ലോകത്തെ രണ്ടു ശാക്തിക ചേരികളാണ് അമേരിക്കയും റഷ്യയും. ട്രംപ് വീണ്ടും അധികാരത്തില്‍ വരുമ്പോള്‍, റഷ്യയുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ലോകം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷം അനന്തമായി തുടരുന്നു.യുക്രൈനൊപ്പം അമേരിക്ക നിലയിറപ്പിച്ചിട്ടുണ്ട്.
പരോക്ഷമായി യുദ്ധം അമേരിക്കയും റഷ്യയും തമ്മിലാണ്. ഗസ-ഇസ്രയേല്‍ യുദ്ധത്തിലും അമേരിക്കയും റഷ്യയും ഇരുചേരിയില്‍ നില്‍ക്കുന്നു. ഇസ്രയേലുമായി ഇടഞ്ഞുനില്‍ക്കുന്ന ഇറാനെ പരസ്യമായി പിന്തുണയ്ക്കുകയാണ് റഷ്യ. അമേരിക്ക പോലും ഇത്രയും തുറന്ന സമീപനം ഇസ്രയേലിനോട് സ്വീകരിക്കുന്നില്ല.
ഡെമോക്രാറ്റുകളെ പോലെയല്ല റിപ്പബ്ലിക്കന്‍സ്, പ്രത്യേകിച്ച് ട്രംപ്.കര്‍ക്കശ്ശ നിലപാടുകളുടെയും ഭ്രാന്തന്‍ തീരുമാനങ്ങളുടെയും പേരില്‍ കുപ്രസിദ്ധനായ ട്രംപും അതേ നിലപാടുകാരനായ പുടിനും ഇരുഭാഗങ്ങളിലായി നേര്‍ക്കുനേര്‍ വരുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്? റഷ്യ-യുക്രൈന്‍ സംഘര്‍ഷവും ഗസ-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവുമെല്ലാം തീവ്രമാകും എന്നു വിലയിരുത്തുന്നവരുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നെതന്യാഹുവിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും യുദ്ധം തുടരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു ട്രംപ്.
അതിനാല്‍, ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തുമ്പോള്‍, ലോകം ശ്രദ്ധയോടെ കൗതുകത്തോടെ നോക്കുന്നത് എതിര്‍പക്ഷക്കാരനായ പുടിന്റെ പ്രതികരണമാണ്. ഒടുവില്‍ പുടിന്റെ ആദ്യ പ്രതികരണം എത്തി.
ശരിക്കും അമ്പരപ്പിക്കുന്നതാണ് പുടിന്റെ പ്രതികരണം. ധീരന്‍ എന്നാണ് ട്രംപിനെ പുടിന്‍ വിശേഷിപ്പിച്ചത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ധീരനായ ഡോണള്‍ഡ് ട്രംപ് എന്നാണ് പുടിന്റെ വിശേഷണം. മാത്രമല്ല, ട്രംപുമായി ചര്‍ച്ച നടത്താന്‍ താന്‍ തയാറാണെന്നും പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് ലോകത്തെ ഞെട്ടിപ്പിച്ചു.
ഇങ്ങനെയാണ് പുടിന്റെ പ്രതികരണം:
ഞാന്‍ ട്രംപിനെ അഭിനന്ദിക്കുന്നു. അസാധാരണമായ സാഹചര്യങ്ങളിലാണ് ഓരോരുത്തരും അവരവര്‍ എന്താണെന്നു തെളിയിക്കുന്നത്. ഒരു വ്യക്തി സ്വയം വെളിപ്പെടുന്നതും ഇത്തരം സാഹചര്യങ്ങളിലാണ്. വളരെ ശരിയായ രീതിയില്‍, ധൈര്യത്തോടെ ട്രംപ് സ്വയം അത് കാണിച്ചു തന്നു എന്നാണ് തന്റെ അഭിപ്രായം എന്നാണ് പുടിന്റെ ആദ്യ പ്രതികരണം.
പുടിന്റെ ഈ മലക്കം മറിച്ചില്‍ കൗതുകം ഉണ്ടാക്കുന്നതാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഡെമോക്രാറ്റുകളെയാണ് പുടിന്‍ പിന്തുണച്ചത്. ഏറ്റവും മികച്ച സ്ഥാനാര്‍ഥി ആരാണെന്ന് ചോദിച്ചപ്പോള്‍, ജോ ബൈഡനെയും തുടര്‍ന്ന് കമല ഹാരിസിനെയും വൈറ്റ് ഹൗസില്‍ കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു പുട്ടിന്‍ പരസ്യമായി പറഞ്ഞത്. മാത്രമല്ല, 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനെതിരായ ട്രംപിന്റെ പ്രചരണത്തില്‍ റഷ്യ ഇടപെട്ടുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ട്രംപ് തുടങ്ങിയിട്ടേയുള്ളൂ. ഇനി എന്തൊക്കെ സംഭവിക്കുമെന്നു കാത്തിരുന്ന് കാണാം.