തിരുവനന്തപുരം: ദുരന്തബാധിത മേഖലയായ മുണ്ടക്കൈയിലും ചൂരല്‍മലയിലും നഷ്ടമായ വീടുകള്‍ക്കു പകരം പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ അനവധി സുമനസുകൾ തയ്യാർ. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വി.ഡി.സതീശന്‍ നേരിട്ടു ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ നിര്‍മിച്ചു നല്‍കും. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്നാണു വാഗ്ദാനം നല്‍കിയിരിക്കുന്നത്. ലൈബ്രറി കൗണ്‍സിലിന്‍റെ ജീവനക്കാർ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറും.
നാഷനല്‍ സര്‍വീസ് സ്കീം (എന്‍എസ്എസ്) ദുരിത ബാധിത കുടുംബങ്ങള്‍ക്കായി 150 ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുകയോ അല്ലെങ്കില്‍ അതിന്‍റെ തുക സര്‍ക്കാരിലേക്കു നല്‍കുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചു . വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മിക്കും. ഫ്രൂട്ട്സ് വാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമിയേറ്റെടുത്തു കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്കു നല്‍കാന്‍ സന്നദ്ധത അറിയിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ ദുരിത ബാധിതര്‍ക്കു വീടുകള്‍ വച്ചുനല്‍കാന്‍ സന്നദ്ധത അറിയിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടുകള്‍ നിര്‍മിച്ചു നല്‍കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി. ലിന്‍ഡെ സൗത്ത് ഏഷ്യ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ നൽകും.