ന്യൂയോര്‍ക്ക് :പലസ്തീന് ഐക്യരാഷ്ട്രസഭയില്‍ കൂടുതല്‍ അവകാശങ്ങളും പദവികളും ലഭിക്കും. ഇതു സംബന്ധിച്ച് യുഎന്‍ പൊതുസഭയിലെ വോട്ടെടുപ്പില്‍ പ്രമേയം പാസാക്കി. 143 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തി. അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെ 9 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ക്കുകയും ചെയ്തു.
വര്‍ഷങ്ങളായുള്ള പലസ്തീന്റെ സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ആധുനിക ചരിത്രത്തില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പഴയ പലസ്തീന്‍ ഭൂരിപക്ഷം മുസ്ലീങ്ങളും, പത്തു ശതമാനത്തോളം ക്രിസ്ത്യാനികളും രണ്ടോ മൂന്നോ ശതമാനം മാത്രം ജൂതന്മാരുമുള്ള മേഖലയായിരുന്നു.
ഒന്നാം ലോക മഹായുദ്ധകാലത്ത് ഓട്ടോമെന്‍ സാമ്രാജ്യത്തെ തകര്‍ക്കാന്‍ മതനേതാക്കളുമായി ബ്രിട്ടീഷുകാര്‍ നടത്തിയ ചര്‍ച്ചകളും ഉടമ്പടികളുമാണ് ഇനിയും പരിഹരിക്കാത്ത സംഘര്‍ഷത്തെ പുതിയ പാതയിലേക്ക് നയിച്ചത്. ഓട്ടോമനെ തകര്‍ക്കാന്‍ കൂട്ടുനിന്നാല്‍ പലസ്തീനില്‍ ജൂതര്‍ക്ക് സ്വന്തമായി ഒരു രാജ്യം നല്‍കാമെന്ന് ബ്രിട്ടണ്‍ വാക്കുനല്‍കിയിരുന്നു. ഇതുപോലെ തന്നെ പലസ്തീനെ വിഭജിച്ച് നല്‍കാമെന്ന് അറബ് അധികാര കേന്ദ്രങ്ങള്‍ക്കും ഫ്രഞ്ചുകാര്‍ക്കും അവര്‍ ഒരേസമയം വാക്കു നല്‍കി.
ബ്രിട്ടീഷ് കോളനിയായ പലസ്തീന്‍ മേഖലയില്‍ ജൂതന്മാരേയും ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും ഭിന്നിപ്പിച്ച് ഭരിക്കാനും അവര്‍ തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1947-ല്‍ ഐക്യരാഷ്ട്രസഭ ഇടപെട്ട് പലസ്തീനെ വിഭജിക്കാന്‍ കൊണ്ടുവന്ന ഫോര്‍മുലയാണ് ഇപ്പേപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കിയത്.
പലസ്തീനെ വിഭജിച്ച് ഒരു പ്രദേശത്തെ ജൂതപ്രദേശമാക്കുകയും, മറ്റു ചില പ്രദേശങ്ങളെ പലസ്തീനാക്കി മാറ്റുകയും ജെറുസലേമിനെ അന്താരാഷ്ട്ര നഗരമാക്കി പരിപാലിക്കുകയും ചെയ്യുക എന്നായിരുന്നു ആ ഫോര്‍മുല. ജൂതര്‍ക്ക് ഒന്നിച്ചു കിടക്കുന്ന പ്രദേശമാണ് ലഭിക്കുകയെങ്കില്‍ പലസ്തീന് പലയിടത്തായി ചിതറി കിടക്കുന്ന വെസ്റ്റ് ബാങ്കും ഗാസ സ്ട്രിപ്പുമൊക്കെയായിരുന്നു ലഭിക്കുക.
ജൂതര്‍ക്ക് ഈ ആശയത്തോട് താല്‍പ്പര്യമായിരുന്നു. എന്നാല്‍, പലസ്തീന്‍ അനുകൂല കേന്ദ്രങ്ങള്‍ അതിനെ എതിര്‍ത്തു. പരമ്പരാഗതമായി തങ്ങളുടേതെന്ന് കരുതപ്പെടുന്ന രാജ്യത്തുനിന്നും തങ്ങള്‍ വിഭജിച്ചു നില്‍ക്കേണ്ടി വരുന്നു എന്ന തോന്നല്‍ അവരിലുണ്ടായി. ജറുസലേം എന്ന പ്രദേശം, ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെ പ്രധാനമായ സ്ഥലമാണ്. അതുകൊണ്ടായിരുന്നു യു.എന്‍. അങ്ങനെയൊരു ആശയം കൊണ്ടുവന്നത്.