2023 ഒക്ടോബര്‍ 7 ആ ദിവസം ലോക ചരിത്രത്തില്‍ അടയാളപ്പെടുത്തുക തന്നെ ചെയ്യും. കാരണം അന്നാണ് പ്രകോപനമൊന്നുമില്ലാതെ ഹമാസുകാര്‍ ഇസ്രയേലില്‍ ഇരച്ചുകയറി 1200ഓളം ഇസ്രയേലികളെ ക്രൂരമായി കൊന്നൊടുക്കുകയും ഇരുന്നൂറിലധികം പേരെ പിടിച്ചുകൊണ്ടുപോയി ബന്ധികളാക്കുകയും ചെയ്തത്. ഒരിക്കലും ന്യായീകരിക്കാനാകാത്ത ആ തെറ്റിന് പിന്നിലെ ബുദ്ധികേന്ദ്രമായ യഹ്യ സിന്‍വാര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അതും ഇസ്രയേലിന്റെ വൈകാരിക കാര്യങ്ങളെക്കുറിച്ച് നന്നായി പഠിച്ചിരുന്ന സിന്‍വാര്‍ യോംകീപൂര്‍ ദിനവുമായി ബന്ധപ്പെട്ടുതന്നെ ആ കൃത്യം നിര്‍വ്വഹിച്ചത് ഇസ്രയേലികള്‍ക്കെന്നല്ല മനസാക്ഷിയുള്ള ആര്‍ക്കും ക്ഷമിക്കാനാകുന്നതല്ല.... അതിനുള്ള ശിക്ഷ അവര്‍ അനുഭവിച്ചും കഴിഞ്ഞു. ഹമാസ് നേതാക്കളെ ഒന്നൊന്നായി മുച്ചൂടും മുടിക്കാന്‍ ഇസ്രയേലിനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും സാധിച്ചു. അതിന് അവര്‍ക്ക് ന്യായവുമുണ്ട്.
എന്നാല്‍ ഇതിപ്പോള്‍ യുദ്ധത്തിന്റെ ഗതിതന്നെ മാറി അത് ലോക രാഷ്ട്രങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലിനും ഒരു പക്ഷെ ഒരു മൂന്നാം ലോക മഹായുദ്ധം വരെ ഉണ്ടായേക്കാമെന്ന അവസ്ഥയില്‍ വരെ എത്തി നില്‍ക്കുന്നു....എന്നിട്ടും എന്തുകൊണ്ട് നെതന്യാഹുവിന്റെ പക അടങ്ങുന്നില്ല എന്ന ചോദ്യമുയരുന്നിടത്താണ് നിരവധി ഉത്തരങ്ങള്‍ തേടി പോകേണ്ടത്...
ഹമാസ് നേതാവ് യാഹ്യ സിന്‍വറിനെ ഇസ്രയേല്‍ സേന വധിച്ചപ്പോള്‍ പലരും കരുതിയത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിജയം പ്രഖ്യാപിക്കുമെന്നും സൈനിക നടപടികളുടെ ആക്കം കുറച്ച് വെടിനിര്‍ത്തല്‍, ബന്ധികളുടെ മോചനം തുടങ്ങിയ കരാറുകളിലേയ്ക്കും നീങ്ങുമെന്നാണ്.എന്നാല്‍ ഇപ്പോള്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്തായിരിക്കുകയാണ്.
ഈയടുത്ത നാളുകളില്‍ 75-ാം ജന്മദിനമാഘോഷിച്ച ബെഞ്ചമിന്‍ നെതന്യാഹു എന്ന ഇസ്രയേല്‍ ചരിത്രത്തിലേറ്റവുമധികം കാലം പ്രധാനമന്ത്രിയായിരുന്ന നേതാവ് ഇസ്രയേലിലെ അവരുടെ ഏറ്റവും ദീര്‍ഘമായ യുദ്ധത്തിലേക്ക് നയിക്കുകയാണ്. അന്തരാഷ്ട്ര സഖ്യകക്ഷികളും ഇസ്രയേലിന് അകത്ത് തന്നെയുള്ള ജനാധിപത്യ ശബ്ദങ്ങളും ഈ സംഘര്‍ഷം അവസാനിപ്പിക്കാനായി അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പ്രത്യേകിച്ചും സിന്‍വറിന്റെ കൊലപാതകത്തിന് ശേഷം. അതിന് മുമ്പേ തന്നെ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രല്ലാ അടക്കമുള്ളവരുടെ കൊലപാതകങ്ങളിലൂടെ ഇസ്രയേല്‍ സുപ്രധാനമായ സൈനിക വിജയം നേടിരുന്നു. ഇതിനെല്ലാം ശേഷവും വെടിനിര്‍ത്തലിലേയ്ക്ക് നീങ്ങുന്നതിന് പകരം, നെതന്യാഹു യുദ്ധം തുടരുകയാണ്. അതുകൊണ്ട് തന്നെ എന്താണ് അദ്ദേഹത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ആര്‍ക്കും സംശയമുണ്ടാകും.
ഹമാസിനേയും ഹിസ്ബുള്ളയേയും ഇല്ലാതാക്കുക എന്നതിനപ്പുറം ലക്ഷ്യങ്ങള്‍ നെതന്യാഹുവിനുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ നിന്ന് മനസിലാകുന്നത്. വരും കാലത്തെ ഈ മേഖലയിലെ ശാക്തിക ബലാബലത്തിനായുള്ള അവശ്യ നടപടിയായാണ് നസ്രല്ലയുടെ കൊലപാതകത്തെ നെതന്യാഹു വിശേഷിപ്പിച്ചത്. ഇതാകട്ടെ ഇറാനുമായുള്ള നേരിട്ടുള്ള സംഘര്‍ഷത്തിന്റെ സാധ്യതകളിലേയ്ക്കാണ് വിരല്‍ ചൂണ്ടിയത്. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ശേഷം ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ തീവ്രത വര്‍ദ്ധിച്ചു.
തിരിച്ചടിക്കുമെന്ന് നെതന്യാഹു ഉറപ്പ് പറഞ്ഞിരുന്നുവെങ്കിലും ആഴ്ചകള്‍ക്ക് ശേഷവും പ്രതികരണത്തിനായി ലോകം കാത്തിരിക്കുകയാണ്. ഇറാന്‍ ഒരു ആണവ ശക്തിയാണെന്നും അവരുടെ എണ്ണയുടെ മൂല്യം പ്രധാനമാണെന്നും ചൂണ്ടിക്കാട്ടി സഖ്യകക്ഷികള്‍ ഇസ്രയേലിനെ തടയാനുള്ള ശ്രമം നടത്തുന്നുണ്ട്.
ഇറാന്റെ സ്വന്തം പ്രതിനിധികളായ ഹമാസിനേയും ഹിസ്ബുള്ളയേയും ഇല്ലാതാക്കാനാണ് തന്റെ സൈന്യത്തിന്റെ പദ്ധതിയെന്ന് നെതന്യാഹു നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ ലക്ഷ്യം നിറവേറുക എളുപ്പമല്ല. വടക്കന്‍ ഗസയില്‍ നിന്ന് ഹമാസിനെ ഇല്ലാതാക്കിയെന്നവാശപ്പെട്ട് ഇസ്രയേലി പ്രതിരോധ സേന പലവട്ടം പിന്മാറുകയും ഹമാസിന്റെ പുനരുജ്ജീവനത്തെ തുടര്‍ന്ന് വീണ്ടും തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് കൊണ്ടേയിരിക്കുന്ന ഈ സൈനിക നടപടിയാകട്ടെ സാധാരണക്കാരുടെ ജീവിതം താറുമാറാക്കുകയാണ്. വീണ്ടും വീണ്ടും സര്‍വ്വതും ഉപേക്ഷിച്ച് പ്രയാണം ചെയ്യാന്‍ അവരെ അത് നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കുന്നു.
നെതന്യാഹുവിന്റെ ബീച്ച് ഹൗസിനെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഡ്രോണ്‍ ആക്രമണം അടക്കമുള്ള ഹിസ്ബുള്ളയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഇസ്രയേല്‍ നേരിടുന്ന നിരന്തരമായ ഭീഷണിയെ ആണ് വരച്ച് കാണിക്കുന്നത്. പല സൈനിക വിജയങ്ങള്‍ക്ക് ശേഷവും വെടിനിര്‍ത്തലിനുള്ള നെതന്യാഹുവിന്റെ വിമുഖത ഇസ്രയേലിനകത്ത് വന്‍തോതിലുള്ള രോഷത്തിന് വഴിതെളിച്ചിട്ടുണ്ട്. വലിയ പ്രക്ഷോഭങ്ങളാണ് രാജ്യത്തിനകത്ത് നടക്കുന്നത്. പ്രത്യേകിച്ചും ഹമാസിന്റെ പിടിയിലുള്ള 101 ബന്ദികളുടെ മോചനത്തിന് വെടിനിര്‍ത്തല്‍ വഴിതെളിക്കും എന്നുള്ളതിനാല്‍.
ഇസ്രയേലിന്റെ ചരിത്രത്തില്‍ തന്റേതായൊരു അടയാളം രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് ബഞ്ചമിന്‍ നെതന്യാഹുവെന്ന് പലര്‍ക്കും അറിയാം. നെതന്യാഹുവിന്റെ മുന്‍ ഉപദേശകനായ അവീവ് ബുഷിന്‍സ്‌കി പറയുന്നത് ചരിത്രത്തിന്റെ ഭാഗമാകാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം ആ ബന്ദികളുടെ ഭാവിയെ ബാധിക്കുകയാണ് എന്നാണ്. 'അവരുടെ സുരക്ഷിതമായ മോചനം സാധ്യമാക്കിയില്ലെങ്കില്‍ നെതന്യാഹു പരാജയപ്പെട്ട ഒരാളായി വിലയിരുത്തപ്പെടും'. നെതന്യാഹുവിന്റെ അവസാന നിമിഷത്തെ ഉപാധികളെ തുടര്‍ന്ന് വെടിനിര്‍ത്തലിനുള്ള എല്ലാവഴികളും അടഞ്ഞുവെന്ന് മനസിലാക്കിയാണ് ബുഷിന്‍സ്‌കിയുടെ പ്രതികരണം വന്നത്.
കൂടുതല്‍ കടുത്ത സൈനിക നടപടികള്‍ വേണം എന്നാവശ്യപ്പെടുന്ന തീവ്ര വലത് പക്ഷ ഭരണ സഖ്യത്തിന്റേയും സൈനിക നടപടികളുടെ ആക്കം കുറയ്ക്കണം എന്നാവശ്യപ്പെടുന്ന അന്തരാഷ്ട്ര സഖ്യകള്‍ക്കും ഇടയില്‍ നെതന്യാഹു സങ്കീര്‍ണമായ ഒരു രാഷ്ട്രീയാവസ്ഥയാണ് നേരിടുന്നത്. ഭരണപങ്കാളികളായ സഖ്യകക്ഷികള്‍ക്ക് ഈ മേഖലയിലെ സമ്പൂര്‍ണ നിയന്ത്രണം ഇസ്രയേലിന് തന്നെ വേണം എന്ന നിര്‍ബന്ധമുള്ളതിനാല്‍ ഗസയിലേയോ ലെബണനിലേയോ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ നെതന്യാഹുവിന് കഴിയില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാറുകളിലൂടെയാണ് നെതന്യാഹു ദേശീയ ഐക്യം സാധിച്ചിരുന്നതെങ്കില്‍, നിലവിലുള്ള രാഷ്ട്രീയ ബലതന്ത്രങ്ങള്‍ ഈ പാതയെ സങ്കീര്‍ണമാക്കുകയാണ്. ഒക്ടോബര്‍ എഴിലെ ആക്രമണത്തിലേയ്ക്ക് നയിച്ച ആന്തരിക വീഴ്ചകളെ കുറിച്ച പരസ്യ അന്വേഷണത്തിനുള്ള സാധ്യത ഭീഷണിയായി നിലവിലുണ്ട്. മാത്രമല്ല അഴിമതി കേസുകളിലെ വിചാരണയുടെ രൂപത്തിലുള്ള വെല്ലുവിളിയും നെതന്യാഹുവിന് മുന്നിലുണ്ട്.
ഇതിനെല്ലാം ഉപരി അമേരിക്കയുമായുള്ള ഇസ്രയേലിന്റെ ബന്ധത്തിന് ഇതില്‍ നിര്‍ണായക പങ്കുണ്ട്. ഈ സംഘര്‍ഷം അവസാനിപ്പിക്കണമെന്നുള്ള ഇസ്രയേലിനുള്ള താക്കീതായാണ് യു.എസ്.സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കെന്റെ അടുത്തിടെയുള്ള സന്ദര്‍ശനത്തെ കണക്കാക്കുന്നത്. എന്നാല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിനെ നെതന്യാഹു കൂട്ടാക്കുന്നില്ല. വരാനിരിക്കുന്ന യു.എസ് തിരഞ്ഞെടുപ്പാകട്ടെ കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. വലിയ വിഭാഗം വരുന്ന വോട്ടര്‍മാരെ തങ്ങളില്‍ നിന്ന് അകറ്റാതെ ഗസയിലെ മനുഷ്യാവകാശ പ്രതിസന്ധിയോട് പ്രതികരിക്കാനുള്ള വഴിയാണ് ബൈഡന്‍ ഭരണകൂടം നോക്കുന്നത്. ഇനി തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. കമലാ ഹാരിസാണ് വിജയത്തിലേക്ക് എത്തുന്നതെങ്കില്‍ ഇസ്രയേലിന് നേരെയുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കുമെന്നും ഉറപ്പാണ്.
ഇസ്രയേലിന്റെ രക്ഷാപുരുഷനമായ പ്രധാനമന്ത്രിയെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തുക എന്ന ആഗ്രഹമാണ് നെതന്യാഹുവിനെ നയിക്കുന്നത് എന്ന് തോന്നുന്നു. നെഹന്യാഹു നിര്‍ണായകമായ ഒരു വിജയം കൈവരിക്കുകയാണെങ്കില്‍ അദ്ദേഹം രാജിവച്ച് പ്രോസിക്യൂട്ടര്‍മാരുമായി ഒത്തുതീര്‍പ്പിലെത്തി രാഷ്ട്രീയത്തിന് പുറത്തുള്ള ജീവിതം സുരക്ഷിതമാക്കുമെന്നാണ് വിലയിരുത്തല്‍. ഒരു ക്രിമിനല്‍ എന്ന നിലയില്‍ ചരിത്രം ഓര്‍ത്തിരിക്കുന്നതിന് പകരം ഭീകരതയെ തോല്‍പ്പിച്ച നേതാവ് എന്ന നിലയില്‍ സ്വയം പ്രതിഷ്ഠിക്കാന്‍ അത് നെതന്യാഹുവിന് അവസരം നല്‍കും.
കൂടിക്കുഴഞ്ഞ ഒരു സന്തുലന ശ്രമമാണ് നെതന്യാഹുവിന്റെ ഇപ്പോഴത്തെ തന്ത്രമെന്ന് കാണാം. കലുഷിതമായ ഒരു രാഷ്ട്രീയ സഖ്യത്തിന്റെ താതപര്യങ്ങള്‍ സംരക്ഷിക്കണം, അന്തരാഷ്ട്ര സമ്മര്‍ദ്ദങ്ങളോട് പ്രതികരിക്കണം, അതിനെല്ലാം ഉപരിയായി സ്വന്തം ഭാവി പ്രതിച്ഛായ സംരക്ഷിക്കണം. എന്താണ് നെതന്യാഹു യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് കാലം തെളിയിക്കും...