷിതാക്കൾ പൊലീസിൽ നൽകിയ പരാതി. രക്ഷിതാക്കൾ ജോലിക്ക് പോയി ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞത്. കുട്ടി 50 രൂപയുമായാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഒരു മാസം മുൻപാണ് കുട്ടിയും കുടുംബവും കഴക്കൂട്ടത്ത് താമസത്തിന് എത്തിയത്. കുട്ടിക്ക് മലയാളം അറിയില്ല.