രണ്ടുദിവസത്തെ സന്ദർശനത്തിനായി പുടിൻ വ്യാഴാഴ്ചയാണ് ചൈനയിലെത്തിയത്. ഉക്രൈയ്ൻ, ഏഷ്യ, ഊർജ്ജം, വ്യാപാരം എന്നിവയെ കുറിച്ച് വിശദമായ ചർച്ചകൾ ഷീയുമായി നടത്താനാണ് പുടിന്റെ ചൈന സന്ദർശനം. പുടിനുമായി നടന്ന ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊർജ്ജസ്വലമാകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ്പിംഗ് വ്യക്തമാക്കി. ചൈന എന്നും റഷ്യയുടെ നല്ല പങ്കാളിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബീജിംഗിന്റെ ഗ്രേറ്റ് ഹാൾ ഒഫ് ദ പീപ്പിളിൽ നടന്ന ചർച്ചയ്ക്ക് ശേഷം റഷ്യ - ചൈന ബന്ധം ശക്തമാണെന്നും അത് നിലനിർത്തുമെന്നും പുടിൻ അഭിപ്രായപ്പെട്ടു. വീണ്ടും പ്രസിഡന്റായി അധികാരമേറ്റത്തിന് ശേഷം ചൈനയിലേക്കാണ് പുടിൻ്റെ ആദ്യ വിദേശസന്ദർശനം. 2030വരെയെങ്കിലും റഷ്യ ഭരിക്കുക പുടിൻന്നായിരിക്കും. തന്റെ മുൻഗണകളും ഷീയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ ദൃഡതയും ലോകത്തിന് മുന്നിൽ വ്യക്തമാക്കുകയാണ് പുടിൻ.
എന്നാൽ പുടിൻ - ഷി ജിൻപിംഗ് കൂടിക്കാഴ്ചയ്ക്ക് ശേഷം ചൈനയ്‌ക്കെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് അമേരിക്ക. യൂറോപ്പുമായും മറ്റ് രാജ്യങ്ങളുമായും ശക്തമായ ബന്ധം നിലനിർത്താൻ ചൈനയ്ക്ക് കഴിയില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ. അതേ സമയം ചൈന റഷ്യ ബന്ധം യൂറോപ്യൻ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുമെന്നും പട്ടേൽ അഭിപ്രായപ്പെട്ടു.