അമേരിക്കയില്‍ ഒരു തവണ തോല്‍വിയേറ്റുവാങ്ങിയ പ്രസിഡന്റ് വീണ്ടും അധികാരത്തിലേറുന്നത് 127 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അതുകൊണ്ട് തന്നെ കലുഷിതമായ വര്‍ത്തമാനകാല ലോകരാഷ്ട്രീയം ട്രംപിന്റെ തിരിച്ചുവരവിനെ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.
'ആദ്യം അമേരിക്ക' എന്ന പ്രഖ്യാപനത്തോടെയാണ് ട്രംപ് അമേരിക്കന്‍ ഭരണത്തിന്റെ സാരഥ്യമേറ്റെടുത്തത്. സാമ്പത്തിക-തൊഴില്‍ രംഗങ്ങളിലെ കുതിച്ചുചാട്ടം, രാജ്യസുരക്ഷ, അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന വിദേശനയം എന്നീ വിഷയങ്ങളില്‍ ഊന്നിയാണ് ഇത്തവണയും ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. കുടിയേറ്റ പ്രശ്നവും ദേശീയ സുരക്ഷയും സുപ്രധാന വിഷയമായി അമേരിക്കന്‍ ജനത പരിഗണിക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തമായി ഈ തിരഞ്ഞെടുപ്പ് ഫലത്തെ കാണേണ്ടിവരും. പെന്‍സില്‍വാനിയ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍, അരിസോണ തുടങ്ങിയ പ്രധാന സ്വിംഗ് സ്റ്റേറ്റുകളിലെ വിജയങ്ങളാണ് ഇത്തവണ ട്രംപിന്റെ വിജയത്തില്‍ നിര്‍ണായകമായത്.
ഒരു വര്‍ഷത്തിലധികം നീണ്ട നടപടിക്രമങ്ങള്‍ക്ക് ഒടുവിലാണ് യുഎസിന്റെ 47-ാമത് പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിക്കൊണ്ടാണ് 2016 മുതല്‍ ട്രംപ് അമേരിക്കയില്‍ ഭരണത്തിലേറിയത്. എന്നാല്‍,കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി ജോ ബൈഡനോട് പരാജയപ്പെടുകയായിരുന്ന ട്രംപ് ഇത്തവണ 270 ഇലക്ടറല്‍ വോട്ടുകള്‍ അനായാസം മറികടന്നാണ് ജോ ബൈഡന് പകരം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായി മത്സരിച്ച കമലാ ഹാരിസിനെ തോല്‍പ്പിച്ച് വീണ്ടും വൈറ്റ്ഹൗസിലെത്തുന്നത്.
ഇനി അമേരിക്കയുടെ സുവര്‍ണകാലഘട്ടമെന്നാണ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പാം ബീച്ച് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് അഭിപ്രായപ്പെട്ടത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അമേരിക്ക അഭിമുഖീകരിക്കുന്ന ആഭ്യന്തര ഭീഷണികളെക്കുറിച്ചും അദ്ദേഹം അവധാനപൂര്‍വ്വം ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
'ഒന്നുകില്‍ ഡീപ് സ്റ്റേറ്റ് അമേരിക്കയെ നശിപ്പിക്കും,അല്ലെങ്കില്‍ നമ്മള്‍ ഡീപ് സ്റ്റേറ്റിനെ നശിപ്പിക്കും' എന്ന പ്രസ്താവന അന്ന് ആഗോളശ്രദ്ധ നേടിയിരുന്നു. സി.ഐ.എയും എഫ്.ബി.ഐയും പെന്റഗണും സൈനിക-വ്യവസായ സമുച്ചയവും ഫെഡറല്‍ സര്‍ക്കാരിലെ പ്രധാനികളും വ്യവസായ, സാമ്പത്തിക രംഗങ്ങളിലെ വരേണ്യരുമടങ്ങുന്ന നിഗൂഢമായ ഒരു സമാന്തര സംഘമാണ് അമേരിക്കയുടെ യഥാര്‍ത്ഥ ഭരണം കൈയാളുന്നതെന്ന ആക്ഷേപം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഈ പ്രസ്താവന.
ലോകരാജ്യങ്ങളിലെ സുശക്തഭരണകൂടങ്ങളെയെല്ലാം ആസൂത്രിതമായി അട്ടിമറിക്കാന്‍ പരിശ്രമിക്കുന്ന ഗൂഢസംഘങ്ങള്‍ക്കേറ്റ പ്രഹരം കൂടിയാണ് ഇന്ത്യയുടെ നരേന്ദ്രമോദിയുടെയും ഇപ്പോള്‍ അമേരിക്കയില്‍ ട്രംപിന്റെയും അധികാരാരോഹണങ്ങള്‍.
യുക്രെയ്ന്‍- റഷ്യ യുദ്ധവും, ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷവും അവിരാമം തുടര്‍ന്നുകൊണ്ടിരിക്കെ അമേരിക്കയിലെ അധികാരമാറ്റത്തിന് അന്തര്‍ദേശീയ മാനങ്ങളേറെയുണ്ട്.ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അടുപ്പം പുലര്‍ത്തുന്ന ട്രംപ് ഇസ്ലാമിക് സ്റ്റേറ്റിനെതിരെയും ആഗോളഭീകരവാദത്തിനെതിരെയും നടത്തിയ കുരിശുയുദ്ധങ്ങള്‍ ഫലപ്രാപ്തിയിലെത്തുമെന്ന് കരുതാം.തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രണ്ട് തവണ വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട് പ്രസിഡന്റ് പദവിയില്‍ വീണ്ടുമെത്തുന്ന ട്രംപിന്റെ പുതിയ നയനടപടികള്‍ എന്തൊക്കെയാവുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടിവരും.
കോവിഡിന്റെ ഭീതിയൊഴിയും മുന്‍പ് നടന്ന 2020 ലെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍ ഭരണനിര്‍വ്വഹണത്തിലും നയപരിപാടികളിലും മാറ്റത്തിന് വഴിതുറന്നേക്കാം.അമേരിക്കന്‍ സമ്പദ്ഘടനയെ മാന്ദ്യത്തില്‍ നിന്ന് കരകയറ്റുകയെന്ന വെല്ലുവിളിയും പുതിയ പ്രസിഡന്റിനുമുന്നിലുണ്ട്.
വീണ്ടും പ്രസിഡന്റായാല്‍ ഇന്ത്യയുള്ള ബന്ധം പുതിയ തലത്തിലേക്ക് കൊണ്ടുപോകുമെന്ന് രണ്ടു വര്‍ഷംമുന്‍പ് ട്രംപ് നടത്തിയ പ്രഖ്യാപനം ഇന്ത്യയ്ക്ക് നല്‍കുന്ന ശുഭപ്രതീക്ഷ വലുതാണ്.ട്രംപിന്റെ വിജയവാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ കുതിച്ചുചാട്ടം ഇത്തരമൊരു പ്രത്യാശയുടെ പ്രതിഫലനം കൂടിയാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് പുലര്‍ത്തുന്ന വ്യക്തിപരമായ അടുപ്പം ഇന്ത്യന്‍ - അമേരിക്കന്‍ ബന്ധത്തിനു കൂടുതല്‍ കരുത്തു പകരുമെന്നുതന്നെ കരുതാം.
ട്രംപിന് ആശംസകള്‍ നേര്‍ന്ന് ആദ്യമെത്തിയ ലോകനേതാക്കളിലൊരാളാണ് നരേന്ദ്രമോദിയെന്നതും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. 2019ല്‍ നടന്ന 'ഹൗഡി മോദി' പരിപാടിയും 2020ല്‍ നടന്ന 'നമസ്തേ ട്രംപ്' പരിപാടിയും മോദി-ട്രംപ് സൗഹൃദത്തിന്റെ നേര്‍ചിത്രങ്ങളായിരുന്നു.ഹൗഡി മോദി പരിപാടിയില്‍ അബ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന അന്ന് വലിയ തോതില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നടപടികളെ ലോകസമക്ഷം തുറന്നെതിര്‍ക്കാന്‍ ഇന്ത്യയോടൊപ്പം ട്രംപും മുന്നില്‍ നിന്നേക്കാം. 2017 ജൂണ്‍ 1 ന് നരേന്ദ്രമോദി വാഷിങ്ടണില്‍ വച്ച് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പാകിസ്ഥാന് ശക്തമായ ഭാഷയില്‍ താക്കീത് നല്‍കിയിരുന്നുവെന്നത് പരിഗണിക്കപ്പെടേണ്ടതാണ്.
മുമ്പ് ട്രംപിന്റെ ഭരണ കാലത്തെ ആയുധ കരാറുകളും ജപ്പാനും ആസ്ട്രേലിയയും ഉള്‍പ്പെടുന്ന ക്വാഡ് മുതലായ സംരംഭങ്ങളിലൂടെ വളര്‍ത്തിയ സൈനിക സഹകരണവും ഇനിയും തുടരുമെന്നുതന്നെ പ്രതീക്ഷിക്കാം. കാലാവസ്ഥാനയത്തിന്റെ കാര്യത്തില്‍,പാരീസ് കരാറില്‍ നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം ഉണ്ടാക്കിയ പോരായ്മകള്‍ ആവര്‍ത്തിക്കപ്പെടില്ലെന്നാണ് പ്രതീക്ഷ.