മോസ്‌കോ: യുക്രെയ്നെ പിന്തുണയ്‌ക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യ.യുക്രെയ്ൻ പരമ്പരാഗത മിസൈലുകൾ ഉപയോഗിച്ച് ആക്രമണം തുടർന്നാൽ ആണവായുധം ഉപയോഗിക്കുമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഭീഷണി.അമേരിക്ക ഉൾപ്പെടയുള്ള ആണവശക്തികളുടെ പിന്തുണയോടെ യുക്രെയ്ൻ നടത്തുന്ന ആക്രമണങ്ങൾ റഷ്യക്കെതിരെയുള്ള സംയുക്ത ആക്രമണമായി കണക്കാക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റഷ്യക്കെതിരെ പരമ്പരാഗത പാശ്ചാത്യ മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകണോ വേണ്ടയോ എന്ന ചർച്ചകൾ അമേരിക്കയും ബ്രിട്ടനും നടത്തുന്നതിനിടെയാണ് റഷ്യ തങ്ങളുടെ ആണവ നയം മാറ്റുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. റഷ്യയ്‌ക്ക് പുതിയ ഭീഷണികളും അപകടസാധ്യതകളും ഉയർത്തുന്ന അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള സമവാക്യങ്ങൾക്ക് മറുപടിയായാണ് ഈ മാറ്റങ്ങളെന്ന് റഷ്യയുടെ സുരക്ഷാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പുടിൻ പറഞ്ഞു.
റഷ്യക്കോ സഖ്യകക്ഷിയായ ബലാറസിനെതിരെയോ മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെയുള്ള പരമ്പരാഗത ആക്രമണരീതികൾ ഉപയോഗിക്കുകയാണെങ്കിൽ ആണവായുധങ്ങൾ ഉപയോഗിക്കാനുള്ള അവകാശം റഷ്യക്കുണ്ടെന്ന് പുടിൻ പറഞ്ഞു. 2022-ൽ റഷ്യയുടെ ആണവായുധങ്ങളുടെ ഉപയോഗത്തെക്കുറിച്ച് അമേരിക്ക വളരെയധികം ആശങ്കാകുലരായിരുന്നു. അത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് പുടിന് മുന്നറിയിപ്പ് നൽകിയിരുന്നതായി സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി ഡയറക്ടർ ബിൽ ബേൺസ് പറഞ്ഞു.