വാഷിങ്ടൺ: വീണ്ടും നാക്കുപിഴയിൽ വെട്ടിലായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വാഷിങ്ടണിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് പിന്നാലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ ബൈഡൻ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ വൻ വിവാദമായിരിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ ഉക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെന്നും അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ വൈസ് പ്രസിഡന്റ് ട്രംപ് എന്നുമാണ് ബൈഡൻ വിശേഷിപ്പിച്ചത്.അബദ്ധം മനസിലാക്കിയ ബൈഡൻ പെട്ടെന്ന് തന്നെ തിരുത്തുകയും ചെയ്തു.
'ഇപ്പോൾ ഞാനത് യുക്രെയ്ൻ പ്രസിഡന്റിന് കൈമാറാൻ ആഗ്രഹിക്കുന്നു. പ്രസിഡന്റ് പുടിന്റെ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്.'-എന്നാണ് വാഷിങ്ടണിൽ നടന്ന നാറ്റോ-യുക്രെയ്ൻ യോഗത്തിൽ ബൈഡൻ പറഞ്ഞത്. പെട്ടെന്ന് തന്നെ അബദ്ധം തിരിച്ചറിഞ്ഞ ബൈഡൻ പ്രസിഡന്റ് പുടിനെ പരാജയപ്പെടുത്താൻ പോവുകയാണ് യുക്രെയ്ൻ പ്രസിഡന്റ് എന്ന് തിരുത്തുകയും ചെയ്തു. സെലൻസ്കി പുടിനെ തോൽപിക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൈഡൻ പറയുന്നത് കേട്ട് തൊട്ടടുപ്പ് ചിരിയടക്കാനാകാതെ സെലൻസ്കി നിൽക്കുന്നുണ്ടായിരുന്നു. ഉച്ചകോടിയിൽ പങ്കെടുത്ത മറ്റുനേതാക്കളും ബൈഡന്റെ സംസാരം കേട്ട് കണ്ണുമിഴിച്ചു.പെട്ടെന്ന് തന്നെ അവർ ബൈഡനെ ന്യായീകരിക്കുകയും ചെയ്തു.നാക്കു പിഴ എല്ലാവർക്കും സംഭവിക്കും. എല്ലാവരെയും ശ്രദ്ധിച്ചുനോക്കിയാൽ അത് മനസിലാക്കാൻ സാധിക്കും.-എന്നാണ് ജർമൻ ചാൻസലർ ഒലഫ് ഷൂൾസ് അഭിപ്രായപ്പെട്ടത്. ബൈഡൻ നല്ല ഫോമിലാണ് എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ പറഞ്ഞത്.
തുടർച്ചയായി സംസാരത്തിനിടെ നാക്കുപിഴ സംഭവിക്കുന്ന 81കാരനായ ബൈഡന്റെ മാനസികാരോഗ്യത്തെ കുറിച്ച് നേരത്തേയും ആശങ്കകൾ ഉയർന്നിരുന്നു. രണ്ടാഴ്ച മുമ്പ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിൽ ബൈഡന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. പരാജയസാധ്യത കണക്കിലെടുത്ത് ബൈഡൻ പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിൻമാറണമെന്നാണ് ഡെമോക്രാറ്റിക് പാർട്ടി നേതാക്കളുടെ പോലും അഭിപ്രായം. എന്നാൽ മത്സരത്തിൽ നിന്ന് പിൻമാറില്ലെന്നാണ് ബൈഡൻ പ്രഖ്യാപിച്ചത്.