ബ്രിട്ടീഷ് കൊളോണിയല്‍ മുതലേ സിഖ് വംശജര്‍ കുടിയേറിയ സ്ഥലമാണ് കാനഡ. ഇപ്പോഴും അവിടുത്തെ പ്രബല സമുദായമാണ് സിഖ്.
കാനഡ സിഖുകാരുടെ അമ്മവീട് പോലെയാണ് എന്ന് തമാശ രൂപേണ പലരും പറയാറുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷവും ഈ കുടിയേറ്റം തുടര്‍ന്നു. പഞ്ചാബ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന പല നേതാക്കളും കാനഡയില്‍ നിന്ന് തിരിച്ചുവന്നവര്‍ ആയിരുന്നു.
പല കാലങ്ങളിലായി അങ്ങോട്ട് കുടിയേറിയ സിഖുകാരാണ് ഗദ്ദര്‍ പാര്‍ട്ടിയുടെ നട്ടെല്ല്. സ്വാതന്ത്ര്യ സമര കാലത്ത് ഗദ്ദര്‍ പാര്‍ട്ടിയുടെ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും കാനഡയിലെ സിഖുകാര്‍ നല്‍കിയിരുന്നു.
ഗദ്ദര്‍ പാര്‍ട്ടിയുടെ ശോഷണവും പിന്നീട് ഉയര്‍ന്നു വന്ന അകാലി രാഷ്ട്രീയത്തിനും കാനഡയിലുള്ള മധ്യവര്‍ഗ്ഗ, സമ്പന്നരുടെ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ വലിയൊരു ശതമാനം കനേഡിയന്‍ സിഖുകാര്‍ ഇടതുപക്ഷ വാദികളായിരുന്നു.
ഇന്ത്യയില്‍ ഖാലിസ്ഥാന്‍ ആശയങ്ങള്‍ക്ക് വലിയ തിരിച്ചടി ഉണ്ടായതോടെ ഖാലിസ്ഥാന്‍ അനുകൂലികള്‍ കാനഡ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. കാനഡയിലും ഇന്ത്യയിലും ഇന്നും ഖാലിസ്ഥാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടുകള്‍ നല്‍കുന്നത് കാനഡയിലും മറ്റും സ്ഥിരതാമസമാക്കിയ ഖാലിസ്ഥാനികളാണ്. ഇത്തരത്തിലുള്ള പല സംഘടനകളെയും ഇന്ത്യ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി നിരോധിച്ചിട്ടുണ്ടെങ്കിലും പലര്‍ക്കും കാനഡയില്‍ ഒരു നിയന്ത്രണവുമില്ല.
ഒരു വലിയ വോട്ട് ബാങ്കായി ഖാലിസ്ഥാനികള്‍ കാനഡയില്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. ഇത് വളരെ പെട്ടെന്ന് സംഭവിച്ച കാര്യമല്ല. എങ്കിലും ഇപ്പോള്‍ കനേഡിയന്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്താനുള്ള ശക്തിയായി അവര്‍ വളര്‍ന്നുകഴിഞ്ഞു.
2018 ല്‍ കനേഡിയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പബ്ലിക് റിപ്പോര്‍ട്ട് ഓണ്‍ ടെററിസ്റ്റ് ത്രെട്ട് ടു കാനഡ എന്ന റിപ്പോര്‍ട്ടില്‍ ആദ്യമായി ഖാലിസ്ഥാന്‍ ഭീകരവാദത്തെ കുറിച്ച് പരാമര്‍ശം ഉണ്ടായി. എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായി. സര്‍റിയില്‍ നടന്ന ബൈസാഖി ആഘോഷത്തില്‍ ലിബറല്‍ പാര്‍ട്ടിയുടെ ഒരു നേതാവിനെയും അഭിസംബോധന ചെയ്യാന്‍ സമ്മതിക്കില്ല എന്ന് സംഘാടകര്‍ തീരുമാനിച്ചതും നിരവധി ഖാലിസ്ഥാന്‍ സംഘടനകള്‍ പ്രതിഷേധങ്ങള്‍ നടത്തിയതും ട്രൂഡോയെ വല്ലാതെ ഭയപ്പെടുത്തി.
റിപ്പോര്‍ട്ട് പരിഷ്‌കരിച്ചു ഖാലിസ്ഥാന്‍ പരാമര്‍ശം പിന്‍വലിക്കുകയും പുതിയ റിപ്പോര്‍ട്ട് 2019 ല്‍ പ്രസദ്ധീകരിക്കുകയും ചെയ്തു. 2022 ല്‍ ട്രൂഡോ തന്റെ രാഷ്ട്രീയ എതിരാളിയായ ജഗമീത് സിംഗിന്റെ ന്യൂ ഡെമോക്രറ്റിക് പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ടു. ഇനി മൂന്ന് കൊല്ലത്തെ കാലാവധി തികയ്ക്കണമെങ്കില്‍ ലിബറല്‍ പാര്‍ട്ടിയ്ക്ക് എന്‍.ഡി.പിയുടെ പിന്തുണ ആവശ്യമാണ്. കാനഡയില്‍ ഖാലിസ്ഥാന്‍ ഹിതപരിശോധന വേണമെന്നും അത് അന്താരാഷ്ട്ര തലത്തില്‍ സിഖുകാരുടെ അവകാശവുമാണെന്നും പരസ്യമായി വാദിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് എന്‍.ഡി.പി.
ട്രൂഡോ ഇന്ത്യയില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുമ്പോള്‍ സര്‍റിയിലും വാന്‍കോറിലും എന്‍.ഡി.പി ഖാലിസ്ഥാന്‍ അനുകൂല പരിപാടികള്‍ നടത്തുകയും ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവ് ഗുരുപത്വന്ത് സിങ് പന്നും പങ്കെടുത്തു. ഇയാള്‍ മോദിയെയും അമിത് ഷായെയും അജിത് ഡോവലിനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടര്‍ന്നു ഒക്ടോബറില്‍ ഇന്ത്യയുമായി നടക്കേണ്ട ഒരു വ്യാപാര ചര്‍ച്ച കനേഡിയന്‍ സര്‍ക്കാര്‍ റദ്ദാക്കി
ജി 20 ഉച്ചകോടിയില്‍ കാനഡയില്‍ വളര്‍ന്ന് വരുന്ന ഖാലിസ്ഥാന്‍വാദികളെ കുറിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലിമെന്റില്‍ പറഞ്ഞത് നിജ്ജാറിന്റെ കൊലപാതകത്തെ കുറിച്ച് നരേന്ദ്രമോദിയുമായി ഉച്ചകോടിയില്‍ സംസാരിച്ചുവെന്നാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടെങ്കില്‍ അത് ശരിയല്ല എന്നും അന്വേഷണത്തില്‍ ഇന്ത്യയുടെ പൂര്‍ണ സഹകരണം താന്‍ തേടിയെന്നുമാണ് ട്രൂഡോ പറഞ്ഞത്.