ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളിലെയും ഉപതിരഞ്ഞെടുപ്പുകളുടെയുമൊക്കെ പ്രചാരണച്ചൂടിലാണ് ഓരോരുത്തരും. കേരളത്തിലാണെങ്കില്‍ ഇങ്ങ് തുലാമഴ എത്തിക്കഴിഞ്ഞു.... എന്നാല്‍ അതൊന്നും വകവയ്ക്കാതെ മുന്നണികള്‍ മഴ നനഞ്ഞും വിയര്‍ത്തുകുളിച്ചുമൊക്കെ വയനാട്ടിലും പാലക്കാട്ടും ചേലക്കരയിലും തിരഞ്ഞെടുപ്പ് കൊഴുപ്പിക്കുകയാണ്.
ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് ആഘോഷമാക്കുമ്പോള്‍ അങ്ങ് അമേരക്കയിലും പശ്ചിമേഷ്യയിലും ചങ്കിടിപ്പിന്റെ നാളുകള്‍ അടുത്തുവരികയാണ്. കാരണം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത് ചൊവ്വാഴ്ചയാണ്. ഇന്ത്യന്‍ വംശജയായ കമലഹാരിസ് ജയിച്ച് ചരിത്രത്തിലേക്ക് കയറിയാല്‍ അതില്‍ ഏറെ സന്തോഷിക്കാന്‍ ഇന്ത്യയ്ക്കുമുണ്ടാകും.
അതല്ല ഇനി ഡൊണാള്‍ഡ് ട്രംപ് എങ്ങാനും ജയിച്ചാല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഏറെക്കുറെ ധാരണയായിക്കഴിഞ്ഞു. അത് അദ്ദേഹം പരസ്യമായി വ്യക്തമാക്കിയിട്ടുമുണ്ട്. ഇറാന്‍ മാത്രമല്ല സഖ്യകക്ഷികളും ഇപ്പോള്‍ ഈ ഒരു ഭയപ്പാടിലാണെന്നാണ് സൂചനകള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളിലെല്ലാം കമലാ ഹാരീസാണ് മുന്നിട്ട് നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ട്രംപ് മുന്നിലെത്തി എന്നതാണ് ഇറാനേയും കൂട്ടാളികളെയും ഞെട്ടിപ്പിക്കുന്നത്.
ലബനനും ഇറാഖും യെമനുമെല്ലാം ട്രംപ് വീണ്ടും പ്രസിഡന്റായാല്‍ തങ്ങളെ തകര്‍ക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ട്രംപ് വീണ്ടും അധികാരത്തില്‍ വന്നാൽ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനോട് ഇറാനില്‍ കനത്ത തോതില്‍ ആക്രമണം നടത്താന്‍ ആവശ്യപ്പെടുമെന്ന് ഇറാന് നന്നായിട്ടറിയാം. ഇറാന്‍ ഇസ്രയേലിന് നേര്‍ക്ക് മിസൈലുകള്‍ അയച്ച സമയത്ത് തന്നെ ട്രംപ് ഇസ്രയേലിനോട് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ ഇറാന്റെ എണ്ണക്കയറ്റുമതിക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ട്രംപ് മറ്റ് രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അവര്‍ ഭയപ്പെടുന്നു. മാത്രമല്ല ഇസ്രയേലിനെ കൂട്ടുപിടിച്ച് കൊണ്ട് ട്രംപ് ഇറാനിലെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി, അവരുടെ ആണവ പദ്ധതികള്‍ നിര്‍ത്തി വയ്പ്പിക്കാനും സാധ്യതയുളളതായി ഇറാന്‍ ഭയക്കുന്നുണ്ട്. ഇറാന്റെ വിദേശനയം ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ കാര്യമായ മാറ്റം വരുത്താനും അമേരിക്ക ശക്തമായി ഇടപെടുമെന്നാണ് ഇറാനും സഖ്യശക്തികളും വിശ്വസിക്കുന്നത്.
നേരത്തേ ഇറാന് വേണ്ടി ഗസയിലും ലബനനിലും പ്രവര്‍ത്തിച്ചിരുന്ന ഹമാസും ഹിസ്ബുള്ളയും ഏതാണ്ട് നാമാവശേഷമാകുന്ന സ്ഥിതിയും ഇറാനെ അസ്വസ്ഥമാക്കുന്നുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വപ്നം കാണുന്നത് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റാകുന്ന ദിവസം എന്നാണ് ഇറാന്‍ വിശ്വസിക്കുന്നത്. ഇറാന് മേല്‍ ശക്തമായ സൈനിക നടപടിയെടുക്കാന്‍ ട്രംപ് ഇസ്രയേലിനെ പ്രേരിപ്പിക്കുമെന്നും എതിരാളികള്‍ കരുതുന്നു.
എന്നാല്‍ ഒരു ഇറാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തിയത് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആകുന്നതിനെ തങ്ങള്‍ ഭയപ്പെടുന്നില്ല എന്നാണ്. അമേരിക്കയുടെ വിലക്ക് മറികടന്ന് തങ്ങള്‍ പതിറ്റാണ്ടുകളായി എണ്ണ കയറ്റുമതി നടത്തുന്ന കാര്യവും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക ആര് ഭരിച്ചാലും ഇറാനെ അത് ബാധിക്കുകയില്ലെന്നാണ് അവരുടെ വാദം.