ടെൽ അവീവ്: ഗാസയിലെ കുഞ്ഞുങ്ങൾക്ക് പോളിയോ വാക്സിൻ നൽകാനായി ഭാഗിക വെടിനിർത്തലിന് ഇസ്രായേൽ സമ്മതം അറിയിച്ചുവെന്ന് ലോകാരോഗ്യ സംഘടന. കൃത്യമായി വാക്സിനേഷൻ നടക്കാത്തതിനാൽ ഗാസയിൽ രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ വെടിനിർത്തലിനായി ഇസ്രായേലുമായി ചർച്ചകളും നടന്നിരുന്നു. ഇതിനൊടുവിലാണ് ഭാഗിക വെടിനിർത്തലിന് ഇസ്രായേൽ സമ്മതം അറിയിച്ചത്.
മൂന്ന് തവണയായി രാവിലെ ആറ് മണി മുതൽ മൂന്ന് വരെയായിരിക്കും വാക്സിൻ നൽകാനായി വെടിനിർത്തലുണ്ടാവുക. ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് വെടിനിർത്തലുണ്ടാകുമെന്നാണ് വിവരം. ഗാസയിൽ മേഖല തിരിച്ചാവും വെടിനിർത്തൽ പ്രാബല്യത്തിൽ വരികയെന്നും ലോകാരോഗ്യ സംഘടനയുടെ ഗാസയിലെ പ്രതിനിധി റിക്ക് പീപെർകോൺ അറിയിച്ചു. വാക്സിൻ നൽകുന്നതിന് ഇതാണ് ഏറ്റവും നല്ല വഴിയെന്ന് താൻ പറയുന്നില്ല. എന്നാൽ, ഏറ്റവും പ്രായോഗികമായൊരു വഴി ഇത് മാത്രമാണ്. ഇക്കാര്യത്തിൽ ഇസ്രായേലുമായി കരാറുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്ത് വയസ്സിൽ താഴെയുള്ള ഏകദേശം 6.40 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഞായറാഴ്ചക്കുള്ളിൽ വാക്സിൻ നൽകുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഗസ്സയിലെത്തിക്കുമെന്നും ലോകാരോഗ്യ സംഘടന പ്രതിനിധി റിക്ക് പീപെർകോൺ പറഞ്ഞു.നേരത്തെ 25 വർഷത്തിനിടെ ആദ്യമായി ഗാസയിൽ പോളിയോ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാക്സിൻ നൽകിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പടെ മുന്നറിയിപ്പ് നൽകിയത്.