യുക്രൈനുമായുള്ള യുദ്ധം ശക്തമായി തുടരവേ, നിര്‍ണായക നീക്കവുമായി റഷ്യ. ആശങ്ക ഉയര്‍ത്തി ആണവ മിസൈലുകള്‍ പരീക്ഷിച്ചിരിക്കുകയാണ് റഷ്യ. ഇന്റര്‍കോണ്ടിനെന്റല്‍ എന്ന ബാലിസ്റ്റിക് മിസൈലാണ്
പരീക്ഷിച്ചത്. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. നിരവധി തവണ പരീക്ഷ നടത്തിയതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കരയിലും കടലിലും ആകാശത്തുമായാണ് പരീക്ഷണം നടത്തിയത്. റഷ്യയുടെ വിവിധ പ്രദേശങ്ങളില്‍ ആയിരുന്നു പരീക്ഷണം.വടക്കുപടിഞ്ഞാറന്‍ റഷ്യയിലെ പ്ലെസെറ്റ്‌സ്‌ക് കോസ്‌മോഡ്രോമില്‍ നിന്ന് വളരെ അകലെയുള്ള കിഴക്കന്‍ ഉപദ്വീപായ കംചത്കയിലേക്ക് സീനിവ,ബുലവ ബാലിസ്റ്റിക് മിസൈലുകള്‍ അന്തര്‍വാഹിനികളില്‍ നിന്നാണ് തൊടുത്തുവിട്ടത്.
തന്ത്രപ്രധാനമായ ബോംബര്‍ വിമാനങ്ങളില്‍ നിന്നാണ് ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളും അതിന്റെ സഖ്യരാജ്യങ്ങളും റഷ്യയിലേക്ക് മിസൈലുകള്‍ അയയ്ക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് റഷ്യയുടെ ഈ മിസൈല്‍ പരീക്ഷണം.
റഷ്യയ്ക്ക് നേരെയുള്ള ഭീഷണി വര്‍ദ്ധിച്ചുവരുന്നു. പുതിയ ശത്രുക്കളും വരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് പരീക്ഷണം നടത്തിയതെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ വിശദീകരണം. എന്തിനും തയ്യാറായി റഷ്യ നില്‍ക്കേണ്ടതുണ്ടെന്നും പുടിന്‍ പറഞ്ഞു. ശത്രുക്കളുടെ ഏത് ആക്രമണവും പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലോസോവിന്റെ പ്രതികരണം.
റഷ്യ-യുക്രൈന്‍ യുദ്ധം നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുന്നു. അതിനിടയിലാണ് റഷ്യയുടെ ആണവ മിസൈല്‍ പരീക്ഷണം. റഷ്യയിലേക്ക് ദീര്‍ഘ ദൂര മിസൈലുകള്‍ അയക്കാന്‍ യുകെയും സഖ്യവും യുക്രൈനെ അനുവദിച്ചാല്‍, റഷ്യ തിരിച്ചടിക്കുമെന്ന് പടിഞ്ഞാറാന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പടിഞ്ഞാറന്‍ റഷ്യയിലേക്ക് നോര്‍ത്ത് കൊറിയ സൈന്യത്തെ അയച്ചതായി നാറ്റോ തിങ്കളാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം റഷ്യ നിഷേധിച്ചിട്ടില്ല.
അമേരിക്കയുടേയും നാറ്റോ ശക്തികളുടേയും സഹായത്തോടെ യുക്രൈന്‍ റഷ്യക്ക് നേരേ ആക്രമണം തുടരുകയാണെങ്കില്‍ അതിന് തടയിടാനുള്ള മാര്‍ഗ്ഗങ്ങള്‍ തങ്ങള്‍ ആലോചിച്ചു വരികയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.പാശ്ചാത്യ ശക്തികള്‍ യുക്രൈന് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കിയതായും പുട്ടിന്‍ ആരോപിച്ചിരുന്നു. ശീതയുദ്ധത്തിന് ശേഷം റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മില്‍ ഏറ്റവും അപകടകരമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് റഷ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
യുക്രൈന് ആയുധം നല്‍കിയതിന് ശേഷം റഷ്യയിലേക്ക് കടന്ന് കയറാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് റഷ്യ പല തവണ മുന്നറിയിപ്പും നല്‍കിയിരുന്നു.