ഇറാനെതിയുള്ള ഇസ്രയേലിന്റെ ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട അമേരിക്കന്‍ രഹസ്യാന്വേഷണ രേഖകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ചാരഉപഗ്രഹങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിക്കുന്ന ദേശീയ ജിയോ സ്പാറ്റല്‍ ഇന്റലിജന്‍സ് ഏജന്‍സി പെന്റഗണിന് കൈമാറിയ അതീവരഹസ്യ സ്വഭാവമുള്ള രണ്ട് റിപ്പോര്‍ട്ടുകളാണ് ചോര്‍ന്നതെന്നാണ് വിവരം.
ഇറാനെതിരേ ഇസ്രയേല്‍ നടത്താനുദ്ദേശിക്കുന്ന പ്രത്യാക്രമണങ്ങളുടെ രൂപരേഖയും അതിനു മുന്നോടിയായി ഇസ്രയേല്‍ സൈന്യം നടത്തുന്ന തയാറെടുപ്പുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ഉപഗ്രഹ ദൃശ്യങ്ങളുമാണ് രേഖകളില്‍ ഉണ്ടായിരുന്നത്. ഇത് ഒക്ടോബര്‍ 15, 16 തീയതികളില്‍ മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിലൂടെ പ്രചരിക്കുകയായിരുന്നു. ഇറാന്‍ അനുകൂല ടെലഗ്രാം ചാനലുകളിലാണ് ഈ റിപ്പോര്‍ട്ടുകള്‍ ആദ്യം പ്രചരിച്ചത്.
'ഇസ്രയേല്‍ വ്യോമസേന ഇറാനെതിരായ ആക്രമണത്തിനുള്ള തയാറെടുപ്പുകള്‍ തുടരുന്നു' എന്ന തലക്കെട്ടിലുള്ള രേഖകളിലൊന്നില്‍ ഇറാനെതിരായ സൈനികനടപടിക്ക് മുന്നോടിയായി ഇസ്രയേല്‍ വ്യോമസേന നടത്തുന്ന തയാറെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങളാണുള്ളത്. തയാറെടുപ്പുകളില്‍ എയര്‍-ടു-എയര്‍ റിഫ്യുവലിങ് ഓപ്പറേഷനുകള്‍, തിരച്ചില്‍ രക്ഷാദൗത്യങ്ങള്‍, ഇറാനിയന്‍ ആക്രമണങ്ങള്‍ പ്രതീക്ഷിച്ച് മിസൈല്‍ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. രണ്ടാമത്തെ രേഖയില്‍ യുദ്ധ സാമഗ്രികളും മറ്റ് സൈനിക സ്വത്തുക്കളും തന്ത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ഇസ്രയേല്‍ ശ്രമങ്ങളാണ് വെളിപ്പെടുത്തുന്നത്.
രേഖകളില്‍ ഇസ്രയേല്‍ സൈനികനീക്കങ്ങളും അഭ്യാസങ്ങളും വിവരിക്കുന്നുണ്ടെങ്കിലും ഇറാനെതിരായ ഇസ്രയേലിന്റെ പദ്ധതികളുടെ മുഴുവന്‍ വ്യാപ്തിയും വെളിപ്പെടുത്തുന്നുണ്ടോ എന്നത് അവ്യക്തമാണ്. രേഖകള്‍ ചോര്‍ന്നത് യുഎസിന് ആശങ്കയുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ചോര്‍ച്ചയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. വിഷയം അതീവ ഗൗരവമായി എടുത്ത പെന്റഗണ്‍ ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്‍ കോഡ് റെഡ് പ്രഖ്യാപിച്ച് ത്രിതല അന്വേഷണത്തിന് രഹസ്യ നിര്‍ദേശം നല്‍കിയതായാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്തായാലും ഇനി ഇറാനെ ആക്രമിക്കാതെ വഴിയില്ലാത്ത അവസ്ഥയിലേക്ക് ഇസ്രയേല്‍ എത്തിയിരിക്കുകയാണ്. അത് ഉറപ്പിക്കുന്നതായിരുന്നു ഹിസ്ബുള്ള കഴിഞ്ഞ ദിവസം നെതന്യാഹുവിന്റെ വീട്ടിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയതും.
ദിവസങ്ങള്‍ക്ക് മുമ്പ് രാത്രി ഇസ്രയേലിലേക്ക് 180-ഓളം ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ തൊടുത്തു വിട്ടതോടെ ഇനി ഏതുനിമിഷവും ഒരു മഹായുദ്ധം ഉണ്ടാവാം എന്ന നിലയായി. യുദ്ധസാധ്യത മുന്നില്‍ കണ്ട് അമേരിക്കന്‍ പ്രസിഡന്‍് ജോ ബൈഡന്‍ നല്‍കിയ മുന്നറിയിപ്പ് ഇറാന്‍ കേട്ടില്ല. തയ്യാറെടുപ്പിലും ആസൂത്രണത്തിലും അഗ്രഗണ്യരായ ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധസംവിധാനമായ അയേണ്‍ ഡോം ഇറാന്‍ അയച്ച 180 ഓളം മിസൈലുകളെ അമേരിക്കയുടെ സഹായത്തോടെ തകര്‍ത്തു.
ചിലത് ലക്ഷ്യം കണ്ടെങ്കിലും ആള്‍നാശം നാമമാത്രമായിരുന്നു. അതിനെക്കാള്‍ അപകടകരമായത് മിസൈല്‍ ആക്രമണത്തിനു മുമ്പ് രണ്ടു തീവ്രവാദികള്‍ സമുദ്രതീര പട്ടണമായ ജാഫയില്‍ തോക്കും കത്തിയും ഉപയോഗിച്ച് നടത്തിയ ആക്രമണമായിരുന്നു. ആറു മരണം, പത്തുപേര്‍ക്ക് പരിക്ക്. ജനങ്ങള്‍ ഭൂരിഭാഗവും ബോംബ് ഷെല്‍ട്ടറുകളിലായിരുന്നു.
മിസൈലുകള്‍ മിക്കതും ലക്ഷ്യം കണ്ടു എന്നാണ് ഇറാന്‍ അവകാശപ്പെട്ടത്. തിരിച്ചടിയുണ്ടായാല്‍ ഇറാന്‍ വീണ്ടും ഇസ്രയേലിനെ ആക്രമിക്കുമെന്ന ഇന്ത്യയിലെ ഇറാന്‍ അംബാസിഡര്‍ ഇറാജ് ഇലാഹി പറഞ്ഞു. ഇസ്രയേല്‍ ഗാസയിലും ലെബനനിലും നടത്തുന്ന രക്തച്ചൊരിച്ചിലില്‍ രോഷാകുലരാണ് ലോകമെന്നും എല്ലാ മനുഷ്യാവകാശ നിയമങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ഇസ്രയേല്‍ ലംഘിക്കുകയാണെന്നും മിസൈല്‍ ആക്രമണത്തിന് ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പിന്തുണയുണ്ടെന്നും ഇലാഹി പറഞ്ഞു.
ഈ നൂറ്റാണ്ടിലെ ഹിറ്റ്ലറാണ് നെതന്യാഹുവെന്ന് അദ്ദേഹം ആരോപിച്ചു. ഇറാന്റെ മിസൈല്‍ ആക്രമണം പരാജയപ്പെട്ടെന്നും അതിന് അവര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഈ ആക്രമണത്തിന് ഇറാന്‍ നിര്‍ബന്ധിതമായതാണെന്നു പറയാം. ഇസ്രയേല്‍ ആക്രമണങ്ങളില്‍ തങ്ങളുടെ പ്രോക്സി സംഘടനകളായ ഹമാസും ഹിസ്ബുള്ളയും തകര്‍ന്നു തരിപ്പണമാവുന്നതും അതിന്റെ തലവന്‍മാരും കമാന്‍ഡര്‍മാരും കൊല്ലപ്പെടുന്നതും ആത്മീയ നേതാവ് അലി ഖമനയിക്ക് അതീവ സുരക്ഷയുള്ള ഒളിത്താവളത്തിലേക്ക് മാറേണ്ടി വന്നതുമൊക്കെ ഇറാനെ പ്രതിരോധത്തിലാക്കി.
ഗാസയിലും ലെബനനിലും നടത്തിയ മാരകമായ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയാണ് മിസൈലാക്രമണം എന്നും ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയെ, ഹിസ്ബുള്ള മേധാവി ഹസന്‍ നസറള്ള, ഒപ്പമുണ്ടായിരുന്ന ഇറാനിയന്‍ ജനറല്‍ നില്‍ഫോറോഷന്‍ തുടങ്ങിയവരെ വധിച്ചതിനുമുള്ള പ്രതികാരമായാണ് മിസൈല്‍ അയച്ചതെന്നുമാണ് ഇറാന്‍ പറയുന്നത്. ഇസ്രയേല്‍ തിരിച്ചടിച്ചാല്‍ അതിനും തങ്ങള്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കുന്നു.