ന്യൂയോർക്ക്: യു.എസ്. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനിയായ കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് മുൻ പ്രസിഡൻ്റ് ബരാക് ഒബാമയും മിഷേൽ ഒബാമയും.ഇതോടെ കമലാ ഹാരിസിനെ പിന്തുണക്കുന്നതിൽ നിന്ന് ബരാക് ഒബാമ വിട്ടുനിൽക്കുമോ എന്ന ഊഹോപോഹങ്ങൾക്കാണ് വിരാമമായത്.
ഈ നിർണായക നിമിഷത്തിൽ ആവശ്യമായ കാഴ്ചപ്പാടും സ്വഭാവവും ശക്തിയും കമല ഹാരിസിന് ഉണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്ന് ഒബാമയും മിഷേൽ ഒബാമയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.കമലാ ഹാരിസിനെ ഓർത്ത് അഭിമാനിക്കുന്നുവെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ചരിത്രമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മിഷേൽ ഒബാമ പറഞ്ഞു.
"പ്രസിഡൻ്റ് ജോ ബൈഡന്റെ തീരുമാനവുമായി ഞങ്ങൾ യോജിക്കുന്നു, കമല ഹാരിസിനെ തിരഞ്ഞെടുത്തത് അദ്ദേഹം എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണ്." ഇരുവരും പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു.അതെസമയം കാലിഫോർണിയയുടെ അറ്റോർണി ജനറൽ, യുഎസ് സെനറ്റർ, തുടർന്ന് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിലെ കമലയുടെ മികച്ച പ്രവർത്തനങ്ങളെ കുറിച്ചും ഇരുവരും പരാമർശിച്ചു.
ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാനും അമേരിക്കൻ ജനതയ്ക്ക് എന്താണ് വേണ്ടത് എന്നതിനെ കുറിച്ച് കമല ഹാരിസിന് കൃത്യമായി അറിയാമെന്നതിനെ കുറിച്ച് തങ്ങൾക്ക് സംശയമില്ലെന്നും ഇരുവരും പറഞ്ഞു.വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്ഥാവനയിൽ കമല ഹാരിസ് ബരാക്ക് ഒബാമയും മിഷേൽ ഒബാമയുമായി ഫോണിൽ സംസാരിക്കുന്നതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.പ്രസിഡൻറ് ജോ ബൈഡൻ നോമിനിയായി കമല ഹാരിസിനെ പ്രഖ്യാപിച്ചത് ഇരുവരും സ്വാഗതം ചെയ്തെങ്കിലും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലായിരുന്നു.