കാരക്കാസ്: വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോണ്‍സാലസ് രാജ്യം വിട്ട് സ്‌പെയിനില്‍ അഭയം തേടി. സ്‌പെയിന്‍ സര്‍ക്കാര്‍ ഗോണ്‍സാലസിന് അഭയം നല്‍കി. ജൂലൈയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പ്രതിപക്ഷം തര്‍ക്കിച്ചതിനെത്തുടര്‍ന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ ഗോണ്‍സാലസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഭരണപക്ഷ പാര്‍ട്ടിയായ നാഷനല്‍ ഇലക്ടറല്‍ കൗണ്‍സില്‍ നിക്കോളാസ് മദുറോയെ വിജയിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. രാജ്യം വിട്ട അദ്ദേഹം സ്‌പെയിനില്‍ രാഷ്ട്രീയാഭയം തേടി. ജൂലൈ 30 മുതല്‍ ഒളിവിലായിരുന്നു ഗോണ്‍സാലസ്.
പ്രധാന പ്രതിപക്ഷ സഖ്യം സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുന്നതുവരെ ഗോണ്‍സാലസിന് മതിയായ സ്ഥാനം ഉണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയെ മത്സരിക്കുന്നതില്‍നിന്ന് വിലക്കിയതിനെ തുടര്‍ന്ന് അവസാന നിമിഷമാണ് ഗോണ്‍സാലസിന് അവസരം ലഭിച്ചത്.
52% വോട്ടുകള്‍ നേടിയ മദൂറോയെ വിജയിയായി പ്രഖ്യാപിച്ച സി.എന്‍.ഇയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് ഗോണ്‍സാലസ് പ്രത്യക്ഷപ്പെട്ടു. ഗോണ്‍സാലസിനെതിരെ ഗൂഢാലോചനക്കും വ്യാജരേഖകള്‍ ചമച്ചതിനും അടക്കം ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി.
ഗോണ്‍സാലസ് സ്വന്തം ഇഷ്ടപ്രകാരമാണ് രാജ്യം വിട്ടതെന്നും സ്പാനിഷ് എയര്‍ഫോഴ്‌സ് വിമാനത്തിലാണ് കടന്നതെന്നും സ്‌പെയിനിന്റെ വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ് പറഞ്ഞു. എല്ലാ വെനസ്വേലക്കാരുടെയും രാഷ്ട്രീയ അവകാശങ്ങള്‍ക്ക് സ്‌പെയിന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം വിട്ട് സ്‌പെയിനിലേക്ക് പോയതായി ഗോണ്‍സാലസിന്റെ അഭിഭാഷകന്‍ പ്രസ്താവിച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.