ടെല്‍ ആവിവിലെ ഹൂതി ആക്രമണത്തിനു മറുപടിയായി യെമനിലും ലെബനനിലും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടി നല്‍കുമെന്നും ഹൂതികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ ടെല്‍ ആവിവ് ആക്രമണത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ഹൂതികളുടെ രാഷ്ട്രീയ വക്താവായ മുഹമ്മദ് അല്‍ ബുഖയ്തി. ഇസ്രയേല്‍ ആക്രമണത്തില്‍ ദുരിതം അനുഭവിക്കുന്ന പലസ്തീന്‍കാരോടുള്ള ഐക്യാദാര്‍ഢ്യമാണ് ടെല്‍ ആവിവ് ആക്രമണത്തിനു പിന്നിലെന്നാണ് ഹൂതി വക്താവ് അല്‍ ജസീറയോട് പറഞ്ഞത്. ആക്രമണത്തിന്റെ അനന്തരഫലം, വിജയപരാജയം ഇവയെ കുറിച്ചൊന്നും ആലോചിക്കുന്നില്ലെന്നും പലസ്തീന്‍ സഹോദരങ്ങളോടൊപ്പം നില്‍ക്കുക തങ്ങളുടെ കടമയാണെന്നും ഹൂതി വക്താവ് വ്യക്തമാക്കി.
പലസ്തീനൊപ്പം നില്‍ക്കുക എന്ന നിലപാടില്‍ മാറ്റം വരുത്താന്‍ ഇസ്രയേലിന്റെ ആക്രമണത്തിനു കഴിയില്ല. ഈ ആക്രമണം ഗസയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കാനുള്ള നിശ്ചയ ദാര്‍ഢ്യം വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഒടുവില്‍ ഈ യുദ്ധത്തില്‍ ഞങ്ങളും പങ്കാളികളായി മാറി. ഈ യുദ്ധത്തില്‍ നഷ്ടവും ത്യജിക്കലും ഒക്കെ ഉണ്ടാവും എന്നറിയാം. എന്തൊക്കെ നഷ്ടങ്ങളുണ്ടായാലും ഗസയിലെ ഇസ്രയേലിന്റെ വംശഹത്യ അവസാനിപ്പിക്കുന്നതു വരെ പോരാട്ടം തുടരുക തന്നെ ചെയ്യും.
ഇസ്രയേലിനെ എതിര്‍ക്കുന്ന ഹിസ്ബുള്ള പോലുള്ള ഗ്രൂപ്പുകളുമായി ഒരുമിച്ചു പോരാടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ചോദ്യത്തിനു മറുപടിയായി ഹൂതി വക്താവ് പറഞ്ഞു. യെമന്‍, പലസ്തീന്‍, ലെബനന്‍, ഇറാന്‍, ഇറാക്ക് എന്നീ രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ ഒരുമിച്ചു നീങ്ങുമെന്നും വക്താവ് പറഞ്ഞു. ഇറാഖും ഹൂതികളും സംയുക്ത ആക്രമണം നടത്തുമെന്നും ഹൂതി വക്താവ് വ്യക്തമാക്കി. ഹമാസുമായി ചേര്‍ന്നു കടലിലും ഇസ്രയേലിനെതിരെ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൂതികളുടെ ആക്രമണത്തിനു പ്രതികാരമായി യെമനിലെ തുറമുഖ നഗരമായ ഹൊദൈദയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ മരിച്ചു, 87 പേര്‍ക്ക് പരിക്കേറ്റു. ഓയില്‍ സ്റ്റോരേജ് പ്ലാന്റിനെയും പവര്‍ പ്ലാന്റിനെയും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണം.
ആക്രമണത്തിനു പിന്നാലെ കനത്ത തിരിച്ചടി നല്‍കുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിനെ തന്ത്രപ്രധാന മേഖലകള്‍ ആക്രമിച്ചു തകര്‍ക്കുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്.
തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെക്കന്‍ ലെബനനിലെ രണ്ടു സൈനിക ഗോഡൗണുകള്‍ ആക്രമിച്ചതായി ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണ വിവരം ലെബനനിലെ നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണമുണ്ടായതെന്നു റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തു.
എക്സിലൂടെയാണ് ആക്രമണ വിവരം ഇസ്രയേല്‍ പുറത്തുവിട്ടത്. മിസൈലുകളും മറ്റ് ആയുധങ്ങളും സൂക്ഷിക്കുന്ന രണ്ടു സൈനിക വെയര്‍ഹൗസുകള്‍ ആക്രമിച്ചതായും ഇസ്രയേല്‍ എക്സില്‍ കുറിച്ചു. എന്നാല്‍, ആരുടെ ഗോഡൗണാണ് ആക്രമിച്ചതെന്നു ഇസ്രയേല്‍ വെളിപ്പെടുത്തിയില്ല.
അതിനിടെ, ഗസയിലെ ആക്രമണം ഇസ്രയേല്‍ തുടരുകയാണ്. നുസ്രത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ നടത്തിയ ബോംബാക്രമണത്തില്‍ 12 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ മറ്റു പ്രദേശങ്ങളില്‍ ഉണ്ടായ ആക്രമണങ്ങളിലും നിരവധി പേര്‍ കൊല്ലപ്പെട്ടു.