വയനാട്ടിലും വിലങ്ങാടിലുമായി 100 വീട് നിര്‍മ്മിച്ചുനല്‍കും; കത്തോലിക്കാസഭ

വയനാട്ടിലും വിലങ്ങാട് പ്രദേശത്തും സ്ഥലവും വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ സഭ തീരുമാനിച്ചു.

author-image
Prana
New Update
wayanad landslide death toll
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ച് കേരള കത്തോലിക്കാ സഭ.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന കേരള കത്തോലിക്കാ മെത്രാന്‍സമിതി (കെസിബിസി) യോഗത്തില്‍ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേരള കത്തോലിക്കാസഭയിലെ എല്ലാ രൂപതകളും സന്യാസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വ്യക്തികളും സംവിധാനങ്ങളും സംയുക്തമായിട്ടാണ് ദുരന്തനിവാരണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്.
ആദ്യഘട്ടത്തില്‍, വയനാട്ടിലും വിലങ്ങാട് പ്രദേശത്തും സ്ഥലവും വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ സഭ തീരുമാനിച്ചു. ഈ വീടുകള്‍ക്ക് ആവശ്യമായ വീട്ടുപകരണങ്ങള്‍ ലഭ്യമാക്കുന്നതുമാണ്.
സഭയുടെ ആശുപത്രികളില്‍ സേവനംചെയ്യുന്ന വിദഗ്ധരായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സംഘത്തിന്റെയും സേവനം ആവശ്യപ്രകാരം ലഭ്യമാക്കും. സഭ ഇതിനോടകം നല്‍കിവരുന്ന ട്രൗമാ കൗണ്‍സിലിംഗ് സേവനം തുടരും. കേരള കത്തോലിക്കാസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെസിബിസിയുടെ ജസ്റ്റിസ് പീസ് ആന്‍ഡ് ഡെ വലപ്‌മെന്റ് കമ്മീഷന്റെ കീഴിലാണ് പ്രസ്തുത സേവനവിഭാഗംപ്രവര്‍ത്തിക്കുന്നതെന്ന് കെസിബിസി വ്യക്തമാക്കി.

catholic Wayanad landslide