പശ്ചിമേഷ്യയും യൂറോപ്പും യുദ്ധ ഭീതിയിലാണ്. യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ മാത്രമല്ല, മറ്റു രാജ്യങ്ങളും ആശങ്കയിലാണ്. യുദ്ധം തുടര്‍ന്നാല്‍ ലോകത്തെ മുഴുവന്‍ ബാധിക്കും എന്നുറപ്പാണ്. അവസാനമില്ലാതെ തുടരുന്ന ഈ യുദ്ധം ഇന്ത്യയ്ക്കും ഭീഷണിയാണ്.
ഇന്ത്യയുടെ സൈനിക കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് ആണവ അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മിക്കുന്നതിനും അമേരിക്കയില്‍ നിന്ന് 31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നതിനുമുള്ള സുപ്രധാന കരാറുകള്‍ക്ക് സുരക്ഷാ കാബിനറ്റ് കമ്മിറ്റി അനുമതി നല്‍കിക്കഴിഞ്ഞു. 80,000 കോടി രൂപയുടേതാകും കരാര്‍. നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡ്രോണുകള്‍ വാങ്ങുന്നത്.
വിശാഖപട്ടണത്തെ ഷിപ്പ് ബില്‍ഡിങ് സെന്ററില്‍ രണ്ട് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ ഏകദേശം 45,000 കോടി രൂപയുടേതാണ്. അമേരിക്കന്‍ ജനറല്‍ അറ്റോമിക്സില്‍ നിന്നാണ് 31 ഡ്രോണ്‍ വാങ്ങുക. ഇതിനായി ഇന്ത്യയും അമേരിക്കയും കരാര്‍ ഒപ്പുവയ്ക്കും. കരാര്‍ ഒപ്പുവച്ച് നാലു വര്‍ഷത്തിനു ശേഷം ഡ്രോണുകളുടെ വിതരണം ആരംഭിക്കുമെന്നാണ് പ്രാഥമിക വിവരം.
31 എണ്ണത്തില്‍ നാവികസേനയ്ക്ക് 15 എണ്ണം ലഭിക്കും. കരസേനയ്ക്കും ഇന്ത്യന്‍ വ്യോമസേനയ്ക്കും എട്ടു വീതവും നല്‍കാനാണ് പദ്ധതി. കൂടാതെ ഉത്തര്‍പ്രദേശില്‍ കര, വ്യോമസേനകള്‍ ചേര്‍ന്ന് ഡ്രോണുകള്‍ക്കായി ബേസ് സ്റ്റേഷന്‍ ഒരുക്കാനും പദ്ധതിയുണ്ട്. ജനറല്‍ അറ്റോമിക്സ് നിര്‍മിച്ച അമേരിക്കന്‍ ആളില്ലാ വിമാനമാണ് പ്രിഡേറ്റര്‍ ഡ്രോണ്‍.
33 മണിക്കൂര്‍ നിര്‍ത്താതെ പറക്കാന്‍ സാധിക്കുന്ന ഈ ഡ്രോണുകള്‍ക്ക് 2,500 നോട്ടിക്കല്‍ മൈല്‍ വരെ ദൂരത്തില്‍ നിരീക്ഷണം നടത്താന്‍ സാധിക്കും. ഹൈ ആള്‍ട്ടിട്ട്യൂഡ് ലോങ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ വിഭാഗത്തില്‍ പെടുന്ന ഈ ഡ്രോണുകള്‍ വാടകക്കെടുത്ത് 2020 നവംബര്‍ മുതല്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. പ്രിഡേറ്റര്‍ ഡ്രോണുകളുടെ കാര്യക്ഷമതയും ഉപയോഗവും പരീക്ഷിച്ചു ബോധ്യപ്പെട്ട ശേഷമാണ് ഇന്ത്യ പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള കരാറില്‍ എത്തിയിരിക്കുന്നത്.
ഇന്ത്യന്‍ മഹാ സമുദ്രത്തിലാണ് പ്രധാനമായും ഈ ഡ്രോണുകള്‍ ആകാശ നിരീക്ഷണത്തിനായി നാവിക സേന ഉപയോഗിക്കുന്നത്. 2,500 മുതല്‍ 3,000 മൈല്‍ വരെ ദൂരത്തില്‍ നിരീക്ഷണം നടത്താന്‍ സാധിക്കുന്ന ഈ ഡ്രോണുകള്‍ ഇന്ത്യന്‍ നാവിക സേനക്ക് മുതല്‍ക്കൂട്ടാണ്. 40,000 അടി വരെ ഉയരത്തില്‍ പറന്ന് നിരീക്ഷണം നടത്താന്‍ സാധിക്കുന്ന ഡ്രോണുകളാണിത്. ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ ഏതുകോണിലും പരിശോധന നടത്താന്‍ ഈ ഡ്രോണുകള്‍ക്കാവും.