വിയറ്റ്നാമിനെ തകർത്ത് ‘യാഗി’; ചുഴലിക്കാറ്റ്; 59 മരണം

ഹൈഫോംഗ് പ്രവിശ്യയിലെ നിരവധി കമ്പനികളിൽ നാശനഷ്ടമുണ്ടായി. പല വ്യവസായ ശാലകളിലും വെള്ളം കയറി. ഇവിടെ ഉൽപാദനം പുനരാരംഭിക്കാൻ ഒരു മാസമെങ്കിലും വേണന്നാണ് അധികൃതർ പറയുന്നത്.

author-image
Vishnupriya
New Update
cy
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹനോയ്: യാഗി ചുഴലിക്കാറ്റിൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമിൽ വ്യാപക നാശനഷ്ടം. ഇതുവരെ 59 പേർ മരിച്ചു. കനത്ത കാറ്റിനു പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമാണ് കൂടുതൽ മരണം സംഭവിച്ചതെന്ന് വിയറ്റ്നാം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച വടക്കൻ വിയറ്റ്‌നാമിലെ നദികളില്‍ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നു.

തിങ്കൾ രാവിലെ പർവതമേഖലയായ കാവോ ബാങ് പ്രവിശ്യയിൽ 20 പേരുമായി പോകുകയായിരുന്ന ബസ് മണ്ണിടിച്ചിലിൽപെട്ട് ഒഴുകിപ്പോയി. ഫു തോ പ്രവിശ്യയിൽ, വെള്ളിയാഴ്ച രാവിലെ കനത്ത കാറ്റിൽ പാലം തകർന്ന് കാറുകളും ട്രക്കുകളും ബൈക്കുകളും അടക്കം നിരവധി വാഹനങ്ങൾ നദിയിൽ വീണു കാണാതായിരുന്നു.

ഹൈഫോംഗ് പ്രവിശ്യയിലെ നിരവധി കമ്പനികളിൽ നാശനഷ്ടമുണ്ടായി. പല വ്യവസായ ശാലകളിലും വെള്ളം കയറി. ഇവിടെ ഉൽപാദനം പുനരാരംഭിക്കാൻ ഒരു മാസമെങ്കിലും വേണന്നാണ് അധികൃതർ പറയുന്നത്. വടക്കൻ വിയറ്റ്നാമിലെ വൈദ്യുതി ബന്ധവും താറുമാറായി. യാഗി ചുഴലിക്കാറ്റിൽ വൈദ്യുതിത്തൂണുകൾ കൂട്ടത്തോടെ മറിഞ്ഞുവീണതാണ് മേഖലയെ ഇരുട്ടിലാക്കിയത്. ചുഴലിക്കാറ്റു മൂലം വിയറ്റ്നാമിന്റെ വടക്കൻ പ്രവിശ്യയിൽ ദശലക്ഷക്കണക്കിനു ഡോളറിന്റെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഫിലിപ്പീൻസിൽ 20 പേരും ദക്ഷിണ ചൈനയിൽ നാലു പേരും മരിച്ചിരുന്നു. 

ഞായറാഴ്ചയോടെ ചുഴലിക്കാറ്റ് ദുർബലമായെങ്കിലും മേഖലയിൽ ശക്തമായ മഴയുണ്ട്. പലയിടത്തും വീണ്ടും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന്, വിയറ്റ്നാം കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പു നൽകി. ശനിയാഴ്ച മണിക്കൂറിൽ 149 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച യാഗി രാജ്യത്ത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റാണ്.

cyclone vietnam