ഹിസ്ബുള്ള എന്തുകൊണ്ടാണ് പേജറുകള്‍ ഉപയോഗിക്കുന്നത്? സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇസ്രയേല്‍?

പൊട്ടിത്തെറിച്ച പേജറുകള്‍ പുതിയ മോഡലാണ്  എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലൊക്കേഷനും നീക്കങ്ങളും മറ്റും ഇസ്രയേല്‍ കണ്ടുപിടിക്കുമെന്നതിനാല്‍ ഹിസ്ബുല്ല മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കിയിരുന്നു.

author-image
Rajesh T L
New Update
Lebanon  pager blast update
Listen to this article
0.75x 1x 1.5x
00:00 / 00:00

 

മൊബൈല്‍ ഫോണിന്റെ രാജകീയ വരവോടെ അകാലത്തില്‍ പൊലിഞ്ഞ ഇലക്ട്രോണിക് ആശയ വിനിമയ സംവിധാനമാണ് പേജറുകള്‍. പുതുതലമുറ പേജര്‍ കണ്ടിട്ടുണ്ടാവില്ല. പേജറിലൂടെ എസ്എംഎസ് പോലെ സന്ദേശം കൈമാറാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. ലബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചെന്ന വാര്‍ത്ത വന്നതോടെയാണ് ഈ നിരുപദ്രവകാരിയായ ഉപകരണം വീണ്ടും ചര്‍ച്ചയായത്. 

ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രദേശമായ ദഹിയയിലും കിഴക്കന്‍ ബെക്കാ താഴ്വരയിലുമാണ് സ്‌ഫോടനം നടന്നത്. ഇറാന്റെ പിന്തുണയുള്ള സായുധസംഘടന ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളാണ് ഈ പ്രദേശങ്ങള്‍. ഏകദേശം ഒരു മണിക്കൂര്‍ നേരം സ്‌ഫോടനങ്ങള്‍ തുടര്‍ന്നു. 

നൂറുകണക്കിനു പേജറുകള്‍ പൊട്ടിത്തെറിച്ചതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എസ്എംഎസ് പോലെ സന്ദേശം മാത്രം കൈമാറാന്‍ കഴിയുന്ന പേജറുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്? ഒരു കോള്‍ പോലും വിളിക്കാന്‍ പറ്റില്ല. പേജറില്‍ ഉപയോഗിക്കുന്നവരുടെ ലൊക്കേഷനും മറ്റും കണ്ടുപിടിക്കുക എളുപ്പമല്ല. ഇക്കാരണത്താലാണ് ഹിസ്ബുല്ല പോലുള്ള ഗ്രൂപ്പുകള്‍ ആശയ വിനിമയത്തിന് ഇപ്പോഴും പേജറുകള്‍ ഉപയോഗിക്കുന്നത്. 

പൊട്ടിത്തെറിച്ച പേജറുകള്‍ സമീപ മാസങ്ങളില്‍ ഹിസ്ബുല്ല ഉപയോഗിച്ചു തുടങ്ങിയ പുതിയ മോഡലാണ്  എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലൊക്കേഷനും നീക്കങ്ങളും മറ്റും ഇസ്രയേല്‍ കണ്ടുപിടിക്കുമെന്നതിനാല്‍ ഹിസ്ബുല്ല മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കിയിരുന്നു. മാത്രമല്ല, കുറഞ്ഞ സാങ്കേതികവിദ്യയുള്ള പേജറുകളാണ് ഹിസ്ബുല്ല ഉപയോഗിച്ചിരുന്നതും.

താരതമ്യേന ചെറിയ സ്‌ഫോടനങ്ങളാണ് ഉണ്ടായത്. പേജര്‍ ഉപയോഗിക്കുന്ന വ്യക്തിക്കോ അതിനടുത്തായി നിന്നിരുന്ന വ്യക്തിക്കോ മാത്രമാണ് മരണം സംഭവിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്തത്. വിരലുകള്‍ക്കും പേജര്‍ സൂക്ഷിച്ചിരുന്ന ഭാഗത്തും മറ്റുമാണ് പലര്‍ക്കും പരുക്കേറ്റത്. പേജറിലെ സന്ദേശം വായിച്ചുകൊണ്ടിരുന്നവരുടെ മുഖത്തും പരുക്കേറ്റു. സ്‌ഫോടനങ്ങള്‍ വലിയ നാശനഷ്ടങ്ങള്‍ക്കോ തീപിടിത്തത്തിനോ കാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്‌ഫോടനങ്ങളുടെ കാരണം കണ്ടെത്താന്‍ സുരക്ഷാ, ശാസ്ത്രീയ അന്വേഷണം ആരംഭിച്ചെന്ന് ഹിസ്ബുല്ല അറിയിച്ചു. ബാറ്ററികള്‍ പൊട്ടിത്തെറിച്ചതും അമിത ചൂടും സ്‌ഫോടന കാരണമായി വിലയിരുത്തുന്നുണ്ട്.  എന്നാല്‍ ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകളുടെ ബാറ്ററി ചൂടുപിടിച്ചു പൊട്ടിത്തെറിക്കുന്ന രീതിയില്‍ ഇസ്രയേല്‍ ഹാക്കിങ് നടത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്. പേജറുകള്‍ ഹിസ്ബുല്ലയുടെ കയ്യില്‍ എത്തിക്കുന്നതിന് മുന്‍പ്, വളരെ ചെറിയ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച പേജറുകളെ റേഡിയോ സിഗ്‌നല്‍ ഉപയോഗിച്ചു വിദൂരമായി പ്രവര്‍ത്തിപ്പിച്ചതാകാനും സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

പേജറുകള്‍ തായ്വാനില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്നാണ് റിപ്പോര്‍ട്ട്. ഗോള്‍ഡ് അപ്പോളോ എന്ന കമ്പനിയുടെ പേജറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ഇത്രയും വിപുലമായ രീതിയില്‍ ഒരേസമയം ആക്രമണം നടത്തണമെങ്കില്‍ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്രായേലിന് കിട്ടിയിരിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

ആക്രമണം നടത്തിയത് ഇസ്രായേലാണെങ്കില്‍ അതിനായി അവരുടെ ചാരസംഘടനയായ മൊസാദ്, പേജറുകളുടെ ഉത്പാദന-വിതരണ സമയം മുതലുള്ള ഘട്ടങ്ങളില്‍ തന്നെ ഇടപെട്ടിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവം വലിയ സുരക്ഷാ വീഴ്ചയായാണ് ഹിസ്ബുള്ള കാണുന്നത്. എന്നാല്‍, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അതിനിടെ, പേജറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 200 പേരുടെ നില ഗുരുതരമായി തുടരുന്നു. 

 

israel hezbollah lebanon gaza Mossad agency