ഭയാനകം! വേവിക്കാത്ത പന്നിയിറച്ചി കഴിച്ചു, പിന്നാലെ പാരസൈറ്റ് ഇൻഫെക്ഷൻ; സി.ടി. സ്കാൻ ചിത്രം പങ്കുവെച്ച് ഡോക്ടർ

എമർജൻസി ഫിസിഷ്യനായ ഡോ. സാം ​ഗാലിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. രോ​ഗസ്ഥിരീകരണം നടത്താമോ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം ആദ്യം ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ രോ​ഗിയെ ബാധിച്ചത് സിസ്റ്റിസിർകോസിസ് എന്ന പാരസൈറ്റ് ഇൻഫെക്ഷനാണെന്നും ഡോക്ടർ കുറിച്ചു

author-image
Vishnupriya
New Update
parasite
Listen to this article
0.75x 1x 1.5x
00:00 / 00:00

ഫ്ലോറി‍ഡ‍: പൂർണമായി വേവിക്കാത്ത പന്നിയിറച്ചി കഴിച്ച് അണുബാധയേറ്റയാളുടെ സി.ടി. സ്കാൻ ചിത്രം പങ്കുവെച്ച് ഡോക്ടർ. ഫ്ലോറി‍ഡ‍ എമർജൻസി ഡിപ്പാർട്മെന്റിൽ നിന്നുള്ള ഡോക്ടറാണ് ഭയപ്പെടുത്തുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. വേവിക്കാത്ത പന്നിയിറച്ചി കഴിച്ച രോ​ഗിയുടെ കാലുകളിൽ ​ഗുരുതരമായ രീതിയിൽ പാരസൈറ്റ് ഇൻഫെക്ഷൻ ബാധിച്ചതാണ് സി.ടി. സ്കാനിൽ കാണാൻ കഴിയുന്നത്.

എമർജൻസി ഫിസിഷ്യനായ ഡോ. സാം ​ഗാലിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. രോ​ഗസ്ഥിരീകരണം നടത്താമോ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം ആദ്യം ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ രോ​ഗിയെ ബാധിച്ചത് സിസ്റ്റിസിർകോസിസ് എന്ന പാരസൈറ്റ് ഇൻഫെക്ഷനാണെന്നും ഡോക്ടർ കുറിച്ചു. ടീനിയ സോലിയം എന്ന നാടവിരയിലെ മുട്ടകളിൽ നിന്നാണ് അണുബാധയുണ്ടാകുന്നത്. പന്നിയിറച്ചി നന്നായി വേവിക്കാത്തതുമൂലം അതിലുള്ള നാടവിരയിലെ ലാർവൽ സിസ്റ്റുകൾ ശരീരത്തിലെത്തിയാണ് അണുബാധയുണ്ടാകുന്നത്. പരമാവധി ശുചിത്വം പാലിക്കുക, കൈകൾ വൃത്തിയായി കഴുകുക, വേവിക്കാത്ത പന്നിയിറച്ചി ഒരിക്കലും കഴിക്കാതിരിക്കുക എന്നിവയാണ് അതിൽ പ്രധാനമെന്നും അദ്ദേഹം കുറിക്കുന്നു.

ഇവ ശരീരത്തിലെത്തി അഞ്ചുമുതൽ പന്ത്രണ്ട് ആഴ്ചകൾക്കുള്ളിൽ ദഹനനാളത്തിൽ വച്ചുതന്നെ പൂർണവളർച്ചയെത്തിയ നാടവിരകളായി മാറും. ഇവ പിന്നീട് മുട്ടകൾ ഉത്പാദിപ്പിക്കുകയും മനുഷ്യവിസർജത്തിലൂടെ പുറന്തള്ളുകയും ചെയ്യും. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുക വഴിമാത്രമേ ഇവ സിസ്റ്റിസിർകോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകൂ എന്നും ഡോക്ടർ കുറിക്കുന്നു. ഈ മുട്ടകളിൽ നിന്ന് പിന്നീട് ലാർവകൾ പുറന്തള്ളപ്പെടുകയും അത് കുടൽഭിത്തിയിൽ തുളച്ചുകയറി രക്തപ്രവാഹത്തിലേക്കും ശരീരത്തിന്റെ മറ്റുഭാ​ഗത്തിലേക്കും പ്രവഹിക്കുകയും ചെയ്യും.

ഈ ലാർവകൾ മസ്തിഷ്കത്തിലെത്തി സിസ്റ്റുകൾ രൂപപ്പെടുമ്പോൾ ന്യൂറോസിസ്റ്റിസിർകോസിസ് എന്ന അവസ്ഥയാകുന്നു. തലവേദന, ആശയക്കുഴപ്പം, ചുഴലി തുടങ്ങി പലവിധ നാഡീസംബന്ധമായ രോഗങ്ങൾക്കും ഇത് കാരണമാകാം.

പലപ്പോഴും സിസ്റ്റിസിർകോസിസിന്റെ രോ​ഗസ്ഥിരീകരണം വൈകുന്നതാണ് പ്രധാനവെല്ലുവിളിയെന്നും ഡോ. സാം കുറിക്കുന്നു. പലരും ​ഗുരുതരാവസ്ഥയിലെത്തിയതിനുശേഷമാകും ആശുപത്രികളിലെത്തുക. ഓരോവർഷവും അമ്പതുദശലക്ഷം പേർ ഈ അണുബാധയ്ക്ക് ഇരകളാകുന്നുണ്ടെന്നും അതിൽ 50,000 പേർ മരണപ്പെടുന്നുണ്ട്.

ആന്റി പാരസൈറ്റിക് തെറാപ്പി, സ്റ്റിറോയ്ഡുകൾ, ആന്റി എപിലെപ്റ്റിക്സ്, ശസ്ത്രക്രിയയിലൂടെയുള്ള നീക്കംചെയ്യൽ തുടങ്ങിയവയാണ് പ്രധാന ചികിത്സാരീതികൾ. തുടർന്ന് ഇത്തരം അണുബാധ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മാർ​ഗങ്ങളേക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

parasite florida