ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധനചെയ്ത് നിലവിലെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. തിരഞ്ഞെടുപ്പ് വിജയത്തില്‍ കഴിഞ്ഞദിവസം ട്രംപുമായി സംസാരിച്ചെന്നും അദ്ദേഹത്തെ അഭിനന്ദിച്ചെന്നും ബൈഡന്‍ പറഞ്ഞു. സമാധാനപരമായ അധികാരകൈമാറ്റം ഉറപ്പാക്കാന്‍ തന്റെ ഭരണകൂടത്തിന് നിര്‍ദേശം നല്‍കുമെന്ന് അദ്ദേഹത്തിന് ഉറപ്പുനല്‍കിയതായും ബൈഡന്‍ വ്യക്തമാക്കി.
പൗരന്മാര്‍ എന്നനിലയില്‍ ജനങ്ങള്‍ അവരുടെ കടമ നിര്‍വഹിച്ചുകഴിഞ്ഞു. ഇനി പ്രസിഡന്റ് എന്നനിലയില്‍ ഞാന്‍ എന്റെ കടമ നിര്‍വഹിക്കും. സത്യപ്രതിജ്ഞ നിറവേറ്റുകയും ഭരണഘടനയെ മാനിക്കുകയുംചെയ്യും. 2025 ജനുവരി 20-ന് അമേരിക്കയില്‍ സമാധാനപരമായ അധികാരകൈമാറ്റം നടക്കും, ബൈഡന്‍ പറഞ്ഞു.
കഴിഞ്ഞദിവസം വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി സംസാരിച്ചെന്നും വളരെ പ്രചോദനംനല്‍കുന്ന തിരഞ്ഞെടുപ്പ് പ്രചാരണമാണ് അവര്‍ നയിച്ചതെന്നും ബൈഡന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കമലയ്ക്കും അവരുടെ സംഘത്തിനും അഭിമാനിക്കാമെന്നും വൈറ്റ്ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.