വാഷിങ്ടൺ: റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് നിർത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് റഫയിലെ ഇസ്രായേൽ നീക്കത്തിനെതിരായ യു.എസ് പ്രസിഡന്റിന്റെ രൂക്ഷ വിമർശനം.ഇസ്രായേൽ റഫയിലേക്ക് പോയാൽ ഇസ്രായേലിലേക്കുള്ള അമേരിക്കൻ ആയുധങ്ങളുടെ കയറ്റുമതി നിർത്തുമെന്ന് ജോ ബൈഡൻ ബുധനാഴ്ച പ്രതികരിച്ചു.അതേസമയം, ഇസ്രായേൽ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുമെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു.
റഫയിലെ നിലവിലെ സാഹചര്യത്തിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങിയെന്ന് പറയാനാവില്ല. ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് അവർ പോയിട്ടില്ല. പക്ഷേ, നെതന്യാഹുവിനെയും ഇസ്രായേൽ കാബിനെറ്റിനേയും ഒരു കാര്യം ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ ആക്രമണം നടത്തിയാൽ ഇസ്രായേലിന് യു.എസ് പിന്തുണയുണ്ടാവില്ലെന്നും ജോ ബൈഡൻ പറഞ്ഞു.
നേരത്തെ ഇസ്രായേലിലേക്കുള്ള ആയുധവിതരണം യു.എസ് വൈകിപ്പിച്ചിരുന്നു. യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ ആയുധങ്ങൾ നൽകുന്നത് വൈകിപ്പിച്ച കാര്യം സ്ഥിരീകരിച്ചിരുന്നു. ആയിരക്കണക്കിന് ബോംബുകളാണ് യു.എസ് ഇസ്രായേലിന് നൽകാനിരുന്നത്. ഇതിന്റെ വിതരണമാണ് വൈകിപ്പിച്ചത്. ആയുധ വിതരണം വൈകിപ്പിച്ച യു.എസ് നടപടിയെ ദൗർഭാഗ്യകരമെന്നാണ് ഇസ്രായേൽ വിശേഷിപ്പിച്ചത്.
വെടിനിർത്തൽ കരാറിന് സന്നദ്ധമാണെന്ന് ഹമാസ് അറിയിച്ചിട്ടും കഴിഞ്ഞ ദിവസം ഇസ്രായേൽ റഫയിലേക്ക് കടന്നുകയറിയിരുന്നു. ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ തിങ്കളാഴ്ച രാത്രി ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകൾ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തിരുന്നു.