പുടിന്റെ ഭരണത്തിന് അന്ത്യം കുറിച്ച് റഷ്യയുടെ പ്രസിഡന്റാവുകയാണ് ജീവിതലക്ഷ്യം. അന്താരാഷ്ട്ര ചാനലായ ബി.ബി.സിക്കു മുന്നില്‍ സധൈര്യം റഷ്യന്‍ പ്രസിഡന്റിനെതിരേ സംസാരിച്ചത് ഒരു സ്ത്രീയാണ്. പേര് യൂലിയ. ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കും. പുടിനാണ് എന്റെ രാഷ്ട്രീയ എതിരാളി. എത്രയും പെട്ടെന്ന് പുടിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും യൂലിയ പറയുന്നു. യൂലിയ എന്ന പേര് മാത്രം കേള്‍ക്കുമ്പോള്‍ അവര്‍ ആരെന്ന് ലോകത്തിന് മനസിലാവില്ല. എന്നാല്‍ അവരുടെ മുഴുവന്‍ പേര് യൂലിയ അലക്‌സി നവാല്‍നി എന്നാണെന്ന് അറിയുമ്പോള്‍ മനസിലാവും ആ പെണ്‍പുലിയെ. സൈബീരിയയിലെ ജയിലില്‍ ഏകാന്ത തടവില്‍ കഴിയവെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട, റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശകനെന്ന് പേരെടുത്ത അലക്‌സി നവാല്‍നിയുടെ ഭാര്യ.
ഏറ്റവും കടുത്ത ശിക്ഷക്കു പോലും രണ്ടാഴ്ചത്തെ ഏകാന്ത തടവിലാണ് ആളുകളെ പാര്‍പ്പിക്കാറുള്ളത്. ജയിലില്‍ കഴിയുമ്പോള്‍ അദ്ദേഹം ഒരുപാട് സഹിച്ചു. അലക്‌സി ജയിലില്‍ കഴിഞ്ഞപോലെ പുടിനും തടവറക്കുള്ളിലാകണം. അദ്ദേഹം അനുഭവിച്ചതൊക്കെ പുടിനും നേരിടണം. അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്നും യൂലിയ കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തിനായുള്ള ഭര്‍ത്താവിന്റെ പോരാട്ടം താന്‍ ഏറ്റെടുത്തിരിക്കുകയാണ്, അത് തുടരും. അലക്‌സിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷന്റെ ചുമതല ഇപ്പോള്‍ യൂലിയക്കാണ്. 295 ദിവസമാണ് എന്റെ ഭര്‍ത്താവ് ഏകാന്തതടവില്‍ കഴിഞ്ഞതെന്നും അത് മറക്കാന്‍ ആവില്ലെന്നും അവര്‍ വ്യക്തമാക്കി. നവാല്‍നിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുടിന്‍ ഭരണകൂടം അദ്ദേഹത്തെ ജയിലിലടച്ചത്. 2021ല്‍ നവാല്‍നി വിഷപ്രയോഗത്തെ അതിജീവിച്ചിരുന്നു.പുടിന്‍ അധികാരത്തില്‍ തുടരുന്ന കാലത്തോളും രാജ്യത്തേക്കുള്ള മടക്കം തനിക്ക് സാധ്യമല്ലെന്നുംഇപ്പോള്‍ റഷ്യക്കു പുറത്തുനിന്നാണ് പോരാട്ടമെന്നും യൂലിയ പറയുന്നു. യൂലിയ തിരിച്ചെത്തിയാല്‍ രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ ചേര്‍ത്ത് ജയിലിലടക്കാന്‍ കാത്തിരിക്കുകയാണ് പുടിന്‍ ഭരണകൂടം.
നാല്‍പത്തിയേഴുകാരനായ നവാല്‍നിയെ തീവ്രവാദം ഉള്‍പ്പടെയുള്ള കൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് ജയിലിലടച്ചത്. 2020 ഓഗസ്റ്റില്‍ സൈബീരിയയില്‍നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ബോധരഹിതനായി വീണ നവാല്‍നിക്ക് വിഷപ്രയോഗമേറ്റിട്ടുണ്ടെന്നായിരുന്നു വിദഗ്ധ പരിശോധനയില്‍ വ്യക്തമായത്. വധശ്രമത്തില്‍നിന്ന് രക്ഷപെട്ട നവാല്‍നി ഏറെ നാള്‍ കോമയിലായിരുന്നു. തുടര്‍ന്ന് റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സി ജര്‍മനിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. ആരോഗ്യം വീണ്ടെടുത്ത് 2021ല്‍ നാട്ടില്‍ തിരിച്ചെത്തിയ നവാല്‍നിയെ ഏറെ വൈകാതെ അറസ്റ്റ് ചെയ്ത് ജയിലിടുകയായിരുന്നു.
2022 ആദ്യം മുതല്‍ 30 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് നവാല്‍നിയും അനുയായികളും ആരോപിച്ചിരുന്നു. പുടിന്റെ ഏകാധിപത്യ ഭരണത്തെ വിമര്‍ശിച്ചതിന് തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നായിരുന്നു നവാല്‍നിയുടെ ആരോപണം.പിന്നാലെ
രാജ്യത്തിനെതിരേ വിഘടനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീവ്രവാദ സംഘടനയ്ക്ക് രൂപം നല്‍കുകയും അതിന് ധനസഹായം നല്‍കുകയും ചെയ്‌തെന്ന കുറ്റത്തിന് 19 വര്‍ഷത്തെ തടവ് ശിക്ഷകൂടി റഷ്യന്‍ കോടതി വിധിച്ചിരുന്നു. തുടര്‍ന്നാണ് നവാല്‍നിയെ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റിയത്.