അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും ഡൊണാള്‍ഡ് ട്രംപ് എത്തിയിരിക്കുന്നു. ട്രംപ് മേല്‍ക്കൊയ്മ നേടിയ ഉടന്‍ തന്നെ വിപണിയില്‍ അതിന്റെ ഉണര്‍വും കാണിച്ചിരുന്നു. മാത്രമല്ല, ട്രംപ് വിജയിച്ചത് വന്‍ നേട്ടമായി മാറിയത് ക്രിപ്റ്റോ കറന്‍സിക്കാണ്. 24 മണിക്കൂറിനുള്ളില്‍ 84 ലക്ഷം കോടിയുടെ മൂല്യമാണ് ക്രിപ്റ്റോ കറന്‍സിക്ക് ഉയര്‍ന്നത്. ക്രിപ്റ്റോ കറന്‍സിയോട് അനുഭാവം കാട്ടുന്ന വ്യക്തി കൂടിയാണ് ട്രംപ് എന്നതും ഈ നേട്ടത്തിന് കാരണമാണ്. ഡെമോക്രാറ്റുകള്‍ ബിസിസ് വിരുദ്ധരാണെന്നും റിപ്പബ്ലിക്കന്‍മാര്‍, പ്രത്യേകിച്ച് ട്രംപിന്റെ തിരിച്ചുവരവോടെ ക്രിപ്‌റ്റോ കറന്‍സി കുതിക്കുമെന്നാണ് ചില നിക്ഷേപകരുടെ പ്രതീക്ഷ. എന്നാല്‍ വിപണി മാത്രമല്ല... ബൈഡനില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ട്രംപിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ എന്നാണ് വിലയിരുത്തല്‍.
ട്രംപ് തന്റെ ആദ്യ 100 ദിനത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നയങ്ങളെ കുറിച്ചുള്ള സൂചനകള്‍ പുറത്തു വന്നിട്ടുണ്ട്. ഇറക്കുമതി തീരുവ, കുടിയേറ്റ നിയന്ത്രണം, നികുതി നിയന്ത്രണങ്ങള്‍ എന്നിവയില്‍ നിലവിലെ നയങ്ങള്‍ ട്രംപ് തിരുത്തും.
ട്രംപിന്റെ സാമ്പത്തിക അജണ്ടയുടെ പ്രധാന സവിശേഷതകളില്‍ ഒന്ന് നികുതിയിളവുകളാണ്. ഇത് മനസിലാക്കി തന്നെയാണ് ട്രംപിന്റെ വിജയത്തിനു പിന്നാലെ ഓഹരി വിപണയില്‍ ഉണ്ടായ കുതിപ്പ്. സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാനുള്ള ഒരു മാര്‍ഗമായി കണക്കാക്കുന്ന നികുതി ഇളവുകള്‍ക്കൊപ്പം, നിക്ഷേപകര്‍ ട്രംപിന്റെ ഭരണകാലം ബിസിനസ്സ് സൗഹൃദ കാലമായും കാണുന്നുണ്ട്.
അടുത്ത വര്‍ഷം അവസാനിക്കാനിരിക്കുന്ന 2017 ലെ നികുതി ഇളവുകള്‍ നീട്ടാനാണ് തന്റെ രണ്ടാം ടേമില്‍ ട്രംപ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് നികുതികളില്‍ കൂടുതല്‍ ഇളവുകള്‍, ഫെഡറല്‍ നികുതികളില്‍ ഉള്‍പ്പെടുന്ന വ്യക്തിഗത വരുമാനത്തിനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ക്കും നല്‍കുന്ന ഇളവുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പ്രതിനിധി സഭയില്‍ പൂര്‍ണ ആധിപത്യം ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം നികുതി വെട്ടിക്കുറയ്ക്കലുകള്‍ നടപ്പിലാക്കാന്‍ സാധിക്കൂ. സാമ്പത്തിക വിദഗ്ധരായ ജെയ് ബ്രൈസണും മൈക്കല്‍ പുഗ്ലീസും പറയുന്നത്, 'ചില അധിക നികുതി വെട്ടിക്കുറയ്ക്കലുകള്‍ക്ക് സാധ്യതയുണ്ടെന്നാണ്. ഇത്തരം വെട്ടിക്കുറവുകള്‍ ഉണ്ടാവുകയാണെങ്കില്‍ ഈ ദശാബ്ദത്തിന്റെ അവസാന വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് 2026 ലും 2027 ലും സാമ്പത്തിക വളര്‍ച്ചയിലേക്ക് രാജ്യത്തെ നയിക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
എല്ലാ ഇറക്കുമതികള്‍ക്കും 10% മുതല്‍ 20% വരെ തീരുവ ചുമത്താനുള്ള നീക്കമാണ് ട്രംപിനുള്ളത്. ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് അതിലും ഉയര്‍ന്ന തീരുവ ആയിരിക്കും ചുമത്തുക.
അമേരിക്കയിലേക്ക് ഉത്പാദനം കേന്ദ്രീകരിക്കാന്‍ ഉയര്‍ന്ന തീരുവ ബിസിനസുകാരെ പ്രേരിപ്പിക്കുമെന്നാണ് ട്രംപ് വാദിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ പല സാമ്പത്തിക വിദഗ്ധരും സംശയത്തിലാണ്.
നികുതിയിളവുകളും തീരുവകളും ഉള്‍പ്പെടെയുള്ള ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ ദേശീയ കടത്തില്‍ ഗണ്യമായ വര്‍ദ്ധനവിന് കാരണമാകുമെന്നും വിലയിരുത്തലുണ്ട്. ട്രംപിന്റെ നയങ്ങള്‍ അടുത്ത ദശകത്തില്‍ ദേശീയ കടം 7.75 ട്രില്യണ്‍ ഡോളര്‍ കൂട്ടുമെന്നാണ് കമ്മിറ്റി ഫോര്‍ എ റെസ്പോണ്‍സിബിള്‍ ഫെഡറല്‍ ബജറ്റ് കണക്കാക്കുന്നത്. ഇത് സര്‍ക്കാരിന് ഉയര്‍ന്ന കടമെടുപ്പ് ചെലവുകള്‍ക്ക് കാരണമാവുകയും ബോണ്ട് ആദായം വര്‍ദ്ധിപ്പിക്കുന്നതിനും വഴിയൊരുക്കും. ബോണ്ട് ആദായങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച്, സാധാരണയായി 10 വര്‍ഷമായി ട്രഷറികളിലെ ബോണ്ടുകള്‍ക്ക് തുടരുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും ഉയര്‍ത്തും. അതുവഴി ഗാര്‍ഹിക ബജറ്റുകള്‍ കൂടുതല്‍ താളം തെറ്റും.
ട്രംപിന്റെ മറ്റൊരു പ്രധാന നയം മേഖല കുടിയേറ്റമാണ്. യുഎസില്‍ അനധികൃതമായി താമസിക്കുന്ന കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്നായിരുന്നു പ്രചാരണകാലത്ത് അദ്ദേഹം നടത്തിയ പ്രതിജ്ഞ. ഇതു കൂടാതെ നിയമപരമായ കുടിയേറ്റത്തിനും കര്‍ശനമായ പരിധികള്‍ ഏര്‍പ്പെടുത്താനാണ് രണ്ടാം ട്രംപ് സര്‍ക്കാരില്‍ സാധ്യത കാണുന്നത്. അനധികൃത കുടിയേറ്റം കുറയ്ക്കുന്നത് അദ്ദേഹത്തിന്റെ വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുമെങ്കിലും, എല്ലാത്തരം കുടിയേറ്റത്തെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍, അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിസ്‌കാനന്‍ സെന്റര്‍ എന്നിവയുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കുടിയേറ്റം കുറയുന്നത് രാജ്യത്തിന്റെ തൊഴില്‍ ശക്തിയെ ബാധിക്കും എന്നാണ്. അമേരിക്കന്‍ ഇതര തൊഴിലാളികള്‍, അമേരിക്കയുടെ തൊഴില്‍ വിപണിയുടെ നിര്‍ണായക ഭാഗമാണ്, അവരുടെ എണ്ണം പരിമിതപ്പെടുത്തുന്നത് തൊഴില്‍ ക്ഷാമം വര്‍ദ്ധിപ്പിക്കുകയും തൊഴിലാളികള്‍ക്കുള്ള മത്സരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം നയങ്ങള്‍ ഉയര്‍ന്ന തൊഴില്‍ ചെലവിലേക്ക് നയിക്കുമെന്നും മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ച കുറയ്ക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പണപ്പെരുപ്പം കുറയുകയും സമ്പദ്വ്യവസ്ഥ മന്ദഗതിയിലായതിന്റെ സൂചനകള്‍ കാണിക്കുകയും ചെയ്തതോടെ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും, ട്രംപിന്റെ നയങ്ങള്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ഫെഡറല്‍ ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കും. ട്രംപിന്റെ നയങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കാരണം അടുത്ത വര്‍ഷം നിരക്ക് കുറയ്ക്കുന്നതില്‍ അത്ര ആവേശം കാണിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
തന്റെ ആദ്യ ടേമില്‍, ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളെ ട്രംപ് പതിവായി വിമര്‍ശിച്ചിരുന്നു. നിരക്ക് കുറയ്ക്കുന്നതില്‍ സെന്‍ട്രല്‍ ബാങ്കിനെ നിരന്തരം പ്രേരിപ്പിച്ചിരുന്ന പ്രസിഡന്റ്, അദ്ദേഹം തന്നെ നിയമിച്ച ഫെഡറല്‍ ചെയര്‍മാന്‍ ജെറോം പവലുമായി പരസ്യമായി ഏറ്റുമുട്ടല്‍ നടത്തുകയും ചെയ്തിരുന്നു. 2026ല്‍ പവലിന്റെ കാലാവധി തീരുന്നതോടെ ട്രംപിന്റെ രണ്ടാം ടേമില്‍ അദ്ദേഹം ഫെഡറല്‍ റിസര്‍വിനുമേല്‍ വീണ്ടും സ്വാധീനം ചെലുത്താന്‍ ശ്രമിക്കും.
നിലവിലെ വൈസ് ചെയര്‍ മൈക്കല്‍ ബാറിനെയായിരിക്കും ട്രംപ്, പവലിന്റെ പകരക്കാരനാക്കുക. രാഷ്ട്രീയ സമ്മര്‍ദത്തില്‍ നിന്ന് ഒഴിഞ്ഞ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് ഫെഡറല്‍ റിസര്‍വ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും, ട്രംപിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ അനുസരിച്ചാണെങ്കില്‍ അദ്ദേഹം ആ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ വീണ്ടും വെല്ലുവിളിക്കും. ഇത് സെന്‍ട്രല്‍ ബാങ്കിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്ന പ്രവര്‍ത്തിയായിരിക്കും.
നികുതിയിളവുകള്‍, താരിഫുകള്‍, കൂട്ട നാടുകടത്തലുകള്‍, ഇമിഗ്രേഷന്‍ പരിധികള്‍ എന്നിവയുള്‍പ്പെടെ, നിയുക്ത പ്രസിഡന്റ് ട്രംപ് നിര്‍ദ്ദേശിച്ച നയങ്ങള്‍ യുഎസ് സമ്പദ്വ്യവസ്ഥയില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. നികുതി വെട്ടിക്കുറവുകള്‍ ഹ്രസ്വകാല വളര്‍ച്ചയെ ഉത്തേജിപ്പിക്കുമെങ്കിലും, അവ ബജറ്റ് കമ്മി വര്‍ദ്ധിപ്പിക്കുകയും സര്‍ക്കാര്‍ കടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
താരിഫുകള്‍ ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ചെലവ് കൂട്ടും, അതേസമയം കുടിയേറ്റത്തെ അടിച്ചമര്‍ത്തുന്നത് തൊഴില്‍ വിപണിയില്‍ കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. കൂടാതെ, ഫെഡറല്‍ റിസര്‍വിനോട് ട്രംപിന്റെ സമീപനം സെന്‍ട്രല്‍ ബാങ്കിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തും. ഈ നയങ്ങളുടെയെല്ലാം ആത്യന്തിക ആഘാതം അവ നടപ്പാക്കുന്ന രീതിയെയും രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യത്തെയും ആശ്രയിച്ചിരിക്കും, എന്നാല്‍ അവ യുഎസിന്റെ ഭാവി പാതയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാകുമെന്നത് ഉറപ്പാണ്.
മാത്രമല്ല, വളരെയേറെ ഇന്ത്യക്കാര്‍ പ്രയോജനപ്പെടുത്തുന്ന എച്ച്-1ബി വിസ പ്രോഗ്രാമിനെക്കുറിച്ചുളള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. 2022 ല്‍ 77 ശതമാനം എച്ച്-1ബി വിസകളും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്. 3,20,000 അപേക്ഷകളാണ് അംഗീകരിക്കപ്പെട്ടത്.
ട്രംപ് അധികാരമേറുന്നതോടെ ഈ വിസ വിഭാഗത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപ് തന്റെ ആദ്യ ടേമില്‍ കുടിയേറ്റം കര്‍ശനമാക്കാന്‍ തുടര്‍ച്ചയായി നിരവധി നടപടികളാണ് കൊണ്ടുവന്നത്. അമേരിക്കന്‍ തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുന്നില്ലെന്ന വാദത്തോടെ എച്ച്-1ബി വിസ പ്രക്രിയയെ എതിര്‍ക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.
നിയമപരമായ കുടിയേറ്റം പരിമിതപ്പെടുത്തുന്നതിനുള്ള അധിക നടപടികളാണ് ട്രംപ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വാഗ്ദാനം ചെയ്തത്. എച്ച്-1ബി വിസകളുടെ എണ്ണം കുറയ്ക്കുന്നതും കര്‍ശനമായ യോഗ്യതാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതും ട്രംപിന്റെ വാഗ്ദാനങ്ങളില്‍ പെടുന്നു.
അമേരിക്കന്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എച്ച്-1ബി വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നയം സ്വീകരിക്കുന്നത്. എന്നാല്‍ എച്ച്-1ബി വിസ പ്രോഗ്രാം ഏറ്റവും കൂടുതല്‍ വിനിയോഗിക്കുന്ന ടെക് മേഖല പോലുള്ള വ്യവസായങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
അമേരിക്കന്‍ ടെക് കമ്പനികള്‍ കൂടുതലായും ഇന്ത്യ പോലുളള രാജ്യങ്ങളിലെ വിദേശ തൊഴില്‍ വൈദഗ്ധ്യത്തെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. ആമസോണും ഗൂഗിളും പോലുള്ള കമ്പനികള്‍ വിദഗ്ധ തൊഴില്‍ മേഖലയിലെ ഒഴിവുകള്‍ നികത്താന്‍ എച്ച്-1ബി വിസയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കര്‍ശനമായ വിസ നയങ്ങള്‍ മികച്ച ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ കമ്പനികള്‍ക്ക് തടസങ്ങള്‍ സൃഷ്ടിക്കും.
ട്രംപ് ഭരണകൂടം എച്ച്-1ബി വിസകളുടെ കാലാവധി ചുരുക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എച്ച്-1ബി വിസയുടെ ഗണ്യമായ ഒരു ഭാഗം ഇന്ത്യക്കാര്‍ക്കാണ് ലഭിക്കുന്നത് എന്നതിനാല്‍, ഈ നയങ്ങള്‍ കര്‍ശനമാക്കുന്നത് ഇന്ത്യക്ക് ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
എച്ച്-1ബി വിസയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ഐ.ടി പോലുള്ള മേഖലകളിലെ ഇന്ത്യന്‍ പ്രൊഫഷണലുകളുടെ തൊഴില്‍ അവസരങ്ങള്‍ പരിമിതപ്പെടുത്തും. എച്ച്-1ബി വിസയില്‍ നിലവില്‍ യു.എസിലുള്ളവര്‍ക്ക്, അവരുടെ കുടുംബങ്ങളെ കൊണ്ടു വരുന്നതിനും ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാട് തടസമാകാന്‍ ഇടയുണ്ട്.
ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ എച്ച്-1ബി വിസ നടപടികള്‍ കര്‍ശനമാകുമെന്നാണ് കരുതുന്നത്. അതിനാല്‍ എച്ച്-1ബി വിസയ്ക്കായി അപേക്ഷിക്കാനിരിക്കുന്നവര്‍ ട്രംപ് അധികാരമേറ്റ ശേഷം സ്വീകരിക്കുന്ന നടപടികള്‍ നിരീക്ഷിക്കേണ്ടതുണ്ട്.