ഇസ്രയേലില്‍ അസാധാരണമായൊരു പ്രതിഷേധം അരങ്ങേറുകയാണ്. ഇസ്രായേലിലെ തീവ്ര ഓര്‍ത്തഡോക്സ് ജൂത വിഭാഗമായ ഹരേദികളാണ് പ്രതിഷേധിക്കുന്നത്.നിര്‍ബന്ധിത സൈനിക സേവനത്തിന് നിയോഗിക്കുന്നതിനെതിരെയാണ് ഹരേദികളുടെ പ്രതിഷേധം.
പ്രത്യേക ആചാരാനുഷ്ഠാനങ്ങളുള്ള വിഭാഗമാണ് ഹരേദി ജൂതന്മാര്‍. ഇസ്രായേല്‍ ജനസംഖ്യയുടെ 13 ശതമാനം ഹരേദികളാണ്.ഈ വിഭാഗത്തില്‍പ്പെട്ട ഏകദേശം 99 ലക്ഷം പേര്‍ നിലവില്‍ സൈനിക സേവനം നടത്തുന്നില്ല.ഇവരുടെ ജീവിതം മതഗ്രന്ഥമായ തോറ പഠിക്കാനായി വിനിയോഗിക്കുകയാണ് ഹരേദികള്‍. അതാണ് അവരുടെ രീതി.ഇതിനെ ചോദ്യം ചെയ്യുകയാണ് നെതന്യാഹു ഭരണകൂടം. ഇതാണ് ഹരേദികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഹരേദി വിഭാഗത്തിലെ 1000 പുരുഷന്‍മാര്‍ക്ക് സൈനിക സേവനത്തിനുള്ള നിര്‍ദേശം ഞായറാഴ്ചയാണ് ലഭിച്ചത്. ഇതോടെയാണ് ഹരേദികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പലയിടത്തും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി.
തെല്‍ അവീവിന് സമീപമുള്ള ബ്നെയ് ബ്രാക്കില്‍ പ്രതിഷേധക്കാര്‍ പ്രധാന ഹൈവേ ഉപരോധിച്ചു.സൈന്യത്തില്‍ ചേരാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.ഈ ഉത്തരവ് തോറയെയും ജൂതമതത്തെയും നശിപ്പിക്കുമെന്നാണ് ഹരേദികള്‍ ആരോപിക്കുന്നത്. ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.
നെതന്യാഹുവുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് പുറത്താക്കിയ പ്രതിരോധ മന്ത്രി യോവ് ഗാലന്റാണ് സൈനിക സേവനത്തിന് നിര്‍ബന്ധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.7000 ഹരേദി ജൂതന്‍മാര്‍ക്കാണ് സൈനിക സേവനത്തിനുള്ള ഉത്തരവ് നല്‍കിയത്.ഇതില്‍ 1000 പേര്‍ക്ക് കഴിഞ്ഞ ദിവസം സൈന്യത്തില്‍ ചേരാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
പുതുതായി ചുമതലയേറ്റ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ഇത് റദ്ദാക്കിയിട്ടില്ല.സൈനിക സേവനം നിരസിക്കുന്നവരുടെ പാസ്പോര്‍ട്ടും ധനസഹായവും റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് ആവശ്യപ്പെട്ടിരുന്നു.ഇതും ഈ വിഭാഗത്തെ പ്രകോപിപ്പിച്ചു.
കഴിഞ്ഞ ജൂണിലാണ് ഹരേദി ജൂതന്‍മാരെയും നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഉള്‍പ്പെടുത്തണമെന്ന വിധി സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. ആ ഘട്ടത്തില്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.അതിഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ഇസ്രയേല്‍. ഇപ്പോള്‍ ലബനാനില്‍ കൂടി കരയാക്രമണം നടത്തുന്നതിനാല്‍ ഇസ്രായേലി സൈന്യത്തില്‍ വലിയ ആള്‍ക്ഷാമമുണ്ട്. കൂടാതെ നിരവധി സൈനികര്‍ പരിക്കേറ്റ് ചികിത്സയിലുമാണ്. ഇതാണ് സൈന്യത്തിലേക്ക് ഹരേദികളെ റിക്രൂട്ട് ചെയ്യാന്‍ കാരണം.
18 വയസ്സിന് മുകളിലുള്ള എല്ലാവരും സൈനിക സേവനം നടത്തണമെന്നാണ് ഇസ്രായേലിലെ നിയമം.പുരുഷന്‍മാര്‍ക്ക് 32 മാസവും സ്ത്രീകള്‍ക്ക് 24 മാസവുമാണ് നിര്‍ബന്ധിത സൈനിക സേവനം.എന്നാല്‍, ഇതില്‍നിന്ന് ഹരേദികളെ ഒഴിവാക്കിയത് ഇസ്രായേലില്‍ പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കവിഷയമാണ്.ഗസ്സ യുദ്ധത്തോടെ ഈ തര്‍ക്കം രൂക്ഷമായി. 21 ശതമാനം വരുന്ന അറബ് ന്യൂനപക്ഷവും സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
ഹരേദി വിഭാഗക്കാരെ നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹരേദി മത പുരോഹിതന്‍ ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക സേവനത്തില്‍ നിന്ന് ഹരേദികളെ ഒഴിവാക്കണം. നിലവില്‍ പഠനം നിര്‍ത്തിയവരെയും സൈന്യത്തിലേക്ക് അയക്കരുത്. ഞങ്ങളെ സൈനിക സേവനത്തിനായി നിര്‍ബന്ധിക്കാനാകില്ല. സര്‍ക്കാറും ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും മത പുരോഹിതന്‍ തുറന്നടിച്ചിരുന്നു.