വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 108 ആംബുലന്‍സ് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കി. അതേ സമയം വൈകുന്നേരം ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിളിച്ച ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പിലെത്തി. 108 ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ പലര്‍ക്കും ബുദ്ധിമുട്ടികളുണ്ടായി. ഒരു ആംബുലന്‍സിന് നാല് ജീവനക്കാരാണുള്ളത്. രണ്ട് ബാച്ചുകളിലായാണ് സംസ്ഥാനത്ത് 108 ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുന്നത്.
12 മണിക്കൂറും 24 മണിക്കൂറും സര്‍വീസ് നടത്തുന്ന രീതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 24 മണിക്കൂര്‍ ആംബുലന്‍സില്‍ രണ്ട് ഡ്രൈവറും രണ്ട് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യനുമാണുള്ളത്. അവധി എടുത്താല്‍ പകരം ജീവനക്കാരും ഉണ്ട്. വേതനം ലഭിക്കാതെ വന്നതോടെ ഒരാഴ്ചയായി ജീവനക്കാര്‍ സമരത്തിലായിരുന്നു. ഇന്നാണ് എല്ലാത്തരം സേവനങ്ങളും നിഷേധിച്ച് പണിമുടക്കിയത്. 108ആംബുലന്‍സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാണെന്ന് ജീവനക്കാര്‍ പറയുന്നു. ആംബുലന്‍സ് അറ്റകുറ്റപ്പണിക്ക് പോലും തുക നല്‍കാറില്ല. വാഹനങ്ങള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അതുനികത്തേണ്ടത് ജീവനക്കാരാണ്. എല്ലാ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ജീവനക്കാരെ ജോലിയിലെടുത്തത്. ഇതേവരെ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാന്‍ ഹൈദരാബാദ് ആസ്ഥാനമായ ഇ എം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വിസ് കമ്പനി തയാറായിട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
എന്നാല്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിന്നുള്ള പണം കുടിശികയായതാണ് പ്രതിസന്ധിക്കു കാരണമെന്നാണ് കമ്പനിയുടെ വാദം. 2020 ല്‍ കൊവിഡ് കാലത്തും ശമ്പളമില്ലാതെ ബുദ്ധിമുട്ടിലായിരുന്നു 108 ആംബുലന്‍സ് ജീവനക്കാര്‍. ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനവും കുറവാണ്. അതും വൈകിയതതോടെയാണ് സമരത്തിലേക്ക് നീങ്ങേണ്ടി വന്നത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 30ന് ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയതോടെ സമരം പിന്‍വലിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. എല്ലാ മാസവും ഇനി 10ന് മുമ്പ് ശമ്പളം നല്‍കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് കേരള സ്റ്റേറ്റ് 108 ആംബുലന്‍സ് എപ്ലോയീസ് യൂണിയന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജാക്‌സസണ്‍ ജേക്കബ് പറഞ്ഞു.