ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത് ; ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുമോ?

ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുമോ? ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത് അതാണ്. ഇറാന്റെ ആക്രമണം ഇസ്രയേലിനെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. ശക്തമായ തിരിച്ചടി നല്‍കും എന്നും വ്യക്തം.

author-image
Rajesh T L
New Update
bomb

ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുമോ? ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത് അതാണ്. ഇറാന്റെ ആക്രമണം ഇസ്രയേലിനെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. ശക്തമായ തിരിച്ചടി നല്‍കും എന്നും വ്യക്തം. എപ്പോള്‍, എങ്ങനെ? അതാണ് ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തുമെന്നാണ് പൊതുവെയുളള വിലയിരുത്തലും ആശങ്കയും. 

എന്നാല്‍, ഇതിനെതിരെ ജോ ബൈഡന്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ഒപ്പമുണ്ടാവില്ലെന്നു അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ എണ്ണപ്പാടങ്ങള്‍ ആക്രമിച്ചുനശിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്. 

അതിനിടയിലാണ്, ഇറാനില്‍ വന്‍ സ്‌ഫോടനം നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ ഏഴിനാണ് സ്‌ഫോടനം നടന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രിയില്‍ സ്‌ഫോടന ശബ്ദത്തിനൊപ്പം ജ്വലനവും ശ്രദ്ധയില്‍പ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍  പറയുന്നു. ഇറാന്റെ ഇസ്ഫഹാന്‍ ന്യൂക്ലിയര്‍ പ്ലാന്റിനു സമീപത്താണ് സ്‌ഫോടനവും വെളിച്ചവും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍, ഇറാന്റെ ന്യൂക്ലിയര്‍ പ്ലാന്റുകള്‍ ആക്രമിച്ചേക്കും എന്ന ആശങ്കയ്ക്കിടയിലാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇറാന്റെ ന്യൂക്ലിയര്‍ പ്ലാന്റ് ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയോ എന്ന സംശയമാണ് ഉയരുന്നത്. 

ഒക്ടോബര്‍ 5 ന്, റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഒരു ഭൂകമ്പം ഇറാനിലുണ്ടായി. ഇറാനിലെ സെംനാന്‍ പ്രവിശ്യയിലാണ് പ്രകമ്പനമുണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ താഴെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍  പറയുന്നത്. മാത്രമല്ല, ഈ പ്രദേശം ഇറാന്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന് സമീപത്തുമാണ്. 

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഒരു തുറന്ന യുദ്ധത്തിന്റെ ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതും ഇറാന്റെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന് തൊട്ടടുത്ത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇറാന്‍ ന്യൂക്ലിയര്‍ ബോംബ് പരീക്ഷിച്ചതാണെന്ന ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. 

ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ ചര്‍ച്ചകള്‍ ഇറാന്‍ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ്. മാത്രമല്ല, പ്രകമ്പനം ഭൂകമ്പം മൂലമല്ല, ന്യൂക്ലിയര്‍ ബോംബ് പരീക്ഷണം മൂലമാണെന്നു അവകാശപ്പെട്ടുകൊണ്ട് നിരവധി വിദഗ്ധര്‍ രംഗത്തുവന്നിട്ടുമുണ്ട്. അല്ലെങ്കില്‍ ട്രെഡിഷണല്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ന്യൂക്ലിയര്‍ പരീക്ഷണം നടത്തിയതായി വരുത്തിതീര്‍ത്തതുമാവാം എന്ന വിലയിരുത്തലും ചിലര്‍ നടത്തുന്നുണ്ട്. 

സമാനമായി 2013 ഫെബ്രുവരിയില്‍ വടക്കന്‍ കൊറിയയില്‍ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. പിന്നീട് ഭൂകമ്പത്തിന്റെ പ്രകമ്പനമല്ലെന്നും വടക്കന്‍ കൊറിയ ന്യൂക്ലിയര്‍ പരീക്ഷം നടത്തിയതാണെന്നും വ്യക്തമായി. അതിനു സമാനമായ സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്ന വിലയിരുത്തലും ഉണ്ട്. 

iran

ഇറാന്റെ ന്യൂക്ലിയര്‍ പരീക്ഷണ ശ്രമങ്ങളെ കുറിച്ചുള്ള ആരോപണം പതിറ്റാണ്ടുകളായി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. ന്യൂക്ലിയര്‍ പരീക്ഷണം നടത്താനുള്ള ശേഷി ഇറാന്‍ കൈവരിച്ചിട്ടുണ്ടോ? ഇസ്രയേലിന്റെ മുന്‍ പ്രധാനമന്ത്രി യഹൂദ് ബാരക്കിന്റെ വാക്കുകള്‍ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇറാന്റെ ന്യൂക്ലിയര്‍ പ്രോഗ്രാം ഏറെ പുരോഗതി പ്രാപിച്ചു കഴിഞ്ഞെന്നാണ് യഹൂദ് ബരക്ക് പറയുന്നത്. അതിനാല്‍, നിലവിലെ സാഹചര്യത്തില്‍ ഏറെ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണിത്. 

അതിനിടെ, ഇറാന്റെ ആയുധ ശേഖരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഇറാന്‍ ഇസ്രയേലിലേക്ക് അയച്ചത് പലതരം മിസൈലുകളാണ്. ഫത്താ, ഗദര്‍, ഇമാദ് തുടങ്ങിയ മിസൈലുകളാണ് ഓപ്പറേഷന്‍ ട്രൂ പ്രോമിസ് എന്നു പേരുള്ള മിസൈലാക്രമണത്തില്‍ ഇറാന്‍ ഉപയോഗിച്ചത്. ഇമാദും ഗദറും മധ്യനിര റേഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ്. 

ഇസ്രയേലിന്റെ പ്രശസ്തമായ അയണ്‍ ഡോം സംവിധാനത്തെ ലക്ഷ്യമിട്ടാണ് ഈ മിസൈലുകള്‍ വന്നത്. എന്നാല്‍  ഇറാന്റെ ആദ്യ ഹൈപ്പര്‍സോണിക് മിസൈലായ ഫത്താഹ് ഇസ്രയേലിന്റെ ആരോ ഡിഫന്‍സ് സംവിധാനത്തെയാണ് ലക്ഷ്യമിട്ടത്. ഫത്താ മിസൈലിന് ഏത് ശത്രു മിസൈല്‍ സംവിധാനത്തെയും  തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ടെന്ന് ഇറാന്‍ മുന്‍പേ അവകാശപ്പെട്ടിരുന്നു. ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്‌സിന്റെ എയ്‌റോസ്‌പേസ് ഫോഴ്‌സ് സ്‌പെഷലിസ്റ്റുകളാണ് ഫത്താ വികസിപ്പിച്ചത്.

മിസൈല്‍ സാങ്കേതികവിദ്യയില്‍ വലിയ ശ്രദ്ധ ഇറാന്‍ നല്‍കുന്നുണ്ട്. മേഖലയിലെ വലിയ ഒരു ശാക്തിക രാജ്യമാകാന്‍ മിസൈലുകള്‍ വലിയ രീതിയില്‍ സഹായകമാകും എന്ന തിരിച്ചറിവാണ് ഇതിനു കാരണം. ഇസ്രയേലില്‍ എവിടെയും ആക്രമണം നടത്താന്‍ കഴിയുന്ന പുതിയ മിസൈല്‍ എന്ന വാദത്തോടെയാണ് ഖൈബര്‍ ബസ്റ്റര്‍ എന്ന മിസൈല്‍ 2022ല്‍ പുറത്തിറക്കിയത്. പൂര്‍ണമായും തദ്ദേശീയമായി ആയിരുന്നു മിസൈലിന്റെ നിര്‍മാണം. മധ്യപൂര്‍വ മേഖലയില്‍ ഏറ്റവും കൂടുതല്‍ മിസൈലുകള്‍ ഉള്ള രാജ്യം ഇറാനാണ്. 20 തരം ബാലിസ്റ്റിക് മിസൈലുകളും മറ്റ് അനവധി ക്രൂയിസ് മിസൈലുകളും ഇതില്‍ ഉള്‍പ്പെടും.

iran israel conflict nuclear power plant nuclear attack