ഇസ്രയേലിനെ അടിമുടി കാക്കുമോ, എന്താണ് താഡ് മിസൈല്‍?

ലെബനനില്‍ ഇസ്രയേല്‍ സൈനികനടപടി ശക്തമാക്കുമ്പോള്‍ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിക്കുകയാണ്് അമേരിക്ക. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ദ ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ് അഥവാ താഡ് പ്രതിരോധ സംവിധാനമാണ് ഇസ്രയേലില്‍ അമേരിക്ക വിന്യസിക്കുന്നത്.

author-image
Rajesh T L
New Update
MISSILE

ലെബനനില്‍ ഇസ്രയേല്‍ സൈനികനടപടി ശക്തമാക്കുമ്പോള്‍ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിക്കുകയാണ്് അമേരിക്ക. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ദ ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ് അഥവാ താഡ് പ്രതിരോധ സംവിധാനമാണ് ഇസ്രയേലില്‍ അമേരിക്ക വിന്യസിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്ന സംവിധാനമാണ് താഡ്.

യുഎസ് സൈനികരോടൊപ്പം താഡ് സംവിധാനവും അയയ്ക്കുമെന്ന് യുഎസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ ദ പെന്റഗണ്‍ അറിയിച്ചിരുന്നു. തങ്ങളുടെ സൈനികസേനയെ ഇസ്രയേലില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് ടെഹ്‌റാന്‍ യുഎസിന് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം ശക്തമാക്കുന്നതിനാണ് വിന്യാസം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

യുദ്ധം ഒഴിവാക്കാനുള്ള വ്യാപക നയതന്ത്ര ശ്രമങ്ങള്‍ക്കിടെയാണ് ഇസ്രയേലിന് അമേരിക്കയുടെ പുതിയ പ്രതിരോധ സംവിധാനം. ഇത് പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ ആളിക്കത്തിക്കാനുള്ള സാധ്യതയാണുണ്ടാക്കുന്നത്.

ഇസ്രയേലിന്റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനും ഇറാന്റെ ആക്രമണങ്ങളില്‍ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുന്നതിനും സമീപ മാസങ്ങളില്‍ യുഎസ് സൈന്യം വരുത്തിയ വിപുലമായ ക്രമീകരണങ്ങളുടെ ഭാഗമാണിതെന്ന് പെന്റഗണ്‍ വക്താവ് പാറ്റ് റൈഡര്‍ പറയുന്നു.

ഇസ്രയേലില്‍ യുഎസ് മിസൈല്‍ സംവിധാനങ്ങള്‍ വിന്യസിക്കുക വഴി അമേരിക്ക തങ്ങളുടെ സൈനികരുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാക്കി പ്രതികരിച്ചു.

താഡ് മിസൈല്‍ എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാകും എന്ന് ഉറപ്പായിരിക്കുന്നു. കാരണം അത്ര നിസാരക്കാരനല്ല താഡ് മിസൈല്‍. മിസൈലുകളെ ലക്ഷ്യത്തിലെത്തും മുമ്പ് കണ്ടെത്തി തകര്‍ക്കാന്‍ കഴിയുന്ന അത്യാധുനിക പ്രതിരോധ സംവിധാനമാണ് താഡ്. 1990-കളിലാണ് ഹ്രസ്വ, ഇടത്തരം, ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ രൂപകല്‍പ്പന ചെയ്ത താഡ് വികസിപ്പിച്ചത്. ആദ്യകാല പരീക്ഷണങ്ങള്‍ അത്രകണ്ട് വിജയമായിരുന്നില്ലെങ്കിലും 2000-ല്‍ താഡിനെ ഒരു മൊബൈല്‍ ടാക്ടിക്കല്‍ ആര്‍മി ഫയര്‍ യൂണിറ്റാക്കി വികസിപ്പിക്കാനുള്ള കരാര്‍ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നേടിയത് മുതല്‍ കഥ മാറി. 

2019-ഓടെ, തുടര്‍ച്ചയായി വിജയകരമായ 16 പരീക്ഷണങ്ങള്‍ക്ക് ശേഷം താഡ് എന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ മികവ് ലോകത്തിന് തെളിയിച്ചു. ലോഞ്ചറുകള്‍, മിസൈലുകള്‍, കണ്‍ട്രോള്‍ യൂണിറ്റുകള്‍, ശത്രു മിസൈല്‍ കണ്ടെത്താനുള്ള റഡാര്‍ യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് താഡ്.

ഇസ്രയേല്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക നിലവില്‍ താഡ് നല്‍കിയിട്ടുണ്ട്. 1500 കോടി ഡോളറിനാണ് 2017 ല്‍ സൗദി അറേബ്യ അമേരിക്കയില്‍ നിന്നും താഡ് വാങ്ങാന്‍ കരാറായത്. 2022 ജനുവരി 17-ന്, യുഎഇയെ ലക്ഷ്യമാക്കി കുതിച്ചെത്തിയ ബാലിസ്റ്റിക് മിസൈലിനെ തകര്‍ത്തതായിരുന്നു താഡിന്റെ ആദ്യത്തെ ഇന്റര്‍സെപ്ഷന്‍.

usa missile ballisticmissile iran israel war news