2024-ലെ സാഹിത്യത്തിനുള്ള നൊബേൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങി(53)ന്. മനുഷ്യജീവിതത്തിൻ്റെ ദുർബലത തുറന്നുകാട്ടുന്ന തീവ്രമായ കാവ്യാത്മക ഗദ്യമാണ് ഹാൻ കാങിൻറേതെന്ന് നോർവീജിയൻ അക്കാദമി വിലയിരുത്തി. ദി വെജിറ്റേറിയനാണ് പ്രധാന നോവൽ. ഇരുപതോളം കൃതികൾ രചിച്ചിട്ടുണ്ട്. 2016-ൽ ദി വെജിറ്റേറിയന് ബുക്കർ പ്രൈസ് ലഭിച്ചു. സാഹിത്യത്തിനുള്ള നോബൽ നേടുന്ന ആദ്യ ഏഷ്യൻ വനിതയും രണ്ടാമത്തെ കൊറിയൻ നൊബേൽ സമ്മാന ജേതാവുമാണിവർ.
1970 നവംബർ 27-ന് ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവിലാണ് ജനനം. ദക്ഷിണ കൊറിയൻ നോവലിസ്റ്റ് ഹാൻ സെങ് വോണാണ് പിതാവ്. പത്താം വയസിൽ ഹാങിന്റെ കുടുംബം സോളിലേക്ക് കുടിയേറി. യോൻസി സർവകലാശാലയിൽ നിന്ന് കൊറിയൻ സാഹിത്യം പഠിച്ചു. 1993 മുതലാണ് ഹാൻ എഴുത്ത് ആരംഭിച്ചത്. ലിറ്ററേച്ചർ ആൻഡ് സൊസൈറ്റി മാസികയിൽ കവിതകൾ എഴുതിയായിരുന്നു തുടക്കം.
1995-ൽ ലവ് ഓഫ് യെയോസു എന്ന ചെറുകഥാ സമാഹാരത്തിലൂടെയാണ് ഹാൻ കാങിൻറെ ഗദ്യ അരങ്ങേറ്റം. ഫ്രൂട്ട്സ് ഓഫ് മൈ വുമൺ, ദി ബ്ലാക്ക് ഡിയർ, യുവർ കോൾഡ് ഹാൻഡ്, ബ്രീത്ത് ഫൈറ്റിങ്, ഗ്രീക്ക് ലസൺസ് തുടങ്ങിയവയാണ് ഹാങിന്റെ പ്രധാന സൃഷ്ടികൾ. ദി വെജിറ്റേറിയൻ എന്ന കൃതിക്ക് 2016-ലെ മാൻ ബുക്കർ പുരസ്‌കാരം ലഭിച്ചിരുന്നു. ടുഡേയ്സ് യങ് ആർട്ടിസ്റ്റ് അവാർഡ്, സാങ് ലിറ്റററി പ്രൈസ്, യങ് ആർട്ടിസ്റ്റ് അവാർഡ്, കൊറിയൻ ലിറ്ററേച്ചർ നോവൽ അവാർഡ്, തുടങ്ങിയ പുരസ്‌കാരങ്ങൾ ഹാങ് നേടിയിട്ടുണ്ട്. സാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർസിൽ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ് ഹാൻ.
2023-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് നോർവീജിയൻ എഴുത്തുകാരൻ ജോൺ ഒലാവ് ഫോസെയാണ് അർഹനായത്. ശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിലെ നേട്ടങ്ങൾക്ക് 1901 മുതൽ എല്ലാ വർഷവും നൊബേൽ സമ്മാനം പ്രഖ്യാപിച്ചുവരുന്നുണ്ട്.